|    Apr 25 Tue, 2017 2:06 pm
FLASH NEWS

എന്‍ മമ്മൂട്ടിയെ ലീഗ് നേതൃത്വം മറന്നു; അണികള്‍ക്കിടയില്‍ അമര്‍ഷം

Published : 2nd December 2016 | Posted By: SMR

കെല്ലൂര്‍: ജില്ലയിലെ മുസ്‌ലിംലീഗിന്റെ എക്കാലത്തെയും സമുന്നത നേതാക്കളിലൊരാളായിരുന്ന എന്‍ മമ്മൂട്ടിയുടെ ചരമദിനം പോലും ജില്ലാ നേതൃത്വം മറന്നു. പാര്‍ട്ടിയുടെ ജില്ലയിലെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നിട്ടു കൂടി പേരിനു പോലും അനുസ്മരണ പരിപാടി സംഘടിപ്പിക്കാതിരുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. ഏറെക്കാലം മുസ്‌ലിം ലീഗിന്റെ നേതൃനിരയിലുണ്ടായിരുന്നുവെന്നതിലുപരി ദീര്‍ഘകാലം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24നാണ് എന്‍ മമ്മൂട്ടിയുടെ ഒമ്പതാം ചരമദിനം കടന്നുപോയത്. നേതൃത്വത്തിന്റെ നടപടി മുന്‍കാല നേതാക്കളോടുള്ള അവഹേളനമാണെന്നാണ് ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തല്‍. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സിഡ്‌കോ ചെയര്‍മാന്‍, ദീര്‍ഘകാലം മുട്ടില്‍ ഓര്‍ഫനേജിന്റെ ഖജാഞ്ചി എന്നീ പദവികള്‍ വഹിച്ചിരുന്നു. പാര്‍ട്ടിക്കു വേണ്ടി നാലര പതിറ്റാണ്ടിലേറെ ഉശിരും ഊര്‍ജവും നല്‍കിയ നേതാവിനെ മറന്ന നേതൃത്വം എത്രയും വേഗം തെറ്റുതിരുത്തേണ്ടതുണ്ടെന്നു ജില്ലയിലെ പ്രമുഖ ലീഗ് നേതാവ് പ്രതികരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനമെന്നതിലുപരി മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാായിരുന്നു എന്‍ മമ്മൂട്ടി. ടെക്‌സ്ഫഡ് ചെയര്‍മാന്‍, ഹജ്ജ് കമ്മിറ്റി അംഗം, ദീര്‍ഘകാലം അഞ്ചാംമൈല്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. നിറഞ്ഞ ചിരിയുമായി പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം ആദ്യകാല പ്രവര്‍ത്തകര്‍ക്ക് ഇന്നും ആവേശമാണ്. സ്വന്തം നാടായ കെല്ലൂര്‍ അഞ്ചാംമൈല്‍ നിവാസികള്‍ക്കിടയില്‍ രാഷ്ട്രീയത്തിനതീതമായ പിന്തുണ നേടിയെടുക്കാനും എന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day