|    Mar 22 Thu, 2018 6:05 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

എന്‍ എന്‍ പിള്ള നിനവില്‍ വരുമ്പോള്‍

Published : 14th November 2016 | Posted By: SMR

slug-vettum-thiruthumനവംബര്‍ 14. അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ചരമദിനം. നാടകവും നാടകക്കാരും മൂന്നാംതരം പൗരന്മാരായ രാജ്യത്ത് എന്‍ എന്‍ പിള്ള എന്ന നാടകാചാര്യന്റെ ചരമദിനം ആരോര്‍ക്കാന്‍! ‘ഞാന്‍’ പിള്ളയുടെ ആത്മകഥയാണ്. കറന്‍സി നോട്ടുകള്‍ ജനത്തെ വലയ്ക്കാനുള്ള മീഡിയവുമാണെന്നു മനസ്സിലാക്കി മുന്‍പിന്‍നോക്കാതെ പരിഷ്‌കാരങ്ങളില്‍ ഏര്‍പ്പെട്ട ഒരു ഭരണാധികാരിയുടെ നാട്ടില്‍ പിള്ളയുടെ ആത്മകഥയിലെ ഒരംശം വിജ്ഞാനയോഗ്യമാണ്.
”ഉള്ളില്‍ ബാങ്കിന്റെ വാതില്‍ തുറന്നുകിടന്നു. അവിടെ കണ്ട കാഴ്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അഞ്ച്, പത്ത്, നൂറ് തുടങ്ങി പല  വിലയ്ക്കുള്ള കറന്‍സി നോട്ടുകള്‍ കരിയില മാതിരി ചിതറിക്കിടക്കുന്നു. അത്യാര്‍ത്തിക്ക് ആദ്യം അതെല്ലാംകൂടി തൂത്തുവാരിയാലോന്നു തോന്നി… ഞങ്ങള്‍ ഒരു വലിയ മുറിയില്‍ കടന്നു. ഇരുമ്പുപട്ടകള്‍ കൊണ്ട് ബന്ധിച്ച പെട്ടികള്‍ തലങ്ങും വിലങ്ങും കൂടിക്കിടക്കുന്നു. പെട്ടി പിടിച്ചിട്ട് അനങ്ങുന്നേയില്ല. പവന്‍! ആ സുവര്‍ണാശയം അമിട്ടുപോലെ ഞങ്ങളുടെയെല്ലാം തലച്ചോറില്‍ വിരിഞ്ഞു. ഞങ്ങള്‍ ലോറിയില്‍ കയറി മുമ്പോട്ടുപാഞ്ഞതും ലോറി എന്തിലോ ആഞ്ഞുതട്ടി. ഞെട്ടിവിറച്ചു ഞങ്ങള്‍ താവളത്തിലെത്തി. പെട്ടികള്‍ മുറിയിലെത്തിച്ചു. ആദ്യമായി ഭാരം കുറഞ്ഞ പെട്ടി പൊട്ടിച്ചു. നൂറു രൂപയുടെ നൂറു കെട്ട് ബര്‍മീസ് കറന്‍സി…!”
ഐഎന്‍എ പിരിച്ചുവിട്ടതിനു ശേഷമുള്ള ഒരന്തരാളഘട്ടത്തില്‍ പട്ടിണി രൂക്ഷമായി നാവു നീട്ടിയപ്പോള്‍ സുഭാഷ് ബോസിന്റെ സൈനികരായിരുന്ന പിള്ളയും സംഘവും സംഘടിപ്പിച്ച ബാങ്ക് കൊള്ളയുടെ വിശദീകരണമാണ് ഉദ്ധരിച്ചത്. കൊള്ള, കൊല, വ്യഭിചാരം, ഒളിച്ചോട്ടം തുടങ്ങി നാം പറയാനും കേള്‍ക്കാനും അറയ്ക്കുന്ന ഒട്ടേറെ കഥകള്‍ ‘ഞാന്‍’ എന്ന ആത്മകഥ പറയുന്നു. മലയാളത്തിലെ ഒന്നാംകിട എന്നു പ്രശസ്ത നിരൂപകര്‍ വിശേഷിപ്പിച്ച ‘ഞാന്‍’ ക്ലാസിക്കാണ്. പ്രശസ്ത നിരൂപക ഡോ. എം ലീലാവതി പരിഷ്‌കരിച്ച ‘ഞാന്‍’ പ്രഥമ പേജിലെഴുതുന്നു: ”ഈ ‘ഞാന്‍’ കേവല നരനാകുന്നു. കേവല നരനെ അവനിലുള്ള നഗ്നവാനരന്റെ രൂപത്തിലും കാട്ടിത്തരുന്ന ഈ ദര്‍പ്പണം സാഹിത്യവിദ്യയുടെ മാന്ത്രിക ദര്‍പ്പണവുമാകുന്നു.”
ഉവ്വ്, പി കുഞ്ഞിരാമന്‍ നായരുടെ ‘എന്നെ തിരയുന്ന ഞാനും’ എന്‍ എന്‍ പിള്ളയുടെ ‘ഞാനും’ മലയാള ആത്മകഥാ സാഹിത്യത്തിലെ ഉല്‍കൃഷ്ട രചനകളാണ്. ‘പത്രമാപ്പീസിലും വേശ്യാലയത്തിലും’ എന്നൊരു അധ്യായമുണ്ട് ‘ഞാന്‍’ തുറന്നാല്‍: ”കോട്ടയത്തു നിന്ന് ഒളിവില്‍ ചാടി മലയയില്‍ ജോലിയൊന്നും ലഭിക്കാതെ അലയുമ്പോള്‍ ഒരു ദിവസം ഞങ്ങളുടെ ഒരു സുഹൃത്ത് വിശേഷ വര്‍ത്തമാനം അറിയിച്ചു. സിംഗപ്പൂരില്‍ അഡല്‍ഫി ഹോട്ടലിലെ സ്‌റ്റോര്‍കീപ്പറായ ഒരു കെ എസ് പിള്ളയുടെ ഉടമസ്ഥതയില്‍ കേരളബന്ധു എന്നു പേരായി ഒരു മലയാള ദിനപത്രം ആരംഭിച്ചിരിക്കുന്നു. മലബാറുകാരനായ ഒരു അബ്ദുറഹ്മാനാണ് എഡിറ്റര്‍. സബ് എഡിറ്ററായി അബ്ദുല്ല എന്ന ചെറുപ്പക്കാരനുമുണ്ട്. ഒരാളെ കൂടി എടുക്കാന്‍ പിള്ളയ്ക്ക് ആലോചനയുണ്ടത്രേ. പിറ്റേന്നുതന്നെ ഞാന്‍ കെ എസ് പിള്ളയെ കാണണം. എന്റെ ഉള്ളൊന്നു തുള്ളി. ഞാന്‍ ഒറ്റയടിക്ക് ഒരു പത്രത്തിന്റെ സബ് എഡിറ്റര്‍ ആവാനോ? എന്തുകൊണ്ടായിക്കൂടാ? ഭാഗ്യം ഏതു വഴിക്കും വരാം. പക്ഷേ, ആ ഉദ്യോഗത്തിന് ഒരു പ്രത്യേകതയുണ്ട്. കൃത്യമായ ശമ്പളമൊന്നുമില്ല. പത്രത്തിന്റെ ആദായം കൊണ്ട് എഡിറ്റോറിയല്‍ ബോര്‍ഡ് ജീവിച്ചുകൊള്ളണം…” അനുഭവങ്ങളുടെ ചൂടന്‍ വിഭവങ്ങളാണ് പിള്ളയുടെ ആത്മകഥ നിറയെ.
1995 നവംബര്‍ 14നു വാര്‍ധക്യസഹജമായ രോഗപീഡകളാല്‍ മരണപ്പെടും വരെ ഒരു അഗ്നിപര്‍വതമായി, കൊടുങ്കാറ്റായി പിള്ള ജീവിച്ചു. നാടകം പ്രതിസന്ധിയിലായപ്പോള്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രമായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പിള്ള ശോഭിച്ചു ചലച്ചിത്രത്തില്‍.
അഭിനയത്തിനു ദേശീയ അവാര്‍ഡ് നല്‍കി കേന്ദ്രം അംഗീകരിച്ച ദിനം, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരണം കഴിഞ്ഞു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിയില്‍ ഇന്ത്യയിലെമ്പാടുമുള്ള 18 മഹാനടന്മാര്‍ക്കും നാടകകൃത്തുക്കള്‍ക്കും നല്‍കിയ അത്താഴവിരുന്നില്‍ ശ്രീമതി ഗാന്ധി പിള്ളയോട് ഒരാവശ്യം ഉണര്‍ത്തിച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമയും മറ്റും ഇവിടെ ഒരാശയം എന്ന നിലയ്ക്ക് ആരിലും ഉദിക്കാത്ത കാലം: ”മിസ്റ്റര്‍ പിള്ള, അഭിനയം മാത്രം പരിശീലിപ്പിക്കാന്‍ ഒരു കേന്ദ്രം ദക്ഷിണേന്ത്യയില്‍ തുടങ്ങൂ. കേന്ദ്രം സഹായിക്കാം.”
‘താങ്ക്‌യൂ’ പറഞ്ഞ് പിള്ള ഒഴിയുകയായിരുന്നു.
എനിക്ക് വ്യക്തിപരമായി നല്ല അടുപ്പം എന്നു പറഞ്ഞാല്‍ തീരില്ല, ഒരുതരം ഗുരുകുലവാസം അദ്ദേഹത്തോടൊന്നിച്ചുണ്ടായി. നാടകരചനയിലും എഴുത്തില്‍ പൊതുവേയും കൈത്തഴക്കം കിട്ടിയെങ്കിലത് പിള്ളസാറിന്റെ ഉപദേശനിര്‍ദേശങ്ങളിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss