|    Jun 24 Sun, 2018 6:04 pm
FLASH NEWS

എന്‍സിസി കാഡറ്റ് വെടിയേറ്റു മരിച്ച സംഭവം: കേസന്വേഷണം ഇഴയുന്നു

Published : 7th November 2016 | Posted By: SMR

പാനൂര്‍: ഫയറിങ് പരിശീലനത്തിനിടെ എന്‍സിസി കാഡറ്റും കല്ലിക്കണ്ടി എന്‍എഎം കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായിരുന്ന അനസ് (18) വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേസന്വേഷണം രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടും എങ്ങുമെത്തിയില്ല. നീതിക്കായി  അനസിന്റെ പിതാവ് വടകര കുരുളിക്കാട് മംഗലശ്ശേരി കുഞ്ഞമ്മദ് മുട്ടാത്ത വാതിലുകളില്ല.
ഉത്തരവാദികള്‍ക്ക് ശിക്ഷ കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് മാതാപിതാക്കള്‍. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ 2014 സപ്തംബര്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍സിസി ദശദിന ക്യാംപിനിടെ അബദ്ധത്തില്‍ വെടിയേറ്റെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റൊരു കാഡറ്റ് നിറയൊഴിച്ചത് അബദ്ധത്തില്‍ അനസിന്റെ ദേഹത്ത് കൊള്ളുകയായിരുന്നു. ടാര്‍ജറ്റ് പോയിന്റിന് സമീപം നില്‍ക്കുകയായിരുന്ന അനസിന്റെ നെഞ്ചിനു താഴെയാണ് വെടിയേറ്റത്.
വെടിയുണ്ട തുളച്ചുകയറി നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ബംഗളുരുവിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നവംബര്‍ ആറിന് മരണപ്പെട്ടു. പിതാവ് നിരവധി തവണ ഉന്നത പോലിസ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സിഐയാണ് കേസന്വേഷിച്ചത്. അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി ചൂണ്ടിക്കാട്ടി പിതാവ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ചെയ്യുകയുണ്ടായി. ഓണററി ലെഫ്. സുബേദാര്‍ ബിഹാരിലാല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലിസ് എഫ്‌ഐആര്‍ തയാറാക്കിയതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹരജിക്കാരനെ അറിയിച്ചിട്ടില്ലെന്നും ആരോപിക്കുന്നു. ഇതിനിടെ, ബിഹാരിലാലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍,  അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നുമായിരുന്നു ഇക്കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
ക്യാംപിന്റെ ചുമതലക്കാരായ എസ് കെ സൈനി, ബിഹാരി ലാല്‍ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും എന്‍സിസിയുടെ ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ എസ് നന്ദകുമാര്‍ നായരും വിശദീകരണം നല്‍കി. ആര്‍മി ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ പട്ടാള നിയമമാണ് ഇതിനു ബാധകമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയം, കേസന്വേഷണം പൂര്‍ത്തിയായതായി സിഐ ഓഫിസ് അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് പോലിസ്. അതിനിടെ, അനസിന്റെ സഹോദരി ഫരീദയ്ക്ക് സര്‍ക്കാര്‍ ജോലിയെന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനം സഫലമായി. ഇക്കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയങ്കിലും കഴിഞ്ഞ മാസമാണ് വടകര താലൂക്ക് ഓഫിസിലെ റവന്യൂ റിക്കവറി സെക്ഷനിലെ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചത്. അനസിന്റെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി കല്ലിക്കണ്ടി എന്‍എഎം കോളജില്‍ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ കല്ലിക്കണ്ടി  ടൗണില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കും. കോളജില്‍ നിര്‍മിക്കുന്ന അനസ് മെമ്മോറിയല്‍ സ്റ്റുഡന്റ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനവും സ്‌കോളര്‍ഷിപ്പ് വിതരണം, ഇന്റര്‍ കോളിജീയറ്റ് ക്വിസ് മല്‍സരം എന്നിവയും ഇന്നു നടക്കും. ലൈബ്രറിയില്‍ അനസ് മെമ്മോറിയല്‍ ബുക്ക് ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss