|    Aug 23 Wed, 2017 6:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എന്‍സിപി നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്‌

Published : 10th August 2017 | Posted By: fsq

 

കോട്ടയം: അടുത്തിടെ മരണപ്പെട്ട എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെതിരേ എന്‍സിപി നേതാവ് കൊലവിളി നടത്തുന്നതിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി വിജയന്റെ മരണത്തിനു തൊട്ടുമുമ്പ് നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണു പുറത്തായിരിക്കുന്നത്. ഉഴവൂര്‍ വിജയന് അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല തുടങ്ങിയ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസികപീഡനം ഉഴവൂരിന്റെ  പെട്ടന്നുള്ള മരണത്തിന് കാരണമായിട്ടുണ്ടെന്ന തരത്തില്‍ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.  ഇതു സമര്‍ഥിക്കുന്ന തരത്തിലാണ് എന്‍സിപി നേതാവിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് സുല്‍ഫിക്കര്‍ ഉഴവൂരിനെ അധിക്ഷേപിക്കുന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്നും ഉഴവൂര്‍ വിജയനെ മാറ്റുന്നതിനടക്കമുള്ള കാര്യങ്ങളും സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നേതാവുമായുള്ള സംഭാഷണത്തിനു പിന്നാലെ ഉഴവൂര്‍ വിജയനെയും ഇയാള്‍ വിളിച്ചു. ഉഴവൂരിന്റെ ഭാര്യാ സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവേ കായംകുളത്തുള്ള ഒരു സുഹൃത്തിന്റെ ഭവനം സന്ദര്‍ശിച്ചു എന്നതിനെ ചൊല്ലിയാണ് ഈ നേതാവ് ഉഴവൂരിനെ വിളിച്ചത്. സന്ദര്‍ശനത്തില്‍ അതൃപ്തി അറിയിച്ച നേതാവ് തുടര്‍ന്നു നടത്തിയ അസഭ്യവര്‍ഷവും വ്യക്തിപരമായ അധിക്ഷേപവും ഉഴവൂരിനെ തളര്‍ത്തി. വാഹനത്തില്‍ കുഴഞ്ഞു വീണ ഉഴവൂര്‍ വിജയനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ഇക്കാര്യങ്ങളോട് ഉഴവൂരിന്റെ കുടുംബാംഗങ്ങളോ പാര്‍ട്ടി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക