|    Aug 18 Fri, 2017 6:48 am
FLASH NEWS

എന്‍മകജെ പഞ്ചായത്ത് : ഭരണസമിതിക്കെതിരേയുള്ള അവിശ്വാസം ഇന്ന് ചര്‍ച്ചയ്ക്ക്

Published : 8th November 2016 | Posted By: SMR

പെര്‍ള: ബിജെപി ഭരിക്കുന്ന എ ണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അംഗങ്ങ ള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. 17അംഗ ഭരണസമിതിയില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നത്. ലോകബാങ്ക് ഫണ്ടുമായി ബന്ധപ്പെട്ട ആക്ഷേപത്തെ തുടര്‍ന്നാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം അവിശ്വാസത്തിന് അനുകൂലമായി നില്‍ക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം ഒരംഗമുള്ള സിപിഐ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പിന്തുണ ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം സിപിഎം ഏരിയാ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്റെ സാന്നിധ്യത്തില്‍ കാട്ടുകുക്കെ, വാണിനഗര്‍ ലോക്കല്‍ കമ്മിറ്റികളുടെ യോഗം നടന്നിരുന്നു. ഈ യോഗത്തില്‍ അവിശ്വാസത്തെ പിന്തുണക്കാനും പിന്നീട് പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുമ്പോള്‍ അവസരത്തിനൊത്ത് ഉയരാനുമാണ് തീരുമാനിച്ചതെന്നാണ് വിവരം. ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതോട് എല്‍ഡിഎഫിന് അനുകൂല സമീപനമാണുള്ളത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആരാവുമെന്ന കാര്യത്തിലാണ് എല്‍ഡിഎഫില്‍ ആശങ്കയുള്ളത്. ജബ്ബാര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി അടക്കമുള്ളവരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രതിചേര്‍ത്തിരുന്നു. ഇതിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ സിപിഎമ്മിലെ ചിലരുടെ കര്‍ക്കശ നിലപാട് മൂലം അവിശ്വാസത്തെ പിന്തുണക്കേണ്ടെന്ന തീരുമാനമാണ് കൈകൊണ്ടത്. ഇതോടെ സിപിഎമ്മിലെ അതിര്‍ത്തി മേഖലയിലുള്ള മുസ്്‌ലിംകളിലെ ഒരു വിഭാഗം രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. ബിജെപിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാകാത്തതാണ് രാജിഭീഷണിക്ക് കാരണമായത്.  പൈവളിഗെ പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നേരത്തെ യുഡിഎഫ് എല്‍ഡിഎഫിനെ സഹായിച്ചിരുന്നു. തുല്യകക്ഷിനിലയുള്ള പൈവളിഗെയില്‍ യുഡിഎഫ് പിന്തുണയോടെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. ബിജെപിയിലെ രൂപ വാണി ആര്‍ ഭട്ടാണ് എണ്‍മകജെ പഞ്ചായത്ത് പ്രസിഡന്റ്. പുട്ടപ്പയാണ് വൈസ് പ്രസിഡന്റ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക