|    Aug 18 Sat, 2018 10:44 am
Home   >  Editpage  >  Editorial  >  

എന്‍ഡോസള്‍ഫാന്‍: സഭാസമിതിയുടെ ശുപാര്‍ശ

Published : 3rd August 2018 | Posted By: kasim kzm

കാസര്‍കോട് ജില്ലയില്‍ കിഴക്കന്‍ മലയോരമേഖലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ആശ്രിതര്‍ക്കും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിയമനങ്ങളിലും സര്‍ക്കാര്‍ നിയമനങ്ങളിലും തൊഴില്‍ സംവരണത്തിന് ഐഷാ പോറ്റി ചെയര്‍മാനായ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് തൊഴിലെടുക്കാന്‍ ശേഷിയില്ലാത്തപക്ഷം കുടുംബത്തിലെ ഒരംഗത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റുകളില്‍ തേയിലകൊതുകുകളെ നശിപ്പിക്കാനെന്ന പേരില്‍ ഹെലികോപ്റ്ററിലൂടെ അശാസ്ത്രീയരീതിയില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിന്റെ പ്രത്യാഘാതമായിരുന്നു ഈ ദുരന്തം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെസ്റ്റിസൈഡ്‌സ് ഉല്‍പാദിപ്പിച്ച മാരകവിഷം തളിച്ചത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പ്ലാന്റേഷന്‍ കോര്‍പറേഷനാണ്. 1976 മുതല്‍ തുടര്‍ന്നുവന്ന കീടനാശിനിപ്രയോഗം കാരണം വൈകല്യങ്ങളും ജനിതകപ്രശ്‌നങ്ങളുമായി ഒരു തലമുറ കഴിയുകയാണ്. ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്‍ത്തകരും നിരവധി സന്നദ്ധ സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളിലായി നടത്തിയ പോരാട്ടങ്ങളാണ് ദുരിതബാധിതര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരാന്‍ സഹായകമായത്.
എന്‍ഡോസള്‍ഫാന്‍ അന്തര്‍ദേശീയമായി നിരോധിക്കുക, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടായിരുന്നു. 2010ലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ വളരെ ഫലപ്രദമായി. എന്നാല്‍ കമ്മീഷന്റെ ഉത്തരവില്‍ നിര്‍ദേശിച്ച സുപ്രധാനമായ ഒരു കാര്യം, കേന്ദ്രസര്‍ക്കാര്‍ ദുരിതം ബാധിച്ച മേഖലയില്‍ സാന്ത്വന ചികില്‍സയ്ക്കും പുനരധിവാസത്തിനും ആശുപത്രി സ്ഥാപിക്കണമെന്നതായിരുന്നു. അത് നടപ്പാക്കിയിട്ടില്ല. ഈ ആവശ്യമുയര്‍ത്തി ഏതാനും ദിവസം മുമ്പും കാസര്‍കോട്ട് പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും നിയമജ്ഞരും ഒത്തുചേര്‍ന്നിരുന്നു.
കാസര്‍കോട്ട് ഇപ്പോള്‍ മുഴങ്ങുന്ന ആവശ്യം, ദുരിതബാധിതരുടെ പരിചരണത്തിന് സ്ഥായിയായ പരിഹാര സംവിധാനം വേണമെന്നതാണ്. ഇതിന്റെ ഭാഗമാണ് ട്രൈബ്യൂണലും സാന്ത്വന ചികില്‍സ ഉറപ്പാക്കുന്ന ആതുരാലയവും. ഇവ നിലവില്‍വരുന്നതോടെ മാത്രമേ ഏറെ നീണ്ടുനിന്ന സമരത്തിന് സ്ഥായിയായ ശുഭാന്ത്യം കണ്ടുവെന്ന് ആശ്വാസംകൊള്ളാനാവൂ.
ദുരിതബാധിതരുടെ പുനരധിവാസത്തിനും തൊഴിലിനുമായി മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയില്‍ കഴിഞ്ഞ സര്‍ക്കാര്‍ 25 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും തുടര്‍പ്രവര്‍ത്തനം ഇനിയും ചുവപ്പുനാടയിലാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാല്‍ ദുരിതബാധിതര്‍ക്ക് ഏറെ ആഹ്ലാദകരമാവും. സമിതിയുടെ ശുപാര്‍ശ സ്വീകരിക്കാനും ഉടനടി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാരും പ്ലാന്റേഷന്‍ കോര്‍പറേഷനും തയ്യാറാവുകയാണ് നീതിയുടെ താല്‍പര്യം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss