|    Jan 24 Tue, 2017 8:43 am

എന്‍ഡോസള്‍ഫാന്‍ വായ്പ ജപ്തി നടപടികള്‍ക്ക് മൂന്നുമാസത്തേക്ക് മൊറട്ടോറിയം

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ഡോസ ള്‍ഫാന്‍ ദുരിതബാധിതര്‍ ചികില്‍സയ്ക്ക് എടുത്തിട്ടുള്ള ബാങ്ക് വായ്പകളിലുള്ള ജപ്തി നടപടികള്‍ക്ക് ഉത്തരവ് തിയ്യതി മുതല്‍ മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍—മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ റിക്കവറി നിയമം വകുപ്പ് 71 പ്രകാരം ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍നിന്നുമെടുത്തിട്ടുള്ള വായ്പകള്‍ക്ക് ഇതു ബാധകമാണ്.
മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടി ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 വിന്റെ 25 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍—തീരുമാനിച്ചു. ഈ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാന്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. കൊച്ചി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല വഹിക്കേണ്ടയാളെ തിരഞ്ഞെടുക്കാനായി മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തു. റിട്ട. ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിമാരായ എം രാജേന്ദ്രന്‍നായര്‍, ഡി പ്രേമചന്ദ്രന്‍, പി മുരളീധരന്‍ എന്നിവരുടെ പേരുകളാണു ശുപാര്‍ശ ചെയ്തത്. ശബരിമല മണ്ഡല-മകരവിളക്ക് പ്രമാണിച്ച് തീര്‍ത്ഥാടനവുമായി നേരിട്ടു ബന്ധപ്പെടുന്ന ശബരിമലയിലേക്കുള്ള 17 റോഡുകളടക്കം 26 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 8943.54 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളും ഇക്കൂട്ടത്തില്‍പ്പെടും.
പത്തനംതിട്ട റാന്നിയില്‍ ജലവിഭവവകുപ്പിന്റെ കൈവശമുള്ള 74.90 ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കി. ഇവിടെ ഗവണ്‍മെന്റ് ഐടിഐ സ്ഥാപിക്കുന്നതിനു നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വ്യവസായ പരിശീലന വകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു. കോട്ടയം ജില്ലയിലെ മീനച്ചലില്‍ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള 1.82 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാക്കി. ഇവിടെ ആധുനിക ഡ്രൈവര്‍ ടെസ്റ്റിങ് യാഡ് നിര്‍മിക്കുന്നതിനു നിലവിലെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മോട്ടോര്‍ വാഹനവകുപ്പിന് ഉപയോഗാനുമതി മാത്രം നല്‍കാനും തീരുമാനിച്ചു. കൊട്ടാരക്കര കലയപുരം ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങാനുദ്ദേശിക്കുന്ന 184.28 ആര്‍ ഭൂമിയുടെ ആധാര രജിസ്‌ട്രേഷനുള്ള മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പെടെ 13,34,359 രൂപ ഒഴിവാക്കി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക