|    Apr 28 Fri, 2017 11:50 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പിതാവിന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാവുന്നു

Published : 14th November 2016 | Posted By: SMR

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ പിതാവ് കടക്കെണി മൂലം ആത്മഹത്യ ചെയ്ത സംഭവം പ്രതിഷേധം ശക്തമാവുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ ബെളളൂര്‍ പഞ്ചായത്തിലെ കിന്നിങ്കാര്‍ ചിപ്ലു കോട്ടയിലെ ജഗന്നാഥ പൂജാരി (54) യാണ് ഇന്നലെ രാവിലെ വീട്ട് പറമ്പിലെ മരത്തില്‍ കെട്ടി തൂങ്ങി ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്ന് മാത്രമായി രണ്ട് പേരാണ് ജീവനൊടുക്കിയത്. ജന്‍മനാ കണ്ണിന്റെ കാഴ്ച കുറഞ്ഞ രണ്ട് മക്കളുടെ പിതാവാണ് ജഗന്നാഥ പൂജാരി. വാണിനഗര്‍ പിഎച്ച്‌സിയിലെ അറ്റന്‍ഡറായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ പെട്ട ഇയാളുടെ മക്കള്‍ക്ക് വിദഗ്ദ ചികില്‍സയ്ക്കായി ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും നിരവധി പേരില്‍ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനാവാതെ ബുദ്ധിമുട്ടിലായിരുന്നു ജഗന്നാഥ.  ഈ വിഷമത്ത ിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളൊന്നും യഥാസമയം ലഭിക്കുന്നില്ലെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു ജില്ലയില്‍ 11 പഞ്ചായത്തുകളാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇവര്‍ക്ക് വിദഗ്ദ ചികില്‍സയും നഷ്ടപരിഹാരം ന ല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ദുരിതബാധിതര്‍ക്കും ഇപ്പോഴും വിദഗ്ദ ചികില്‍സ ലഭിക്കുന്നില്ല. ദുരിതബാധിതരായ മക്കളുടെ വിദഗ്ദ ചികില്‍സയ്ക്കാക്കായി രക്ഷിതാക്കള്‍ ബാങ്കില്‍ നിന്നും മറ്റും വന്‍ തുകയാണ് വായ്പയെടുത്തിട്ടുള്ളത്. എന്നാല്‍ കടം തിരിച്ച് വീട്ടാനാവാത്തത് പലരെയും  കടകെണിയിലാക്കി. ബാങ്കുകളുടെ  വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം സര്‍ക്കാറിന്റെ വിദഗ്ദ മെഡിക്കല്‍ ക്യാംപുകളും മറ്റും നടക്കാത്തതിനാലും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതിനാലും രോഗികള്‍ ഇപ്പോഴും കടുത്ത ദുരിതത്തിലാണ്. ബെള്ളൂര്‍ പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും വിട്ടുകൊടുക്കില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ജഗന്നാഥ പൂജാരി ജീവനൊടുക്കിയപ്പോള്‍ ബന്ധുക്കള്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് സ്വകാര്യ വാഹനത്തിലായിരുന്നു. ദുരിതബാധിതരുടെ പിതാവ് കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. ആദൂര്‍ എസ്‌ഐയുടെ നേത്യത്യത്തില്‍ ഇന്‍ക്വസ്റ്റ്റ്റ് ചെയ്തു പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day