|    Feb 26 Sun, 2017 6:35 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാവുന്നു

Published : 6th November 2016 | Posted By: SMR

മുള്ളേരിയ: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ശസ്ത്രക്രിയക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആധുനിക രീതിയില്‍ നിര്‍മിച്ച ബഡ്‌സ് സ്‌കൂള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ദിവസമാണ് ഈ വീട്ടമ്മ ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മഹത്യയെ മൂടിവെച്ച് ഇന്നലെ മാത്രം ആശുപത്രിയില്‍ എത്തിച്ചതും വിവാദമായിട്ടുണ്ട്. സിപിഎം ഭരിക്കുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്‍ കലേരിയിലെ പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവി(60)യാണ് ആത്മഹത്യ ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിട്ടും ഇവര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 1200 രൂപ മാത്രമാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശസ്ത്രക്രിയ വേണമെന്നും ഇതിന് 60,000 രൂപ ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് പണമില്ലാത്ത മനോവിഷത്തിലാണ് വീട്ടമ്മ മകന്റെ വീട്ടില്‍ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും യഥാസമയം ലഭിക്കുന്നില്ലെന്നും വിദഗ്ധ ചികില്‍സയും മെഡിക്കല്‍ ക്യാംപുകളും പ്രഹസനമാകുന്നതായും പരാതിയുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ കാസര്‍കോട് ഉക്കിനടുക്കയില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തറക്കല്ലിട്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുകയാണ്. നേരത്തെ ദുരിതബാധിതരെ പരിയാരം മെഡിക്കല്‍ കോളജിലും തലശ്ശേരി കാന്‍സര്‍ സെന്ററിലും മംഗളൂരുവിലെ വിവിധ ആശുപത്രികളിലും എന്‍ഡോസള്‍ഫാന്‍ സെല്‍ ഇടപെട്ട് വിദഗ്ധ ചികില്‍സക്ക് എത്തിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സെല്ലിന്റെ യോഗം പോലും ചേര്‍ന്നിട്ടില്ല. മാത്രവുമല്ല രോഗികള്‍ക്ക് നീതിമെഡിക്കല്‍ സ്‌റ്റോര്‍ വഴി സൗജന്യമായി നല്‍കിയിരുന്ന മരുന്നുകളും ഇപ്പോള്‍ ലഭ്യമല്ല. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നീതി മെഡിക്കല്‍ സ്റ്റോറിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്ന് നല്‍കിയ ഇനത്തില്‍ വന്‍ തുകയാണ് നല്‍കാനുള്ളത്. ഈ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ രോഗികള്‍ക്ക് ഇവിടെ നിന്നും മരുന്നുകള്‍ നല്‍കാറില്ല. രാജീവിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് സ്വകാര്യ വാഹനത്തിലായിരുന്നു. ഇതിന്റെ വാടക നല്‍കാന്‍ പോലും കൂലിവേല ചെയ്യുന്ന മക്കള്‍ക്ക് കഴിവില്ല. ബെള്ളൂര്‍ പഞ്ചായത്തിന് എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സ് സ്വന്തമായി നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനവും ലഭിച്ചില്ല. ഇന്നലെ മൃതദേഹം കൊണ്ടുപോയത് പഞ്ചായത്തിന്റെ ആംബുലന്‍സിലായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സംഭവത്തില്‍ ഇടപെട്ടതോടെ ജില്ലാ കലക്്ടര്‍ അടിയന്തിര സാമ്പത്തിക സഹായം അനുവദിച്ചു. വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനം നടക്കുന്നതിനാല്‍ ആദൂര്‍ സ്‌റ്റേഷനിലെ വനിതാ പോലിസ് അടക്കമുള്ളവര്‍ കാഞ്ഞങ്ങാട്ട് ഡ്യൂട്ടിലായിരുന്നു. ഇതോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ പോലും വൈകിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് നാളെ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day