|    Oct 19 Thu, 2017 9:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികില്‍സ ഉറപ്പുവരുത്തും; കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേന്ദ്രത്തില്‍നിന്നു സഹായം നേടിയെടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. പ്രാദേശികതലത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് നടക്കുന്നില്ലെന്ന പരാതി പരിശോധിക്കും. ദുരിതബാധിതര്‍ക്ക് കാര്യക്ഷമമായ ചികില്‍സ ഉറപ്പുവരുത്തും. ഇതിനായി കാസര്‍കോട് ജില്ലാ ആശുപത്രി വികസിപ്പിക്കും. കാസര്‍കോട് ജില്ലയിലെ ഇന്നത്തെ മണ്ണിന്റെ അവസ്ഥ അറിയുന്നതിന് പഠനം നടത്തേണ്ടത് ആവശ്യമാണെന്നും എം രാജഗോപാലിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് റവന്യൂ, ആരോഗ്യം, സാമൂഹികക്ഷേമം, ഭക്ഷ്യ പൊതുവിതരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്.
ജില്ലാ കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക പരാതിപരിഹാര സെല്ലും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തിലും മന്ത്രി ചെയര്‍മാനായും കലക്ടര്‍ കണ്‍വീനറായും മറ്റൊരു ജില്ലാതല സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ വേങ്ങത്താനം മാളിക അരുവിയില്‍ മുങ്ങിമരിച്ച രണ്ടു കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ അടിയന്തരസഹായം അനുവദിച്ചതായി പി സി ജോര്‍ജിന്റെ സബ്മിഷന് ഇ ചന്ദ്രശേഖരന്‍ മറുപടി നല്‍കി.
കെഎസ്ടിപി പദ്ധതിയില്‍പ്പെട്ട ഏറ്റുമാനൂര്‍- മൂവാറ്റുപുഴ എംസി റോഡില്‍ ചോരക്കുഴി മുതല്‍ അമ്പലംകുന്നു വരെയുള്ള ഭാഗത്തെ റോഡിന്റെ പണികള്‍ വരുന്ന ഡിസംബര്‍ 31നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മറുപടി നല്‍കി.
171.49 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചോരക്കുഴി- അമ്പലംകുന്ന് ഭാഗത്ത് ഓടയുടെയും കലുങ്കിന്റെയും നിര്‍മാണമാണു പുരോഗമിക്കുന്നത്. റോഡ് ടാര്‍ ചെയ്യുന്നതടക്കമുള്ള നിര്‍മാണപ്രവൃത്തികള്‍ മഴ മാറിയാലുടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക