|    Oct 22 Mon, 2018 12:32 am
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക ഒക്‌ടോബര്‍ 31നകം പ്രസിദ്ധീകരിക്കും

Published : 16th September 2017 | Posted By: fsq

 

കാസര്‍കോട്്: ഏപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാംപിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെയും ദുരിതബാധിതരുള്‍പ്പെട്ട അന്തിമ പട്ടിക ഒക്‌ടോബര്‍ 31നകം പ്രസിദ്ധീകരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള ജില്ലാതല സെല്‍ യോഗം തീരുമാനിച്ചു. സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ്തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടും പരിശോധിച്ചതിനു ശേഷമായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത്. 1905 പേരാണ് കരട് പട്ടികയിലുള്ളത്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും കടബാധ്യതകളില്‍ അന്തിമ നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആദ്യപട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് ജില്ലാകലക്ടറെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി  നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് 2018 മാര്‍ച്ച് 31 വരെ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ ചുമതല ജില്ലാകലക്ടര്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കൈമാറാനും തീരുമാനമായി. ജില്ലയില്‍ 20 ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുണ്ടെന്ന് ജില്ലാ സാമൂഹികനീതി ഓഫിസര്‍ അറിയിച്ചു. ബഡ്‌സ് സ്‌കൂളുകളില്‍ സെന്‍സറിങ് യൂനിറ്റുകളില്‍ പരിശീലനം നല്‍കാന്‍ ദേശീയ ആരോഗ്യമിഷമനെ ചുമതലപ്പെടുത്തി.  എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss