|    Feb 20 Tue, 2018 1:29 pm
FLASH NEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാര്‍ച്ചില്‍ മെഡിക്കല്‍ ക്യാംപ് നടത്തും

Published : 18th January 2017 | Posted By: fsq

 

കാസര്‍കോട്്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മാര്‍ച്ച് ആദ്യവാരം സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ പ്രഥമ യോഗം തീരുമാനിച്ചു. സെല്‍ ചെയര്‍മാന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. നേരത്തെ അപേക്ഷ സ്വീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയ പട്ടികയിലുള്‍പെട്ടവര്‍ക്കാണ് മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 2013ലെ മെഡിക്കല്‍ ക്യാംപിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരത്തിന്റെ മൂന്നാം ഗഡു മൂന്നുമാസത്തിനകം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസസെല്ലില്‍ ജില്ലയിലെ മുഴുവന്‍ മുന്‍ എംഎല്‍എ മാരേയും ഉള്‍പ്പെടുത്തും.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പ്രതിനിധികളേയും അംഗങ്ങളാക്കുന്നതിനുള്ള പട്ടിക ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതികള്‍ മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പല കാരണങ്ങളാല്‍ നടപ്പിലാകാത്ത പദ്ധതികള്‍  ഉപേക്ഷിക്കുന്നതിനും യോഗം അനുമതി നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള നാലും കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തും പ്രൊജക്ടുകളാണ് ഒഴിവാക്കുന്നത്. നിലവില്‍ 5848 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്ളത്. ഇതില്‍ 610 പേരുടെ ഉത്തരവിനായി കാത്തിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍  വന്നതിനു ശേഷം 127 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഇതുവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സക്കായി 17 ആശുപത്രികളില്‍ എട്ടു കോടി രൂപ  ചെലവഴിച്ചു. പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ നേരത്തെ വകയിരുത്തിയിരുന്നു. എന്നാല്‍ ഇതിന് അംഗീകാരം ലഭിക്കാത്തതിനാല്‍ പദ്ധതി തുടങ്ങിയിട്ടില്ല. അംഗീകാരം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 48 അംഗ സെല്ലാണ് ഇപ്പോള്‍പ്രവര്‍ത്തിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ 11 പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍,മൂന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍മാര്‍, മുന്‍മന്ത്രിമാരായ സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല്, മുന്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു തുടങ്ങിയവരടക്കം 48 പേരാണ് ഉള്ളത്. ജില്ലയിലെ മറ്റു മുന്‍ എംഎല്‍എമാരായ പി രാഘവന്‍, കെ വി കുഞ്ഞിരാമന്‍, എം നാരായണന്‍, എം കുമാരന്‍, കെ കുഞ്ഞിരാമന്‍ എന്നിവരെ കൂടി സെല്ലില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നിലവില്‍ സെല്ലിലുണ്ട്. എന്‍ഡോസള്‍ഫാന് പ്രത്യേക നോഡല്‍ ഓഫിസറെ നിയമിക്കാനും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ, സെല്‍ അസി.നോഡല്‍ ഓഫിസര്‍ ഡോ. ബി മുഹമ്മദ് അഷീല്‍ എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss