|    Oct 23 Tue, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം: കോടതി

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. മൂന്നു മാസത്തിനകം കീടനാശിനി കമ്പനികളില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. രോഗബാധിതരായ ഒരാള്‍ക്ക് അഞ്ചുലക്ഷം രൂപവീതം മൂന്ന് മാസത്തിനകം നല്‍കണമെന്നാണു കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയില്ലാത്തതെന്ന് സുപ്രിംകോടതി ചോദിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തുക കീടനാശിനി കമ്പനികള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു കേന്ദ്രത്തെ സമീപിക്കാമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും നിയമ രൂപവല്‍കരണം നടത്താനും സംസ്ഥാന സര്‍ക്കാരിനു കോടതി അനുമതിനല്‍കി. ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ഇരകള്‍ക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നല്‍കണമെന്നും ഇതിനായി ഡോക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയതിന് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരുടെ സംഘടനയ്ക്കു കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്.  2012ലാണ് ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉള്‍പ്പെടുത്തി കീടനാശിനി കമ്പനികള്‍ പത്രത്തില്‍ പരസ്യംനല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss