|    Dec 10 Mon, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് തൊഴില്‍ സംവരണം വേണം

Published : 3rd August 2018 | Posted By: kasim kzm

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതം നേരിടുന്ന കുടുംബത്തിലെ ഒരംഗത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കണമെന്നു സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനു വേണ്ടിയുള്ള നിയമസഭാ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കാസര്‍കോട് ജില്ലാ എസ്‌റ്റേറ്റുകളിലെ നിയമനങ്ങളില്‍ 25 ശതമാനം ദുരിതബാധിതര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ മാത്രമായി നീക്കിവയ്ക്കണമെന്നും നിയമസഭാ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കി. 2014-19 വര്‍ഷത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനു വേണ്ടിയുള്ള നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷ പോറ്റിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കഴിഞ്ഞ ജൂണ്‍ 12ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍പ്പെട്ട 6135 പേര്‍ക്കും അതല്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്കുമാണ് നിയമനം നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്.
നിലവില്‍ 6135 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഇവരുടെ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും നിയമനം നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് അയിശ പോറ്റി തേജസിനോട് പറഞ്ഞു. 45 ശുപാര്‍ശകളടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കാസര്‍കോട്ടെ ദുരിതബാധിതരോട് അല്‍പം കരുണകാണിക്കേണ്ടതുണ്ടെന്നും ഇവര്‍ക്ക് ഇനി ജീവിക്കണമെങ്കില്‍ സര്‍ക്കാരിന്റെയും ഏജന്‍സികളുടെയും കൈത്താങ്ങ് വേണമെന്നും നിയമസഭാ സമിതി ചൂണ്ടിക്കാട്ടി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റുകളില്‍ തേയില കൊതുകുകളെ നശിപ്പിക്കാനെന്ന പേരില്‍ ഹെലികോപ്റ്ററിലൂടെയും ഹാന്‍ഡ് പമ്പിങിലൂടെയും എന്‍ഡോസള്‍ഫാന്‍ ലായനി തളിച്ചതിന്റെ ഫലമായി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പരിസരത്ത് താമസിക്കുന്നവരുടെ മണ്ണും ജലവും വിഷമയമാവുകയും ഇതുമൂലം രോഗം ബാധിച്ചു പലരും കിടപ്പാവുകയുമായിരുന്നു. നിരവധി പേര്‍ രോഗം ബാധിച്ച് മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും രോഗം ബാധിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപ വീതവും നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കിലും ഇതും മുടങ്ങുകയാണ്. കാസര്‍കോട് ജില്ലയെ മൊത്തം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതര്‍ക്കു വേണ്ടി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ദുരിതബാധിതരുടെ പുനരധിവാസത്തിനും തൊഴിലിനുമായി മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 25 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും ഇതിന്റെ തുടര്‍ പ്രവര്‍ത്തനം ഇനിയും ചുവപ്പുനാടയിലാണ്. വിദഗ്ധ ചികില്‍സ പോലും കിട്ടാതെ പല രോഗികളും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചുകിട്ടിയാല്‍ ദുരിതബാധിതര്‍ക്ക് ഏറെ സന്തോഷത്തിനു വകയുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി നല്‍കേണ്ടുന്ന 483 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതുസംബന്ധിച്ച് 2010ല്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 60 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനു ശേഷം ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പി അബ്ദുല്‍ ഹമീദ് എംഎല്‍എ തേജസിനോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss