|    Feb 20 Mon, 2017 12:27 am
FLASH NEWS

എന്‍ഡിടിവിക്ക് വിലക്ക്: പരിഗണിച്ചത് രാജ്യതാല്‍പര്യമെന്ന് കേന്ദ്രം

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ വാര്‍ത്താചാനലായ എന്‍ഡിടിവിക്ക് ഒരു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിലപാടിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി എം വെങ്കയ്യ നായിഡു. രാജ്യത്തിന്റെ താല്‍പര്യം പരിഗണിച്ചാണ് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയത്. ചാനലിനെതിരേ എടുത്ത നടപടിക്കെതിരേ ഉയര്‍ന്ന വിമര്‍ശനം രാഷ്ട്രീയപ്രേരിതവും വിവരമില്ലായ്മയുമാണെന്നും വെങ്കയ്യ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും ഭദ്രതയും പരിഗണിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നടപടിയെടുത്തതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. ഇത് ഒരു നിരോധനമല്ല. താല്‍ക്കാലികമായി ഒരു ദിവസത്തേക്ക് സംപ്രേഷണം തടഞ്ഞതാണ്. ഭീകര വിരുദ്ധ ഓപറേഷനുകള്‍ മാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്താല്‍ ഭീകരരുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പത്താന്‍കോട്ട് ആക്രമണ സമയത്ത് ചാനല്‍ ലംഘിച്ചതായി കാണുന്നുണ്ടെന്നും അതിനാലാണ് ഒരു ദിവസത്തേക്ക് സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും പരീക്കര്‍ പറഞ്ഞു.
ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പ്രക്ഷേപണം ചെയ്‌തെന്ന് ആരോപിച്ചാണ് എന്‍ഡിടിവിയുടെ ഹിന്ദി ചാനലിനെതിരേ നടപടി എടുത്തത്. വാര്‍ത്താവിതരണ മന്ത്രാലയം നിയോഗിച്ച മന്ത്രാലയ സമിതിയാണ് ചാനലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതനുസരിച്ച് ഈ മാസം ഒമ്പതിന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ചാനലിന് മന്ത്രാലയം ഉത്തരവ് നല്‍കുകയായിരുന്നു. ആക്രമണം റിപോര്‍ട്ട് ചെയ്തപ്പോള്‍ അക്രമികള്‍ക്ക് സഹായകമാവുന്ന നിര്‍ണായക വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്നാണ് സമിതി കണ്ടെത്തല്‍. ചാനല്‍ പുറത്തുവിട്ട വിവരങ്ങളാണ് ആക്രമണം നീണ്ടുനില്‍ക്കാന്‍ കാരണമായതെന്നും വ്യോമത്താവളത്തിലെ യുദ്ധോപകരണങ്ങള്‍ അടക്കമുള്ള സംവിധാനങ്ങളെപ്പറ്റിയും അടുത്തുള്ള സ്‌കൂളുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റിയും വിശദമായി ചാനല്‍ റിപോര്‍ട്ട് ചെയ്തതായും സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് സമിതി ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആദ്യമായാണ് ഒരു ചാനലിനെതിരേ കേബിള്‍ ടിവി ആക്ട് ലംഘിച്ചതിന് നടപടി എടുക്കുന്നത്. എന്നാല്‍, മറ്റു ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതില്‍നിന്ന് വ്യത്യസ്തമായി തന്ത്രപ്രധാനമായ ഒരു വിവരവും തങ്ങള്‍ സംപ്രേഷണം ചെയ്തിട്ടില്ലെന്ന് എന്‍ഡിടിവി വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക