|    Oct 17 Wed, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ഡിഎ വിടാനൊരുങ്ങി ബിഡിജെഎസ്

Published : 20th September 2017 | Posted By: fsq

തിരുവനന്തപുരം: എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ബിഡിജെഎസ് നീക്കം. കഴിഞ്ഞദിവസത്തെ എന്‍ഡിഎ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് മുന്നണി മാറ്റത്തിനുള്ള സാധ്യതകള്‍ ബിഡിജെഎസ് തേടുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ ആലോചനകള്‍ക്കായി ചേരാനിരുന്ന ജില്ലാതല എന്‍ഡിഎ യോഗങ്ങള്‍ ഇതേതുടര്‍ന്ന് മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ യോഗങ്ങള്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിഡിജെഎസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ഒന്നരവര്‍ഷത്തെ ബന്ധം കൊണ്ട് പാര്‍ട്ടിക്ക് യാതൊരു നേട്ടവുമില്ലെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതംവച്ചപ്പോള്‍ ബിഡിജെഎസിനെ തഴഞ്ഞെന്നാണ് നേതൃത്വത്തിന്റെ പ്രധാനപരാതി. മുന്നണിയില്‍ നേരിട്ട അവഗണന നിരവധി തവണ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ക്കപ്പുറം അനുകൂല സമീപനമുണ്ടായില്ല. ഈമാസം 30നകം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ മുന്നണി വിടാനാണ് ബിഡിജെഎസിന്റെ തീരുമാനം. മണ്ഡല തലത്തിലെ ഭൂരിഭാഗം സ്ഥലത്തും ബിഡിജെഎസ് പ്രതിനിധികളെ കണ്‍വീനര്‍മാരായി നിശ്ചയിച്ചിരുന്നു. ഈ സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് ബിഡിജെഎസ് പ്രതിനിധികളെ പരിഗണിക്കാനുള്ള സമ്മര്‍ദമെന്ന നിലയിലായിരുന്നു എന്‍ഡിഎ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, എല്‍ഡിഎഫും യുഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.  എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനമാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ബിജെപി ബന്ധം ഉപേക്ഷിച്ച് വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ ബിഡിജെഎസിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതേസമീപനമാണ് സിപിഎമ്മിനുമുള്ളത്. ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് മുമ്പ് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളി മകനും ബിഡിജെഎസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. എന്നാല്‍, ഈ അഭിപ്രായത്തേയും തള്ളിയ വെള്ളാപ്പള്ളി ഇടതുമുന്നണി താല്‍പര്യം കാണിച്ചാല്‍ ചര്‍ച്ചയ്ക്ക് താന്‍ നേതൃത്വം നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങള്‍ ഗൗരവമായി കാണണമെന്നാണ് ഇപ്പോള്‍ ബിഡിജെഎസിന്റെ നിലപാട്. അതേസമയം, എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും ഉടന്‍തന്നെ ഒരുമുന്നണിയിലേക്ക് ചേക്കേറെണ്ടെന്ന നിലപാടും ബിഡിജെഎസില്‍ ഒരുവിഭാഗത്തിനുണ്ട്. അതേസമയം, ബിഡിജെഎസ് ഇടഞ്ഞതോടെ ബിജെപി നേതൃത്വം സമവായ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയിലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. അസൗകര്യം കൊണ്ടാണ് അവര്‍ എന്‍ഡിഎ യോഗത്തില്‍ വരാതിരുന്നതെന്നും കുമ്മനം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിന്റെ നീക്കം തടഞ്ഞില്ലെങ്കില്‍ കേരളം ലക്ഷ്യമിട്ടുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുകള്‍ക്ക് തിരിച്ചടിയാവുമെന്നും സംസ്ഥാനനേതൃത്വം ആശങ്ക അറിയിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss