|    Dec 14 Fri, 2018 9:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഡിഎ പിളര്‍പ്പിലേക്ക്

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായി. ബിഹാറിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മുന്നണി പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുന്നത്. ബിഹാറിലെ എന്‍ഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി (ആര്‍എല്‍എസ്പി)ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അര്‍ഹമായ സീറ്റ് നല്‍കാത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്.
40 ലോക്‌സഭാ സീറ്റുകളുള്ള ബിഹാറില്‍ കേവലം രണ്ടു സീറ്റുകള്‍ നല്‍കി പാര്‍ട്ടിയെ ഒതുക്കിയതാണ് കേന്ദ്രമന്ത്രിയും ആര്‍എല്‍എസ്പിയുടെ ദേശീയ പ്രസിഡന്റുമായ ഉപേന്ദ്ര കുശ്‌വാഹയെ ചൊടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ പാര്‍ട്ടി മല്‍സരിച്ച മൂന്നു സീറ്റുകളില്‍ മൂന്നിലും വിജയിച്ച തങ്ങള്‍ക്ക് മാന്യമായ സീറ്റുകള്‍ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
നാലില്‍ കുറയാത്ത സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഈ മാസം 30ന് മുമ്പ് തീരുമാനമാവണമെന്നാണ് കുശ്‌വാഹ ബിജെപിക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. എന്നാല്‍, ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തനിക്ക് സമയം നല്‍കിയില്ലെന്നും ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായല്ലാതെ മറ്റൊരു ബിജെപി നേതാവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എന്‍ഡിഎയുടെ ഭാഗമായി തുടരാനാണ് താല്‍പര്യം. എന്നാല്‍, മോദിയെ പ്രധാനമന്ത്രിയാക്കാന്‍ താല്‍പര്യമില്ലാത്ത ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായി നിതീഷ് കുമാറിനെ ഉദ്ദേശിച്ച് കുശ്‌വാഹ പറഞ്ഞു.
ബിഹാറിലെ എന്‍ഡിഎയിലെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിനെതിരേ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ആര്‍എല്‍എസ്പിയെ തകര്‍ക്കാന്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ വഷളന്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
നവംബര്‍ 30ന് മുമ്പ് സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മുന്നണി വിടുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി നല്‍കുന്നത്. മുന്‍ ജെഡിയു നേതാവും എംപിയുമായിരുന്ന ശരദ് യാദവുമായി കുശ്‌വാഹ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss