|    Jan 21 Sat, 2017 9:00 pm
FLASH NEWS

എന്‍ഡിഎയില്‍ നന്മ കാണുന്നത് നാശത്തിന് വഴിവയ്ക്കും: പിണറായി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപിയും ആര്‍എസ്എസും നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ കെ എം മാണി നന്‍മകാണുന്നതു കേരളാ കോണ്‍ഗ്രസ്സിന്റെ സര്‍വനാശത്തിനായിരിക്കും വഴിവയ്ക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിലും പുറത്തും കോണ്‍ഗ്രസ്സിനോടും എല്‍ഡിഎഫിനോടും എന്‍ഡിഎയോടും സമദൂരം പാലിക്കുമെന്നാണു കേരളാ കോണ്‍ഗ്രസ് നിലപാട്. എന്നാല്‍, എന്‍ഡിഎയോട് സമദൂരം പാലിക്കുമെന്നുള്ള തീരുമാനം അവരുടെ എന്തു നന്‍മ കണ്ടിട്ടാണെന്നു മാണി വ്യക്തമാക്കണം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. അവരുടെ നേതൃത്വത്തിലാണു കേരളത്തിലുള്‍പ്പെടെ ഘര്‍വാപസി നടത്തിയത്. ഘര്‍വാപസിയില്‍ ഏറ്റവുമധികം പീഡനം അനുഭവിച്ചതാവട്ടെ ക്രൈസ്തവരും. അത്തരത്തിലുള്ള ആര്‍എസ്എസില്‍ നന്‍മ കാണുന്നതു കേരളാ കോണ്‍ഗ്രസ്സിന്റെയും കെ എം മാണിയുടെയും തകര്‍ച്ചയ്ക്കായിരിക്കും വഴിയൊരുക്കുക.
യുഡിഎഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ്-എം തീരുമാനം സ്വാഭാവികനടപടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് തകരുമെന്നു തങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അന്നു പലരും അതിനെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, അതുതന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ യുഡിഎഫ് മൂന്നു തൂണുകളിലാണു നിലനിന്നിരുന്നത്. അതിലൊന്നു തകര്‍ന്നാലുള്ള അവസ്ഥയെന്താവുമെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് പൂര്‍ണ തകര്‍ച്ചയിലേക്കു പോവുന്ന ദിവസങ്ങളായിരിക്കും ഇനി വരാന്‍പോവുന്നത്.
പൊതുജനപ്രക്ഷോഭങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അവര്‍ യുഡിഎഫിലുണ്ടായിരുന്നപ്പോഴും അതുണ്ടായിട്ടുണ്ട്. യുഡിഎഫിലെ പല തൊഴിലാളി സംഘടനകളും ഇപ്പോഴും പല പ്രക്ഷോഭങ്ങളിലും അത്തരത്തില്‍ സഹകരിക്കാറുണ്ട്. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സമരം മുഖംരക്ഷിക്കാനാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെതിരേ ഒന്നും പറയാനില്ലെന്ന വിഷമമാണ് അവര്‍ക്ക്. കോണ്‍ഗ്രസ്സും യുഡിഎഫും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ നാട്ടുകാരുടെ മുന്നില്‍ മുഖംകാണിക്കാന്‍പോലും അവര്‍ക്ക് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക