|    Dec 14 Fri, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എന്‍ഡിഎക്കെതിരേ പ്രതിപക്ഷ ഐക്യം: എല്ലാ കക്ഷികള്‍ക്കും നേതൃസ്ഥാനമുണ്ടായിരിക്കും: മമത ബാനര്‍ജി

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി/ ഹൈദരാബാദ്: എന്‍ഡിഎ ക്കെതിരേ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാ കക്ഷികള്‍ക്കും നേതൃസ്ഥാനം ഉണ്ടായിരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മമതയുടെ പ്രതികരണം.
അതേസമയം, ബിജെപിക്കെതിരേ വിശാല സഖ്യം രൂപവല്‍ക്കരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ചേരാനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. നേരത്തേ ഡല്‍ഹിയിലെത്തി ചന്ദ്രബാബു നായിഡു ബിഎസ്പി നേതാവ് മായാവതി, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുമെന്നായിരുന്നു ചന്ദ്രബാബു നായിഡു നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, ഇതിനു വിരുദ്ധമായാണ് സഖ്യത്തില്‍ എല്ലാ കക്ഷികളും നേതൃസ്ഥാനത്തുണ്ടാവുമെന്ന മമതയുടെ പ്രഖ്യാപനം. വ്യാഴാഴ്ച നടത്താനിരുന്ന യോഗം നീട്ടിവച്ചതിനെ മമത ചോദ്യം ചെയ്തു. യോഗം അനിശ്ചിതമായി നീണ്ടുപോയാല്‍ പ്രതിപക്ഷ ഐക്യത്തെ ബാധിക്കുമെന്ന് മമത പ്രതികരിച്ചു.
അതേസമയം, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്കും എതിരായ മൂന്നാം മുന്നണി രൂപീകരണത്തിനുള്ള നീക്കങ്ങള്‍ തെലങ്കാന തിരഞ്ഞെടുപ്പിനു ശേഷം പുനരാരംഭിക്കുമെന്ന് തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) അറിയിച്ചു. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെ ടി രാമറാവുവാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കായി മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് ചന്ദ്രശേഖര്‍ റാവു സൂചന നല്‍കിയത്. മുന്നണി രൂപീകരണം സംബന്ധിച്ച് മമത ബാനര്‍ജി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവരുമായി റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡിഎംകെ നേതാവ് കരുണാനിധിയുമായും റാവു മുന്നണി രൂപീകരണ ചര്‍ച്ച നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss