|    Nov 22 Wed, 2017 11:11 am
FLASH NEWS

എന്‍ഡിഎക്കെതിരേ ആഞ്ഞടിച്ച് വിഎസ്

Published : 8th April 2016 | Posted By: SMR

രാമങ്കരി: എന്‍ഡിഎക്കെതിരെ ആഞ്ഞടിച്ചും യുഡിഎഫിനെ കടന്നാക്രമിച്ചും ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.അതേസമയം സിപിഎം സംസ്ഥാന സമിതിയംഗമായ ജി സുധാകരന്‍ എംഎല്‍എ യുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് വിട്ടു നില്‍ക്കുകയും ചെയ്തു.
നഥുറാം ഗോഡ്‌സേ എന്ന ചതിയന്റെ പാര്‍ട്ടിയാണ് പ്രധാനമന്ത്രിയായ  നരേന്ദ്രമോദിയുടെ ബിജെപിയെന്ന് വി എസ് പറഞ്ഞു. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാണ്ടിയുടെ  തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ രാമങ്കരിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഡിജെഎസ് സ്ഥാനാര്‍ഥി സുഭാഷ് വാസു നരേന്ദ്രമോദിയുടെ പ്രതിനിധികളില്‍ ഒരാളാണ്. ഇത്തരം ചതിയന്മാര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടാണോ ആട്ടാണോ കൊടുക്കേണ്ടതെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമെല്ലൊ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടനാട്ടുകാരെ പരിഹസിക്കുകയായിരുന്നെന്നും  വി എസ് പറഞ്ഞു.  1840 കോടിയുടെ കുട്ടനാട് പാക്കേജില്‍ വെറും 400 കോടി  മാത്രമാണ്  അദ്ദേഹത്തിന്റെ സര്‍ക്കാര്‍  വിനിയോഗിക്കാന്‍ തയ്യാറായത്. .
എ സി കനാല്‍ നവികരണം, തണ്ണീര്‍മുക്കം ബണ്ട് നിര്‍മാണം തുടങ്ങിയ നിരവധി ആവശ്യങ്ങളില്‍ ഒന്നുപോലും നടപ്പാക്കാതെ പാക്കേജ് തന്നെ  കുഴിച്ചുമൂടുകയായിരുന്നു.  ബാര്‍  സോളാര്‍, പാമോയില്‍ എന്നിങ്ങനെ നിരവധി കോഴകളില്‍ മുങ്ങിയ അഴിമതി ഭരണമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.  ഘടകകക്ഷിയായ എന്‍സിപി മല്‍സരിക്കുന്ന കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍  ഉദ്ഘാടനം ചെയ്യാനെത്തിയ വി എസ് ഒരു മണിക്കൂറിന് ശേഷം അമ്പലപ്പുഴയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഈ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ മൂന്നിനായിരുന്നു അമ്പലപ്പുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഈ ദിവസം തന്നെ നടന്ന ആലപ്പുഴ, അരൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ വി.എസ്. ഉദ്ഘാടനം ചയ്‌തെങ്കിലും അമ്പലപ്പുഴയില്‍ വരാന്‍ വി എസ് തയ്യാറായിരുന്നില്ല.പിന്നീടാണ് കണ്‍വന്‍ഷന്‍ ഇന്നലത്തേക്ക് മാറ്റിയത്.
കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തിയ ജി സുധാകരന്‍  നടത്തിയ ചില പരാമര്‍ശങ്ങള്‍  വിഎസിന് അസംതൃപ്തിയുണ്ടാക്കിയിരുന്നു. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇരുവര്‍ക്കുമിടയിലെ അകലം വര്‍ധിപ്പിച്ചിരുന്നു.
പുന്നപ്രയിലെ വസതിയിലുണ്ടായിരുന്നിട്ടും ചടങ്ങിലെത്താതിരുന്ന വിഎസിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.   വിഎസിനെ കണ്ടല്ല താന്‍ പാര്‍ട്ടിയില്‍ വന്നതെന്നും പറയാനുള്ളത് എവിടെയും പറയുമെന്നുമടക്കമുള്ള പരാമര്‍ശങ്ങളില്‍ അച്യുതാനന്ദന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതാണ് വി എസ് കണ്‍വന്‍നില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക