|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എന്‍ജിനീയറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ : മുന്‍കൂര്‍ ജാമ്യഹരജി തള്ളി

Published : 20th September 2017 | Posted By: fsq

 

തൃശൂര്‍: മാര്‍ഗതടസ്സമുണ്ടാക്കിയ കാര്‍ മാറ്റാന്‍ ഹോണടിച്ചതിന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. അഡ്വ. വാക്കത്ത് ജ്യോതിഷ് സമര്‍പ്പിച്ച ഹരജിയാണു ജഡ്ജി ആനിജോണ്‍ തള്ളിയത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകനെതിരേ ശക്തമായ തെളിവുകളാണു പോലിസ് കോടതിയില്‍ ഹാജരാക്കിയത്. സംഭവസ്ഥലത്ത് വച്ച് അഭിഭാഷകന്‍ നെല്‍സണ്‍ എന്നയാളെ ഫോണില്‍ വിളിക്കുകയും ഇയാള്‍ സാബു വില്‍സണ്‍, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. കേസില്‍ നെല്‍സണ്‍ നാലാം പ്രതിയാണ്. സാബു വില്‍സണും അജീഷും ഒന്നും രണ്ടും പ്രതികളും. കൃത്യം നടത്തിയ പ്രതികള്‍ നെല്‍സണില്‍ നിന്ന് 10,000 രൂപ വാങ്ങിയെന്നും പോലിസ് ഹാജരാക്കിയ തെളിവുകളില്‍ പറയുന്നു. ഇതില്‍ 6,000 രൂപ പ്രതികള്‍ ചെലവാക്കിയതായും ബാക്കി തുക പോലിസ് കണ്ടെടുത്തതായും പ്രോസിക്യൂഷന്‍ സമര്‍ഥിച്ചു. കൂര്‍ക്കഞ്ചേരിയിലെ ഫഌറ്റില്‍ താമസിക്കുന്ന എന്‍ജിനീയര്‍ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണു തല്ലിയൊടിച്ചത്. ശക്തന്‍ ബസ്സ്റ്റാന്‍ഡിനടുത്ത ഷോപ്പിങ്മാളില്‍ നിന്നു മടങ്ങുമ്പോള്‍ കാറിനു മുന്നില്‍ മാര്‍ഗതടസ്സമുണ്ടാക്കും വിധം നിര്‍ത്തിയ അഭിഭാഷകന്റെ കാര്‍ മാറ്റാന്‍ ഗിരീഷ് ഹോണ്‍ നീട്ടിയടിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗിരീഷ് ഫഌറ്റിലെത്തിയതിനു പിന്നാലെ ഗുണ്ടകള്‍ എത്തി പാര്‍ക്കിങ് സ്ഥലത്തുവച്ച് ഇരുമ്പുവടി കൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. ഈസ്റ്റ് എസ് ഐ ജിജോവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss