|    Jan 24 Tue, 2017 2:38 am

എന്‍ജിനീയറിങ് പഠനത്തിന് വിദ്യാര്‍ഥികളില്ല; പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് 19,644 സീറ്റുകള്‍

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനീയറിങ് കോഴ്‌സ് പഠനത്തിനു വിദ്യാര്‍ഥികളെ കിട്ടുന്നില്ലെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ സാങ്കേതിക സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 19,644 സീറ്റുകളാണ്. ഇതില്‍ 13,000 സീറ്റുകളും മെറിറ്റ് സീറ്റുകളാണ്.
ഒരു കുട്ടി പോലും പ്രവേശനം നേടാത്ത 15 ബാച്ചുകളുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒഴിഞ്ഞുകിടക്കുന്ന എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. 35 ശതമാനം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആകെ 55,204 സീറ്റുകളാണ് എന്‍ജിനീയറിങ് കോഴ്‌സിനുള്ളത്. ഇതില്‍ 35,560 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 19,644 സീറ്റുകള്‍ പ്രവേശന നടപടി പൂര്‍ത്തിയായിട്ടും ഒഴിഞ്ഞുകിടക്കുകയാണ്. സ്വാശ്രയ കോളജുകളിലാണു ഭൂരിപക്ഷം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ 100 ശതമാനം സീറ്റുകളിലും വിദ്യാര്‍ഥികള്‍ ചേര്‍ന്നു.
സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലാവട്ടെ 740 സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടപ്പുണ്ട്. തിരുവനന്തപുരം തിരുവല്ലം എംജി കോളജ് ഓഫ് എന്‍ജിനീയറിങില്‍ ആകെയുള്ള 180 സീറ്റുകളില്‍ ഈവര്‍ഷം പ്രവേശനം നേടിയത് കേവലം 44 വിദ്യാര്‍ഥികള്‍ മാത്രമാണ്. സംസ്ഥാനത്ത് 60 വിദ്യാര്‍ഥികള്‍ പോലും ചേരാത്ത 12 കോളജുകളുണ്ട്. 153 കോളജുകളാണ് സാങ്കേതികസര്‍വകലാശാലയുടെ കീഴിലുള്ളത്. ഇതില്‍ മൂന്നു കോളജുകള്‍ക്ക് ഇത്തവണ അഫിലിയേഷന്‍ നല്‍കിയിട്ടില്ല. എന്‍ജിനീയറിങ് പ്രവേശനത്തിനായി അലോട്ട്‌മെന്റ് സമര്‍പ്പിച്ച കുട്ടികളുടെ എണ്ണത്തിലും ഇത്തവണ വന്‍ കുറവാണുണ്ടായത്.
മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ആകെ ഓപ്ഷന്‍ സമര്‍പ്പിച്ചത് 28,261 പേര്‍ മാത്രമാണ്. ഒഴിവുകള്‍ നികത്താന്‍ പ്ലസ്ടു പാസായവരെ പ്രവേശിപ്പിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. സ്വാശ്രയ കോളജുകളുടെ എണ്ണം കുത്തനെ കൂടിയതും ഗുണനിലവാരം ഇടിഞ്ഞതുമൊക്കെയാണ് കുട്ടികളില്ലാത്ത കോളജുകള്‍ പെരുകാന്‍ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ വിജയശതമാനം ഓരോവര്‍ഷവും കുത്തനെ താഴുന്നതായാണു ഫലം വ്യക്തമാക്കുന്നത്. സ്വാശ്രയ കോളജുകളില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും മോശം പഠനനിലവാരവുമാണു വിജയശതമാനം കുറയാന്‍ ഇടയാക്കുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 131 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക