|    Apr 22 Sun, 2018 6:39 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്‍ജിനീയറിങ്: ചാടിപ്പുറപ്പെടരുത്…!

Published : 10th July 2016 | Posted By: SMR

ജലീഷ് പീറ്റര്‍
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1991ലാണ് സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കുന്നത്. ചുരുക്കം ചിലര്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന എന്‍ജിനീയറിങ് പഠനം സാര്‍വത്രികമായി. തനി കച്ചവടലാക്കോടെ കളത്തിലിറങ്ങിയവരും നല്ല ഉദ്ദേശ്യത്തോടെ കോളജ് തുടങ്ങിയവരുമുണ്ട്. പിന്നീട് ഇവര്‍ തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചെന്നതും ഒരു സത്യമാണ്. പക്ഷേ, ഇന്നത്തെ നിലവാരത്തകര്‍ച്ചയിലും പരാജയത്തിലും കോളജുകാരല്ല യഥാര്‍ഥ പ്രതികള്‍. ആദ്യ പ്രതികള്‍ മാതാപിതാക്കളും കുട്ടികളുമാണ്.
ഒരു ഉദാഹരണം പറയാം. കഴിഞ്ഞയാഴ്ച എന്റെ അടുത്ത് ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയും മാതാപിതാക്കളും വന്നു. ആറ് സെമസ്റ്റര്‍ പിന്നിട്ട വിദ്യാര്‍ഥി ഇപ്പോള്‍ തന്നെ 25 വിഷയങ്ങളില്‍ പൊട്ടിനില്‍ക്കുകയാണ്. ലാബ് ഉള്‍പ്പെടെ ആകെ 43 പേപ്പറാണ് ആറ് സെമസ്റ്ററിലുള്ളത്. സിവില്‍ എന്‍ജിനീയറിങ് ആണ് ബ്രാഞ്ച്. ഇപ്പോള്‍ നാണക്കേടുമൂലം കോളജില്‍ പോവാന്‍ മടിയാണ്. ഭാഗ്യത്തിന് വഴിതെറ്റിപ്പോയിട്ടില്ല. എന്താണു കുട്ടിക്കു പറ്റിയത്? ഇവിടെ പ്രതി കുട്ടിയല്ല, മാതാപിതാക്കളാണ്! കുട്ടിക്ക് എന്‍ജിനീയറിങ് അഭിരുചിയേയില്ല. കണക്കില്‍ ചെറുപ്പം മുതലേ മിടുക്കനാണ്. ഡ്രോയിങ് സ്‌കില്‍ ഒട്ടുമേയില്ല. ഭാവനാശാലിയുമല്ല. പക്ഷേ, ഗണിതശാസ്ത്രത്തിലുള്ള മിടുക്ക് അപാരം തന്നെ. ഇതു തിരിച്ചറിയാതെയാണ് മാതാപിതാക്കളുടെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ഇവനെ അവര്‍ നേര്‍ച്ചക്കോഴിയാക്കിയത്. കണക്കില്‍ മിടുക്കനായതുകൊണ്ടു മാത്രം ഒരു വിദ്യാര്‍ഥിക്ക് എന്‍ജിനീയറിങ് അഭിരുചിയും ഡ്രോയിങ് സ്‌കില്ലും ഉണ്ടാവണമെന്നില്ല. ഗണിതശാസ്ത്രത്തില്‍ ഉപരിപഠനം നടത്താനാണ് അവന്‍ പോവേണ്ടിയിരുന്നത്.
ആകാശത്തിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു എന്‍ജിനീയറിങിലെ നവീനശാഖകള്‍. സാധ്യതകള്‍ അനന്തമാണെങ്കിലും എല്ലാവര്‍ക്കും എന്‍ജിനീയറാവാന്‍ സാധിക്കില്ല. എന്‍ജിനീയറിങ് അഭിരുചിയും ലോജിക്കല്‍ സ്‌കില്ലും അതത് ബ്രാഞ്ചുകള്‍ ആവശ്യപ്പെടുന്ന അഭിരുചികളും കഴിവുകളും തങ്ങളുടെ കുട്ടിക്കുണ്ടോ എന്ന് മാതാപിതാക്കളും കുട്ടികള്‍ സ്വയവും പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേ എന്‍ജിനീയര്‍ ആവാന്‍ ഇറങ്ങിപ്പുറപ്പെടാവൂ. രക്ഷിതാക്കളുടെ താല്‍പര്യം മാത്രം വിലയിരുത്തി മക്കളെ എന്‍ജിനീയറിങിനു ചേര്‍ക്കരുത്. ആദ്യ സെമസ്റ്ററിലെ പരീക്ഷാഫലം വരുമ്പോഴാണു രക്ഷിതാക്കള്‍ പലപ്പോഴും വിദ്യാര്‍ഥിയുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്നത്. അപ്പോഴേക്കും സാമ്പത്തിക-സമയനഷ്ടങ്ങള്‍ അനുഭവിച്ചുകഴിഞ്ഞിരിക്കും. വക്കീലാവാനും അധ്യാപകനാവാനും താല്‍പര്യമുള്ള വിദ്യാര്‍ഥികളെ എന്‍ജിനീയറിങിനു ചേര്‍ക്കു മ്പോള്‍ അത് വിദ്യാര്‍ഥികളുടെ അഭിരുചിക്കിണങ്ങിയ കോഴ്‌സല്ലെന്ന് രക്ഷിതാക്കള്‍ അറിയുന്നില്ല.
കണക്കിലും ഫിസിക്‌സിലും മികവുള്ള വിദ്യാര്‍ഥികളെ മാത്രമേ എന്‍ജിനീയറിങിനു ചേര്‍ക്കാവൂ. സിവില്‍ എന്‍ജിനീയറിങിനു ചേരുന്ന കുട്ടിക്ക് ഡ്രോയിങ് സ്‌കില്‍ ഉണ്ടായിരിക്കണം. ആര്‍കിടെക്ചറിന് ചേരുന്നവര്‍ക്ക് ഡ്രോയിങ് സ്‌കില്‍ മാത്രമല്ല, ക്രിയേറ്റിവിറ്റിയും വേണം. ഒരു ശരാശരി വിദ്യാര്‍ഥിക്ക് എന്‍ജിനീയറിങ് പഠനം യോജിക്കില്ല. അഭിരുചി, കഴിവുകള്‍, കഴിവുകേടുകള്‍, താല്‍പര്യം, മനോഭാവം, പ്രതിബദ്ധത, കോഴ്‌സിന്റെ സ്വഭാവം, സാധ്യതകള്‍ എന്നിവ സ്വയം വിലയിരുത്തി വേണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍.
ഇന്ത്യയില്‍ കഴിഞ്ഞ കുറേക്കാലമായി തുടരുന്ന ഒരു ഭ്രമമാണ് ബിടെക്. പ്ലസ്ടു സയന്‍സ് കഴിഞ്ഞാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളും ബിടെക്കിന് ചേരാന്‍ ശ്രമിക്കുന്നു. അതില്‍ കുറച്ചുപേര്‍ക്ക് എന്‍ട്രന്‍സ് വഴി ഗവണ്‍മെന്റ കോളജുകളില്‍ പ്രവേശനം ലഭിക്കുന്നു. ബിടെക് പഠിക്കാനുള്ള യോഗ്യതയാണ് എന്‍ട്രന്‍സിലൂടെ പരിശോധിക്കപ്പെടുന്നത് എന്ന് ആലോചിക്കാതെ എന്‍ട്രന്‍സ് കിട്ടാത്ത ബാക്കി മിക്കവരും അടുത്ത വഴിയായി കാണുന്നത് കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ചിതറിക്കിടക്കുന്ന സ്വകാര്യ എന്‍ജിനീയറിങ് കോളജുകളെയാണ്. തങ്ങള്‍ എന്താണു പഠിപ്പിക്കുന്നതെന്നുപോലും ശരിക്ക് അറിയാത്ത കുറേ അധ്യാപകരുടെ കീഴില്‍ പല തരികിടകളും കാണിച്ച് നാലുവര്‍ഷം അവര്‍ കഴിച്ചുകൂട്ടുന്നു. എഴുതുന്ന പരീക്ഷ പകുതിയും തോല്‍ക്കുകയാണെന്നും പല തവണ എഴുതിയിട്ടും പാസാവുന്നില്ലെന്നും മനസ്സിലാക്കുന്ന കുറേപേര്‍ ഇത് എനിക്ക് പറ്റിയ പണിയല്ലെന്നു മനസ്സിലാക്കി വല്ല സെയില്‍സ്മാനോ മറ്റുവല്ല ചെറിയ ജോലിയിലോ ഒതുങ്ങിക്കൂടുന്നു. ഒരുവിധം കോഴ്‌സ് പാസാവുന്ന ബാക്കിപേരുടെയും സ്ഥിതി മറിച്ചല്ല. കുറേപേര്‍ കുറച്ച് ഇന്റര്‍വ്യൂകള്‍ക്കൊക്കെ പോയി പരാജയപ്പെടുന്നു. മറ്റു ചിലര്‍ പേരിന് ഒരു എന്‍ജിനീയറാവാന്‍ കൂലിപ്പണിക്ക് കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തിന് ബംഗളൂരുള്ള ഏതെങ്കിലും ചെറിയ കമ്പനിയില്‍ ചേരും. നല്ല ബുദ്ധിമുട്ടുള്ള പണിയാണെന്നറിയുമ്പോള്‍ അവരും ഇത് എനിക്കു പറ്റിയ പണിയല്ലെന്ന് മനസ്സിലാക്കുന്നു. അപ്പോഴേക്കും വയസ്സ് 25നോട് അടുത്തിട്ടുണ്ടാവും.
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? കാരണം ലളിതമാണ്. ബിടെകിന് ചേരുന്ന സമയത്ത് തനിക്ക് അതില്‍ താല്‍പര്യവും കഴിവും ഉണ്ടോ എന്ന് ചിന്തിച്ചില്ല. താല്‍പര്യം എന്ന വാക്കു തന്നെ തെറ്റിദ്ധാരണയോടെയാണ് പലരും മനസ്സിലാക്കുന്നത്. എന്‍ജിനീയറാവാന്‍ താല്‍പര്യമുണ്ടോ, ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ താല്‍പര്യമുണ്ടോ എന്നല്ല, എന്‍ജിനീയറിങ് ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. അതു മനസ്സിലാക്കാന്‍ വളരെ ലളിതമാണ്. ഒരു ടോയ് കാര്‍ കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും. അത് ഓടിച്ചുകളിക്കുക മാത്രമാണു ചെയ്യുക എങ്കില്‍ നിങ്ങള്‍ എന്‍ജിനീയറിങിന് പോയാല്‍ മേല്‍പ്പറഞ്ഞ അവസ്ഥയായിരിക്കും നിങ്ങളുടേത്. എന്നാല്‍, അത് അഴിച്ചുനോക്കി എങ്ങനെയാണ് അത് പ്രവൃത്തിക്കുന്നതെന്ന് അറിയാന്‍ നിങ്ങള്‍ക്ക് സ്വാഭാവികമായി തോന്നാറുണ്ടെങ്കില്‍ നിങ്ങള്‍ ബിടെക്കിന് പോവേണ്ട ആളാണ്. കൂടാതെ സയന്‍സ്, മാത്‌സ് വിഷയങ്ങളില്‍ ശരാശരിക്കു മുകളില്‍ പഠനനിലവാരം ഉണ്ടായിരിക്കുകയും വേണം. പഠിക്കുമ്പോള്‍ ഏറ്റവും വലിയ കോഴ്‌സ് തന്നെ കിടക്കട്ടെ എന്നാണോ? വെറുതെ ഒന്നു ശ്രമിച്ചുനോക്കാം എന്നാണോ? അങ്ങനെ വെറുതെ ശ്രമിച്ചു നശിപ്പിക്കാനുള്ളതാണോ നിങ്ങളുടെ ജീവിതം. അതിലൂടെ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നതെന്താണെന്നു നോക്കാം. പ്രൈവറ്റ് കോളജില്‍നിന്ന് ബിടെക് പഠിക്കാന്‍ ശരാശരി നാലുലക്ഷം രൂപ ചെലവുണ്ട്. നാലുവര്‍ഷം + സപ്ലി എഴുതാന്‍ വേറെ ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷം = 5-7 വര്‍ഷം സമയം. സാദാ ഡിഗ്രിയുടെ മൂന്നിരട്ടി പഠനഭാരം.
സാദാ ഡിഗ്രി ചെയ്യാന്‍ ഒരുലക്ഷത്തില്‍ താഴെ മാത്രം ചെലവ് (വിദൂര വിദ്യാഭ്യാസത്തിന് വെറും 25,000 രൂപ). മൂന്നുവര്‍ഷം സമയം. ബിടെക്കിന്റെ മൂന്നിലൊന്ന് പഠനഭാരം. വീട്ടില്‍ നിന്ന് തന്നെ ക്ലാസില്‍ പോവാം. ബിടെക് കഴിഞ്ഞുവരുന്ന 80 ശതമാനത്തില്‍ കൂടുതല്‍ പേരും ശ്രമിക്കുന്നത് സാദാ ഡിഗ്രി മാത്രം യോഗ്യതയുള്ള ജോലിക്കാണ് എന്നതാണു വാസ്തവം. മാത്രമല്ല, ഗവ. ജോലികള്‍ക്ക് ശ്രമിക്കാന്‍ സാവകാശവും ആത്മവിശ്വാസവും ഊര്‍ജവും മറ്റു ഡിഗ്രികള്‍ ചെയ്തവര്‍ക്കു കിട്ടുന്നു.
ഇന്ത്യയിലാകെ ഏഴുലക്ഷത്തോളം എന്‍ജിനീയറിങ് സീറ്റാണുള്ളത്. ഇതില്‍ പകുതിയില്‍ താഴെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിച്ചിറങ്ങുന്നത്. എന്നാല്‍, അതിന്റെയും നാലിലൊന്നില്‍ താഴെ എന്‍ജിനീയറിങ് ജോലി ഒഴിവുകളേ ഇന്ത്യയില്‍ ഒരുവര്‍ഷം ഉണ്ടാവുന്നുള്ളൂ. ഇതൊന്നും അറിയാതെയാണ് പലരും വലിയ ജോലിസ്വപ്‌നങ്ങളുമായി ബിടെക്കിന് ചേരുന്നത്.
അതിനാല്‍ ഇക്കാര്യത്തില്‍ പുനര്‍ചിന്ത ആവശ്യമാണ്. സാങ്കേതികവിദ്യ പഠിക്കാനും അതുപയോഗിച്ച് പുതിയ കാര്യങ്ങള്‍ ചെയ്യാനുമുള്ള ശക്തമായ ആഗ്രഹം നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം, ഇതുവരെയുള്ള നിങ്ങളുടെ പഠനനിലവാരം ശരാശരിക്കു മുകളിലാണെങ്കില്‍ മാത്രം, നിങ്ങളില്‍ ശരിക്കും ഒരു എന്‍ജിനീയറിങ് അഭിരുചി ഉണ്ടെങ്കില്‍ മാത്രം ബിടെക് തിരഞ്ഞെടുക്കുക. ഇപ്പോള്‍ പ്രവേശനപ്പരീക്ഷ മാത്രമാണ് എന്‍ജിനീയറിങില്‍ നടത്തുന്നത്. ഈ പരീക്ഷയില്‍ അഭിരുചി പരീക്ഷിക്കപ്പെടുന്നില്ല. അഭിരുചിപരീക്ഷ കൂടി ഏര്‍പ്പെടുത്തുന്നത് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാക്കാന്‍ സഹായകമാവും. നിലവില്‍ ഇപ്പോള്‍ ഈ അഭിരുചിപരീക്ഷ ആര്‍കിടെക്ചറിനുണ്ട്. തീര്‍ച്ചയായും താല്‍പര്യമില്ലാതെ ചെയ്യുന്ന വലിയ കോഴ്‌സിനേക്കാള്‍ നിങ്ങളെ രക്ഷപ്പെടുത്താന്‍ പോവുന്നത് താല്‍പര്യത്തോടെ ചെയ്യുന്ന ചെറിയ കോഴ്‌സ് തന്നെയായിരിക്കും. ഓര്‍ക്കുക എന്ത് ജോലിചെയ്യുന്നു എന്നതല്ല, ചെയ്യുന്ന ജോലി ഏതാണെങ്കിലും അതില്‍ എത്ര മികവുകാട്ടുന്നു എന്നതാണ് ഒരാളുടെ ജീവിതവിജയത്തെയും സന്തോഷത്തെയും തീരുമാനിക്കുന്നത്.
(കരിയര്‍ ഗൈഡന്‍സ് പരിശീലകനാണ് ലേഖകന്‍.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss