|    Oct 17 Tue, 2017 1:22 pm
Home   >  Todays Paper  >  page 12  >  

എന്‍ജിനീയറിങ് എന്‍ട്രന്‍സിന് ആധാര്‍ നിര്‍ബന്ധം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

Published : 29th November 2016 | Posted By: SMR

aadhar-card-status-check-1

നിഷ  ദിലീപ്

കൊച്ചി: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) എഴുതണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം.
പേര്, ജനന തിയ്യതി, ജെന്‍ഡര്‍ എന്നിവ സ്‌കൂള്‍ രേഖകളിലും ആധാര്‍ രേഖകളിലും ഒന്നുതന്നെയായിരിക്കണം. ആവശ്യമെങ്കില്‍ ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്. ഡിസംബര്‍ ഒന്നു മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്. ജനുവരി രണ്ടാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. സാധാരണഗതിയില്‍ അപേക്ഷിച്ച് 15 ദിവസത്തിനുള്ളില്‍ ആധാ ര്‍ കാര്‍ഡ് ലഭിക്കും. ഈ സമയത്തിനുള്ളില്‍ ആധാര്‍ കാര്‍ഡ് അപേക്ഷകന് കൈയില്‍ ലഭിക്കില്ലെങ്കിലും ആധാറിന് തുല്യമായ ഇ-ആധാര്‍ കാര്‍ഡ് ബന്ധപ്പെട്ട സൈറ്റില്‍ നിന്നു ഡൗ ണ്‍ലോഡ് ചെയ്യാനാവും. ഇത് ആധാറിന് തുല്യമായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, ആധാറിനായി രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുകയോ ഡൗ ണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശം ലഭിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കുന്നത്. എന്‍ആര്‍ഐ വിദ്യാര്‍ഥികളെയാണ് പുതിയ നിര്‍ദേശം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇവരുടെ താമസവും പഠനവും ഇന്ത്യയിലല്ലാത്തതിനാല്‍ ഭൂരിഭാഗത്തിനും ആധാറില്ല. നാട്ടിലെത്തി ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്താലും അപേക്ഷ സമര്‍പ്പിക്കേണ്ട ഒരുമാസക്കാലയളവിനുള്ളില്‍ ആധാര്‍ ലഭിക്കുമോ എന്നതാണ് ഇവരുടെ ആശങ്കയ്ക്കു കാരണം.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി), കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ബിടെക്, ബിആര്‍ക്, ബി പ്ലാന്‍ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപ്പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍. കേന്ദ്രസ്ഥാപനങ്ങള്‍ക്ക് പുറമേ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, ഒഡീഷ സംസ്ഥാനങ്ങളും ജെഇഇ(മെയിന്‍) റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് അഡ്മിഷന്‍ നടത്തുന്നത്. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) അഡ്മിഷന്‍ നടത്തുന്ന ജെഇഇ അഡ്വാന്‍സ്ഡിന്റെ യോഗ്യതാപരീക്ഷ കൂടിയാണ് ജെഇഇ മെയിന്‍ പരീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക