|    Oct 19 Thu, 2017 6:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവ്

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീനാണ് ശിക്ഷാപ്രഖ്യാപനം നടത്തിയത്. കല്ലട ഇറിഗേഷനിലെ മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഗണേശന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിശ്വനാഥന്‍ ആചാരി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ രാജഗോപാല്‍, കരാറുകാരായ കെ എന്‍ മോഹനന്‍ എന്നിവര്‍ക്കാണു ശിക്ഷ. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു. 1992-1993 കാലയളവില്‍ കല്ലട പദ്ധതിയുടെ ഭാഗമായ വലതുകര കനാലിന്റെ നിര്‍മാണത്തിനുള്ള കരാര്‍ പൂര്‍ത്തിയാക്കിയ ശേഷം ഉപകരാറിലൂടെ 2.19 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. വ്യാജരേഖകളും ബില്ലുകളും ചമച്ച പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
1993-1994 കാലയളവില്‍ 714 കോടി രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തീകരിച്ചത്. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകള്‍ കോടതികളുടെ പരിഗണനയിലുണ്ട്. ഇതാദ്യമായാണു പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്ര കടുത്ത ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സി സി അഗസ്റ്റിന്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക