|    Oct 23 Mon, 2017 7:09 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എന്‍ജിനീയര്‍മാരില്ല ; പഞ്ചായത്ത് ജോലികള്‍ അവതാളത്തില്‍

Published : 3rd August 2017 | Posted By: fsq

 

എം വി വീരാവുണ്ണി

പട്ടാമ്പി: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലെയും തുടരുന്ന എന്‍ജിനീയര്‍മാരുടെ അഭാവം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ഇതുമൂലം വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ എസ്റ്റിമേറ്റ് തയ്യാറാക്കാനും സാങ്കേതിക അനുമതി നേടിയെടുക്കാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. നിലവില്‍ സംസ്ഥാനത്ത് 500ലധികം ഗ്രാമപ്പഞ്ചായത്തുകളില്‍ എന്‍ജിനീയര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ജൂലൈ 15നുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിര്‍മാണപദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനും ആഗസ്ത് ഒന്നിനുള്ളില്‍ സാങ്കേതിക അനുമതി ലഭ്യമാക്കാനുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. പക്ഷേ, കഴിഞ്ഞ ജൂലൈ മാസം 31 വരെയുള്ള കണക്കു പ്രകാരം ആകെ ത്രിതല പഞ്ചായത്തുകളില്‍ 30 ശതമാനവും നഗരസഭകളില്‍ 23 ശതമാനവും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നാണ് വിവരം. അതിനാല്‍ തന്നെ സാങ്കേതിക അനുമതി നേടിയെടുക്കാന്‍ ബാക്കിയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ സാധിച്ചില്ല. പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടത് അതതു സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരാണ്. എന്നാല്‍, ഇവരുടെ അഭാവത്തില്‍ ചിലയിടങ്ങളില്‍ വര്‍ക്ക് സൂപ്രണ്ടുമാരും മറ്റിടങ്ങളില്‍ ഓവര്‍സിയര്‍മാരുമാണ് ചുമതല നിര്‍വഹിക്കുന്നത്. ഇതു കാരണം തങ്ങളുടെ ജോലികള്‍ അവതാളത്തിലായതായി ഓവര്‍സിയര്‍മാരും വര്‍ക്ക് സൂപ്രണ്ടുമാരും പറയുന്നു. ബ്ലോക്ക് പഞ്ചായത്തുതലങ്ങളില്‍ ഒന്നില്‍ കുറയാത്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വേണമെന്നാണ് നിയമം. എന്നാല്‍, സംസ്ഥാനത്താകെ 59 വികസന ബ്ലോക്കുകളില്‍ ഇപ്പോള്‍ എഇഇമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടങ്ങളിലും താല്‍ക്കാലികമായി പകരക്കാരെ വച്ചാണ് അത്യാവശ്യ കാര്യങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ തീരുമാനം ഉദ്യോഗസ്ഥര്‍ക്ക് പാലിക്കാന്‍ സാധിക്കാത്തത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്. പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്നും ആവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക