|    Oct 20 Sat, 2018 3:10 am
FLASH NEWS

എന്‍ജിഒ യൂനിയന്റെ പ്രചാരണ ബോര്‍ഡുകള്‍ മാറ്റി ; തൊടുപുഴ നഗരസഭാ ഓഫിസില്‍ സംഘര്‍ഷം

Published : 29th September 2017 | Posted By: fsq

 

തൊടുപുഴ: കേരള എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ അഖിലകേരള നാടകോല്‍സവത്തിന്റെ പ്രചാരണാര്‍ഥം തൊടുപുഴയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മുനിസിപ്പല്‍ അധികൃതര്‍ എടുത്തുമാറ്റി. ഇതേ തുടര്‍ന്ന് സംഘടിച്ചെത്തിയ എന്‍ജിഒ യൂനിയന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനു കാരണമായി. യൂണിയന്‍ നേതാക്കളും സിപിഎം നേതാക്കളും നഗരസഭ ഓഫിസിലെത്തി ഹെല്‍ത്ത്  ഇന്‍സ്‌പെക്ടറുടെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ തകര്‍ത്തു.  ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനുനേരെ കൈയേറ്റ ശ്രമവുമുണ്ടായി. നഗരസഭ കൗണ്‍സില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ കൈവരികളില്‍ മറവു സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍ എടുത്തു മാറ്റുകയാണ് താന്‍ ചെയ്തതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഞ്ജു കെ തമ്പി പറഞ്ഞു. അസഭ്യ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് എന്‍ജിഒ യൂണിയന്റെയും സിപിഎമ്മിന്റെയും നേതാക്കന്മാര്‍ സംസാരിച്ചതെന്നും ഇതുസംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്കു രേഖാമൂലം പരാതി നല്‍കിയെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തൊടുപുഴയില്‍ പരിസ്ഥിതി സൗഹൃദമായി സ്ഥാപിച്ച ബോര്‍ഡുകളാണ് മുനിസിപ്പല്‍ അധികൃതര്‍ നശിപ്പിച്ചതെന്ന് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശാനുസരണമാണ് ചില ജീവനക്കാര്‍ ബോര്‍ഡുകളും ബാനറുകളും നശിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിനുമുമ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍, സി എസ് മഹേഷ്, നീനാ ഭാസ്‌കരന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss