|    Jun 20 Wed, 2018 2:01 am

എന്‍ജിഒ യൂനിയനെതിരേ നഗരസഭ ഉന്നതതലത്തില്‍ റിപോര്‍ട്ട് നല്‍കും

Published : 5th October 2017 | Posted By: fsq

 

തൊടുപുഴ: അനധികൃതമായി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫിസിലുണ്ടായ അതിക്രമത്തിനെതിരേ ശക്തമയ ഇടപെടലുമായി തൊടുപുഴ നഗരസഭ. അതിക്രമം കാട്ടിയ എന്‍ജിഒ യൂനിയന്‍ പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ഉന്നതതലങ്ങളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി. പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍, യുഡിഎഫ്-ബിജെപി പക്ഷത്തു നിന്ന് 20 കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചു. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാവും റിപോര്‍ട്ട് സമര്‍പ്പിക്കുക. നഗരസഭയിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തുടര്‍ന്ന് നടപടികള്‍ എന്താണെന്നു വ്യക്തമാക്കണമെന്ന് ബിജെപിയിലെ രേണുക രാജശേഖരന്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. പോലിസ് കേസെടുത്തതായും തുടര്‍ നടപടികള്‍ നടന്നു വരുന്നതായും സെക്രട്ടറി വ്യക്തമാക്കി. നഗരസഭ ജീവനക്കാരെ കൈയേറ്റം ചെയ്ത നടപടി അതീവ ഗുരുതര സംഭവമാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍ എ എം ഹാരിദ് പറഞ്ഞു. ഗുണ്ടകള്‍ ഓഫിസില്‍ കയറി അഴിഞ്ഞാട്ടം നടത്തിയത് നഗരസഭയുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. സംസ്‌കാരമുള്ളവര്‍ ചെയ്യുന്ന നടപടിയല്ല എന്‍ജിഒ യൂനിയന്‍ പ്രവര്‍ത്തകര്‍ ചെയ്തത്. ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍  നഗരസഭ കൗണ്‍സിലും സര്‍വകക്ഷി യോഗവും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. ഇതാണ് എന്‍ജിഒ യൂനിയന്‍ ലംഘിച്ചത്. എന്‍ജിഒ യൂനിയന്‍ ഭരണത്തിന്റെ മുഷ്‌ക്ക് കാണിക്കുകയാണ്. പാലത്തിന്റെ കൈവരിയില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവകാശമില്ല. കൊടിതോരണങ്ങള്‍ മാത്രം കെട്ടാനാണ് അനുമതി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഐകകണ്‌ഠ്യേന ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് ഹാരിദ് ആവശ്യപ്പെട്ടു. നഗരസഭാ ഓഫിസില്‍ ഒരു തരത്തിലുമുള്ള ഗുണ്ടായിസവും അനുവദിച്ചു കൊടുക്കാന്‍ പാടില്ലെന്ന് വൈസ് ചെയര്‍മാന്‍ കെ കെ സുധാകരന്‍ നായര്‍ വശ്യപ്പെട്ടു. നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എടുത്ത തീരമാണ് അട്ടിമറിക്കപ്പെട്ടതെന്ന് ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ കുറ്റപ്പെടുത്തി. കൗണ്‍സില്‍ തീരുമാനം നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെ ജോലി. അവരുടെ ജോലി തടസപ്പെടുത്തുന്നത് ഭരണസമിതിയെ അപമാനിക്കുന്നതിന് തുല്യമാണ്. കുറ്റക്കാര്‍ ആരായാലും നിയമ നടപടിയില്‍ സഹകരിക്കുമെന്നും ബാബു പരമേശ്വരന്‍ പറഞ്ഞു. ആര് അതിക്രമം നടത്തിയാലും മുഖം നോക്കാതെ അപലപിക്കേണ്ടതാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ ആര്‍ ഹരി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ചില ഗൂഡാലോചന ഉണ്ടോയെന്ന് സംശയമുണ്ട്. ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മില്‍ ഊഷ്മള ബന്ധം വേണം. ഏതു കാര്യം നടപ്പാക്കുമ്പോഴും വിവേചനം ഇല്ലാതെ ചെയ്യണം. മുന്‍ ചെയര്‍മാന്‍ ടി ജെ ജോസഫിന്റെ കാലത്താണ് ഫഌക്‌സ് നിരോധനം കൊണ്ടു വന്നത്. ഭരണകക്ഷിയില്‍ തന്നെ ഉള്ളവര്‍ അതു ലംഘിച്ചു. നിലവിലെ ചെയര്‍പേഴ്‌സന്റെ ചിത്രം വച്ച ഫഌക്‌സ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടും നീക്കാന്‍ നടപടിയില്ല. എന്‍ജിഒ യൂനിയന്‍കാര്‍ തുണിയില്‍ എഴുതിയ പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. പ്രചാരണ ബോര്‍ഡുകള്‍ എവിടെയൊക്കെ വയ്ക്കാന്‍ ധാരണ വേണമെന്ന് മുന്‍ കൗണ്‍സിലുകളില്‍ ആവശ്യപ്പെട്ടിരുന്നെന്നും ആര്‍ ഹരി വ്യക്തമാക്കി. വിവേചനപരമായി എടുക്കുന്ന പ്രമേയത്തെ അനുകൂലിക്കുന്നില്ലെന്നും ആര്‍. ഹരി പറഞ്ഞു. തുടര്‍ന്നു പ്രമേയം പാസാക്കുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചെങ്കിലും വിവേചനപരമായി എടുക്കുന്ന പ്രമേയത്തില്‍ വിയോജിപ്പുണ്ടെന്ന് ഇടതുപക്ഷം അറിയിക്കുകയായിരുന്നു. ഇതിനിടെ നഗരസഭയിലെ സിസിടിവി സംബന്ധിച്ചും സെക്രട്ടറിയോട് ചോദ്യമുയര്‍ന്നു. മുനിസിപ്പല്‍ ഓഫിസ് മോനിട്ടറിംഗിനു വേണ്ടിയാണ് നഗരസഭ ഓഫിസില്‍ കാമറ സ്ഥാപിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇതിലെ ദൃശ്യങ്ങള്‍ ആര്‍ക്കൊക്കെ കൈമാറണമെന്ന് ഗൈഡ്‌ലൈന്‍ ആയിട്ടില്ല. കൗണ്‍സിലില്‍ അജണ്ടയിട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും സെക്രട്ടറി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss