|    Jan 22 Sun, 2017 11:48 pm
FLASH NEWS

എന്‍ഐടി പ്രവേശനം: ഇനി മാനദണ്ഡം പ്രവേശന പരീക്ഷയുടെ മാര്‍ക്ക്

Published : 3rd April 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഐടി (ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) മാതൃക പിന്തുടര്‍ന്ന് ഇനി എന്‍ഐടികളിലും (നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) പ്രവേശനത്തിന് പ്രധാന മാനദണ്ഡം അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമാവും.
അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ)-അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തുന്നതിനു പുറമെ വിദ്യാര്‍ഥി പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാഭ്യാസ ബോര്‍ഡില്‍ ആദ്യത്തെ 20 ശതമാനത്തില്‍ ഇടംപിടിക്കുകയോ കുറഞ്ഞത് 75 ശതമാനമെങ്കിലും മാര്‍ക്ക് വാങ്ങുകയോ വേണമെന്നതാണ് ഐഐടികളില്‍ ഇപ്പോ ള്‍ പിന്തുടരുന്ന പ്രവേശന മാനദണ്ഡം. ഹയര്‍ സെക്കന്‍ഡറിക്ക് നേടിയ മാര്‍ക്ക് പ്രവേശനത്തിന് നേരിട്ട് പരിഗണിക്കാറില്ല. ഈ രീതിയാണ് ഇനി എന്‍ഐടികളും നടപ്പാക്കാന്‍ എന്‍ഐടി കൗണ്‍സില്‍ ആലോചിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നേടിയ മാര്‍ക്കിന് 40 ശതമാനം വെയ്‌റ്റേജ് നല്‍കുന്ന രീതിയാണ് എന്‍ഐടികളിലെ പ്രവേശനത്തിനു നിലവിലുള്ളത്. ഇതിനു പുറമെ ജെഇഇ-മെയിന്‍ പരീക്ഷയില്‍ വിദ്യാര്‍ഥി നേടുന്ന മാര്‍ക്കിന് 60 ശതമാനം വെയ്‌റ്റേജ് നല്‍കി അഖിലേന്ത്യാ തലത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ചാണ് നിലവില്‍ രാജ്യത്തെ 31 എന്‍ഐടികളില്‍ പ്രവേശനം നടത്തുന്നത്. ഈ രീതിയാണ് അടുത്ത വര്‍ഷം മുതല്‍ മാറ്റാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി ചെയര്‍പേഴ്‌സണായ എന്‍ഐടി കൗണ്‍സില്‍ ആലോചിക്കുന്നത്.
സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ സ്വാധീനം കുറയ്ക്കാനും പ്രവേശനം നേടാന്‍ സാധ്യതയുള്ള വിദ്യാര്‍ഥികള്‍ക്കിടയിലെ നഗര-ഗ്രാമ വിടവു കുറയ്ക്കാനും യുപിഎ കാലത്ത് സ്മൃതി ഇറാനിയുടെ മുന്‍ഗാമിയായിരുന്ന കപില്‍ സിബല്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന സംവിധാനമാണ് ഇപ്പോള്‍ മാറാന്‍പോവുന്നത്.
ഹയര്‍ സെക്കന്‍ഡറി മാര്‍ക്കിന് വെയ്‌റ്റേജ് നല്‍കുന്നതിലൂടെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കുറയുകയും ചെയ്യുമെന്നായിരുന്നു സിബലിന്റെ വാദം. എന്നാല്‍, ഈ രീതി ഉദ്ദേശിച്ച ഫലം തരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധമായി നിയമിച്ച വിദഗ്ധ കമ്മിറ്റിയുടെ നിഗമനം.
2017 മുതല്‍ എന്‍ഐടികളില്‍ പുതിയ രീതി പിന്തുടരുമെന്നും ഇതു സംബന്ധമായ വിജ്ഞാപനം ഉടനുണ്ടാവുമെന്നുമാണ് റിപോര്‍ട്ടുകള്‍.
ജെഇഇ പരീക്ഷകളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പലതും സ്‌കൂള്‍ സിലബസിന് പുറത്തു നിന്നാവാറുണ്ടെന്നും ഇതാണ് വിദ്യാര്‍ഥികളെ കൂടുതലായി കോച്ചിങ് കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക