|    Feb 28 Tue, 2017 6:19 am
FLASH NEWS

എന്‍ഐഎ മേധാവിയുടെ കാലാവധി നീട്ടിയതില്‍ ദുരൂഹത; നടപടി ആര്‍എസ്എസുകാര്‍ പ്രതികളായ കേസ് അട്ടിമറിക്കാനെന്ന് കോണ്‍ഗ്രസ്

Published : 30th October 2016 | Posted By: mi.ptk

sharad-kumar-niaന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മേധാവി ശരത്കുമാറിന്റെ കാലാവധി രണ്ടാമതും നീട്ടിക്കൊടുത്തു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ശരത്കുമാറിനെ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി ഒരു വര്‍ഷത്തേക്കുകൂടിയാണു നിയമിച്ചത്. കേന്ദ്രമന്ത്രിസഭയുടെ കീഴിലുള്ള നിയമന കമ്മിറ്റിയുടേതാണു നടപടി. 1979ലെ ഹരിയാനാ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ശരത്കുമാര്‍ 2013 ജൂലൈ 30നാണ് എന്‍ഐഎ തലവനായത്. നിലവില്‍ എന്‍ഐഎ അന്വേഷിക്കുന്ന പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനും ഉറിയിലെ സൈനികകേന്ദ്രത്തിനും നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍, ബദ്വാന്‍ സ്‌ഫോടനം, ഐഎസുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ എന്‍ഐഎയെ സഹായിക്കാനാണു ശരത്കുമാറിന്റെ കാലാവധി നീട്ടിയതെന്നാണു സര്‍ക്കാര്‍ പറയുന്നത്. അടുത്തവര്‍ഷം നവംബര്‍ വരെ ശരത്കുമാര്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലായി തുടരും.അതേസമയം, സംഘപരിവാരത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണു ശരത്കുമാറിനു കാലാവധി നീട്ടിനല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഹിന്ദുത്വര്‍ പ്രതികളാവുകയും എന്‍ഐഎയുടെ അന്വേഷണത്തിനു കീഴിലുള്ളതുമായ സംജോത, മലേഗാവ്, അജ്മീര്‍ സ്‌ഫോടനക്കേസുകളില്‍ നിരവധി നിര്‍ണായക സാക്ഷികള്‍ കൂറുമാറുകയോ മൊഴിമാറ്റുകയോ ചെയ്തത് കേസുകള്‍ ദുര്‍ബലമാവാന്‍ കാരണമായിരുന്നു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം മലേഗാവ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായ നയം സ്വീകരിക്കാന്‍ എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തനിക്കുമേല്‍ സമ്മര്‍ദംചെലുത്തിയിരുന്നതായി കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാല്യാന്‍ കഴിഞ്ഞവര്‍ഷം വെളിപ്പെടുത്തിയിരുന്നു. ഈ കേസുകളുടെ വിചാരണ നടന്നുകൊണ്ടിരിക്കെ ശരത്കുമാറിനെ വീണ്ടും എന്‍ഐഎ മേധാവിസ്ഥാനത്തു തുടരാനനുവദിക്കുന്നത് കേസുകള്‍ അട്ടിമറിക്കാന്‍ ഇടയാവുമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ അട്ടിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹത്തിന്റെ കാലാവധി മോദി സര്‍ക്കാര്‍ നീട്ടിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു. മലേഗാവ്, മൊദാസ, സംജോദ, മക്കാമസ്ജിദ്, അജ്മീര്‍ കേസുകള്‍ അട്ടിമറിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം- അദ്ദേഹം പറഞ്ഞു. എന്‍ഐഎയുടെ തലപ്പത്തു നിന്ന് ശരത്കുമാറിനെ മാറ്റണമെന്നു നേരത്തെ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ശരത്കുമാറിനെ മാറ്റി നിലവില്‍ എന്‍ഐഎ അന്വേഷിക്കുന്ന എല്ലാ കേസുകളും സുപ്രിംകോടതി നിയമിച്ച പ്രത്യേക സംഘത്തിനു വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day