|    Jan 20 Fri, 2017 5:27 pm
FLASH NEWS

എന്‍ഐഎ ഉദ്യോഗസ്ഥന്റെ വധം: മുഖ്യ പ്രതി ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യ കുറ്റാരോപിതന്‍ മുനീറിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വിട്ടു.
തലസ്ഥാനത്തെ ഒരു എടിഎമ്മില്‍ നിന്ന് ഒന്നര കോടി രൂപ കവര്‍ച്ച നടത്തിയതുമായും ഒരു കൊല നടത്തിയതുമായും ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മുനീറിനെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഉത്തര ഡല്‍ഹിയിലെ രൂപ് നഗറില്‍ നിന്ന് 2014 നവംബറില്‍ മുനീറും സഹായി അശുതോഷ് മിശ്രയും ചേര്‍ന്ന് ഒരു എടിഎം കവര്‍ച്ച നടത്തുകയും ഒന്നര കോടി മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സംഭവത്തിനിടെ ഇവര്‍ സുരക്ഷാ ജീവനക്കാരനെ വെടിവയ്ക്കുകയും ചെയ്തു. പിന്നീട് ഈ തുക കൊണ്ട് മുനീര്‍ ഒരു കാര്‍, ബൈക്ക്, സ്ഥലം എന്നിവ വാങ്ങിയെന്നും ആരോപിക്കപ്പെടുന്നു. ഡല്‍ഹിയിലെ ഒരു കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് മുനീറിനെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.
തന്റെ നാട്ടുകാരനും എന്‍ഐഎ ഉദ്യോഗസ്ഥനുമായ തന്‍സീല്‍ അഹ്മദിനെ വധിച്ച കേസില്‍ പോലിസ് അന്വേഷിക്കുകയായിരുന്ന മുനീറിനെ കഴിഞ്ഞ മാസം 27നാണ് നോയിഡക്കടുത്ത്‌വച്ച് യുപി പോലിസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മുന്നിനാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തന്‍സീലിനെയും ഭാര്യയെയും ബൈക്കില്‍ വന്ന അക്രമിസംഘം മക്കള്‍ക്ക് മുന്നിലിട്ട് വെടിവച്ചു കൊന്നത്.
സംഭവത്തിന് പിന്നിലെ മുഖ്യപ്രതിയാണ് മുനീറെന്നാണ് യുപി പോലിസ് പറയുന്നത്. തന്‍സീലിന്റെതന്നെ നാട്ടുകാരനായ മുനീര്‍ കൊലപാതകമടക്കമുള്ള കേസുകളില്‍ നേരത്തേ പ്രതിയാണ്. പഠനാര്‍ഥം അലിഗഡില്‍ എത്തിയ മുനീര്‍ അവിടെവച്ചുള്ള കൂട്ടുകെട്ട് മൂലം കുറ്റകൃത്യങ്ങളിലേക്കും പിന്നീട് വാടകക്കുറ്റകൃത്യങ്ങളിലേക്കും തിരിയുകയായിരുന്നുവെന്നാണ് വിവരം.
ഈ മാസം 16ന് മുനീറിന്റെ അടുത്ത സഹായി അതീഉല്ല ഖാനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയുണ്ടായ അക്രമണത്തില്‍ തന്‍സീലിനെതിരേ 24 തവണ അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു.
തന്‍സീല്‍ സംഭവസ്ഥലത്തും നാല് തവണ വെടിയേറ്റ ഭാര്യ ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ആശുപത്രിയിലും മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് റിസ്വാന്‍, തന്‍സീം, റൈഹാന്‍, സൈനുല്‍ എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക