|    Dec 15 Sat, 2018 10:05 am
FLASH NEWS

എന്‍എഎം കോളജിനെ ഉന്നതിയിലെത്തിച്ച് ഡോ. പുത്തൂര്‍ മുസ്തഫ പടിയിറങ്ങി

Published : 2nd June 2018 | Posted By: kasim kzm

പാനൂര്‍: എന്‍എഎം കോളജിനെ പുരോഗതിയുടെ ഉന്നതിയിലെത്തിച്ച് 33 വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം പ്രിന്‍സിപ്പല്‍ ഡോ. പുത്തൂര്‍ മുസ്തഫ പടിയിറങ്ങി. 1984ല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്ര വിഭാഗത്തിലായിരുന്നു ജോലിയുടെ തുടക്കം.
1995ല്‍ കല്ലിക്കണ്ടി എന്‍എഎം കോളജ് ആരംഭിച്ചപ്പോള്‍ ചരിത്രവിഭാഗം തലവനായി ഇവിടെയെത്തി. 2005ലാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റത്. പാനൂരിന്റെ പിന്നാക്ക പ്രദേശമായ കല്ലിക്കണ്ടിയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ രാഷ്ട്രീയ നേതാവെന്നെ നിലയില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കോളജിന്റെ ഇന്നത്തെ വികസനത്തിന് പിന്നില്‍ ഡോ. പുത്തൂര്‍ മുസ്തഫയുടെ പങ്ക് വലുതാണ്. പ്രിന്‍സിപ്പലായി ചുമതലയേറ്റതു മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. 13 വര്‍ഷത്തിനിടയില്‍ യുജി സിയില്‍നിന്ന് മാത്രമായി 3.33 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ കോളജില്‍ നടപ്പാക്കിയിട്ടുണ്ട്. രണ്ടുലക്ഷം രൂപ മുടക്കി യുജിസി ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചു. ഗവേഷണ പദ്ധതികള്‍ക്കായി നാലുലക്ഷത്തോളം രൂപ നേടിയെടുക്കാനായി. സംസ്ഥാന ഐടി സെല്ലില്‍നിന്ന് വുമണ്‍സ് സെല്‍ സ്ഥാപിക്കാന്‍ 20 ലക്ഷവും അനുവദിച്ചുകിട്ടി. കോളജിന് നാക് ഗ്രേഡ് ലഭ്യമാക്കാനാവശ്യമായ പ്രവര്‍ത്തനത്തിനും ചുക്കാന്‍ പിടിച്ചു. ഇതുവഴി കോളജില്‍ പുതുതായി അക്കാദമിക ബ്ലോക്ക് സ്ഥാപിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം കണ്ണൂര്‍ സര്‍വകലാശാലയില്‍ 14 വര്‍ഷം അക്കാദമിക് കൗണ്‍സില്‍ അംഗമായും, 10 വര്‍ഷം സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. ഹയര്‍ എജ്യൂക്കേഷന്‍ ഗവേണിങ് ബോഡി അംഗം, ജില്ലാ സാക്ഷരത സമിതി കോ-ഓഡിനേറ്റര്‍ സ്ഥാനങ്ങളും വഹിച്ചു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, സൗത്ത് ഇന്ത്യന്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കോളജ് ഫോറം എന്നിവയില്‍ ആജീവനാന്ത അംഗമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss