|    Oct 17 Wed, 2018 5:50 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്‍ആര്‍സി ഉയര്‍ത്തുന്ന ഭീഷണി

Published : 10th August 2018 | Posted By: kasim kzm

കെ എ മുഹമ്മദ് ഷമീര്‍

മ്യാന്‍മറില്‍ നിന്നു പലായനം ചെയ്ത് ഡല്‍ഹി, ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളില്‍ ചിലരെ യാദൃച്ഛികമായി കാണാന്‍ സാധിച്ചപ്പോള്‍ അവരോട്, എങ്ങനെയാണ് ബുദ്ധന്മാരും മ്യാന്മര്‍ പട്ടാളവും അവരെ വേട്ടയാടുന്നത് എന്നറിയാനായിരുന്നു ശ്രമിച്ചത്. അവര്‍ നല്‍കിയ മറുപടി, ആദ്യം ഞങ്ങളുടെ പൗരത്വം റദ്ദാക്കി എന്നായിരുന്നു. അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ കരടു പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയതില്‍ 40 ലക്ഷത്തോളം പേര്‍ ഇടം പിടിച്ചില്ലെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മനസ്സിലേക്കു വന്നത് റോഹിന്‍ഗ്യന്‍ വംശജരുടെ പൗരത്വം റദ്ദാക്കിയതായിരുന്നു.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍ആര്‍സി) പ്രഥമദൃഷ്ടിയില്‍ കുടിയേറ്റക്കാരായ ബംഗ്ലാദേശികളെയും ഇന്ത്യന്‍ പൗരന്മാരെയും വേര്‍തിരിച്ച് അറിയാനുള്ള പരിപാടിയാണെങ്കിലും അതിന് അസമില്‍ തലമുറകളായി ജീവിച്ചുകൊണ്ടിരിക്കുന്ന ബംഗാളി സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി വകഞ്ഞുമാറ്റാനും അതിലൂടെ അവരെ രാഷ്ട്രരഹിതരാക്കി മാറ്റി ഉന്മൂലനം ചെയ്യാനോ നാടുകടത്താനോ ഉള്ള അജണ്ട ഒളിഞ്ഞുകിടപ്പുണ്ട്.
അസമിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കിഴക്കന്‍ ബംഗാളില്‍ നിന്നു തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യവും തേടിയും പീഡനങ്ങള്‍ മൂലവും പലായനം ചെയ്ത് ഒരു വിഭാഗം ത്രിപുര, അസം, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഈ കുടിയേറ്റം ബോഡോ വിഭാഗത്തില്‍ പെട്ടവര്‍ കാലങ്ങളായി പ്രശ്‌നവല്‍ക്കരിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി പോലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി അസം വിദ്യാര്‍ഥികളുടെ പേരില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
1985ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയപ്പോള്‍ ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു. എന്‍ആര്‍സിയില്‍ പേരില്ലാത്തവരെ പൗരന്മാരായി കാണില്ല എന്നതായിരുന്നു അതിന്റെ അന്തസ്സത്ത. പക്ഷേ, അത്തരമൊരു നീക്കമുണ്ടാക്കുന്ന രക്തച്ചൊരിച്ചില്‍ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നടപടി വൈകിപ്പിച്ചു. ഈ കാലഘട്ടത്തില്‍ തന്നെയാണ് നാലു ലക്ഷം ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്ക് വോട്ടവകാശം കൊടുത്തതില്‍ പകപൂണ്ട് നെല്ലിയില്‍ 1983 ഫെബ്രുവരിയില്‍ ബോഡോ കലാപകാരികള്‍ നടത്തിയ മുസ്‌ലിം വംശഹത്യയില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടത്. അതും ഇന്ത്യ വിഭജിക്കപ്പെടുന്നതിന് എത്രയോ മുമ്പ് അസമിലേക്ക് കുടിയേറി താമസിച്ചിട്ടുള്ള ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍. ബോഡോകളെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നു പിന്നീട് വ്യക്തമായി. അത്തരം അനേകം വംശഹത്യകള്‍ക്ക് കളമൊരുങ്ങുക കൂടിയാണ് എന്‍ആര്‍സി പ്രഖ്യാപിച്ചതിനു ശേഷം സംഭവിക്കാന്‍ പോകുന്നത്.
1971 മാര്‍ച്ചിനു മുമ്പ് ഇന്ത്യയിലെത്തിയെന്നു തെളിയിക്കുന്ന രേഖകള്‍ ഉള്ളവര്‍ക്കു മാത്രമാണ് ദേശീയ പൗരത്വ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞിട്ടുള്ളത്. രജിസ്‌ട്രേഷനു വേണ്ടി 3.29 കോടി പേര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ 2.89 കോടി പേര്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. എന്‍ആര്‍സി രജിസ്‌ട്രേഷന്‍ കമ്മീഷണര്‍ ശൈലേഷ് പറയുന്നത്, ഇപ്പോള്‍ പുറത്തായ 40,07,707 പേര്‍ക്ക് ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 28 വരെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാനുള്ള സമയമുണ്ട് എന്നാണ്.
പുറത്തായവരില്‍ 10 ശതമാനം ബംഗ്ലാദേശികളാണെന്നു കരുതിയാല്‍ പോലും ബാക്കിയുള്ളവര്‍ക്ക് എന്‍ആര്‍സിയില്‍ കയറിപ്പറ്റാനും നിലവില്‍ ആരോപിക്കപ്പെട്ട പ്രശ്‌നങ്ങളും ആക്ഷേപങ്ങളും തീര്‍ക്കാനും അനുവദിക്കപ്പെട്ട 29 ദിവസം മതിയാവില്ല. കരട് രജിസ്റ്ററില്‍ ഒഴിവാക്കപ്പെട്ട ഭൂരിപക്ഷം പേരും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരാണെന്നാണ് അധികൃത ഭാഷ്യം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ആളുകള്‍ അന്തിമ എന്‍ആര്‍സിക്കു പുറത്തുതന്നെ നില്‍ക്കും. 40 ലക്ഷത്തില്‍ താഴെ ആളുകള്‍ വോട്ടവകാശത്തിനോ യാതൊരുവിധ പൗരാവകാശങ്ങള്‍ക്കോ യോഗ്യതയില്ലാതെ ജീവിച്ചുതീര്‍ക്കേണ്ടിവരും.
40 ലക്ഷം പേരെയും അഭയാര്‍ഥികളായി കാണില്ലെന്നും അന്തിമ പട്ടിക വന്നതിനു ശേഷമുള്ളവരെ മാത്രമേ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കൂ എന്നും സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ പട്ടിക തയ്യാറാക്കിയതില്‍ അപാകതയോ ബോധപൂര്‍വമായ ഒഴിവാക്കലോ നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുവെന്നര്‍ഥം. എന്‍ആര്‍സിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിലരുടെ തന്നെ കുടുംബാംഗങ്ങള്‍ ഈ പട്ടികയിലില്ല. മുന്‍ രാഷ്ട്രപതി ഫഖ്‌റുദ്ദീന്‍ അലി അഹ്മദിന്റെ കുടുംബം ഉദാഹരണം. വോട്ടര്‍ കാര്‍ഡ് ഉള്ളവരും രജിസ്റ്ററിലില്ല.
ഇത്തരമൊരു നീക്കത്തിലൂടെ ബിജെപിക്ക് ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങളാണ് പ്രധാനം. വര്‍ഗീയ കലാപങ്ങളും ബോംബ് സ്‌ഫോടനങ്ങളും തീവ്രവാദ കഥകളും വഴി വര്‍ഷങ്ങള്‍ കൊണ്ട് സംഘപരിവാരം ഇന്ത്യയില്‍ നിര്‍മിച്ചെടുത്ത ‘മുസ്‌ലിം പേടി’യുടെ നേട്ടം കൊയ്യാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ചില വിഭാഗങ്ങളെ രണ്ടാംകിട പൗരന്മാരാക്കുന്ന പദ്ധതിക്ക് അപ്പോള്‍ നിയമസാധുത ലഭിക്കും. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധമായ 40 ലക്ഷം വോട്ടുകള്‍ കുറയ്ക്കാന്‍ കഴിയും. കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ചിരുന്ന ബോഡോ പോലുള്ള ഗോത്രവര്‍ഗങ്ങളുടെ പരോക്ഷ പിന്തുണയും ഇതിനുണ്ടാവും. അസമിലെ 13 നിയമസഭാ സീറ്റും മൂന്നു ലോക്‌സഭാ സീറ്റും 13 ശതമാനം വോട്ടും ഉള്ള ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എയുഡിഎഫ് എന്ന പിന്നാക്ക രാഷ്ട്രീയപ്പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാക്കാനും സാധിക്കും. വലിയ രാഷ്ട്രീയ ഉള്‍ക്കാഴ്ചയില്ലാത്ത സംഘടനയാണ് എയുഡിഎഫ്.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസ്താവന ഈ 40 ലക്ഷം പേരെയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചു. അവര്‍ രാജ്യസുരക്ഷയ്ക്കു തന്നെ അപകടമാണെന്നും ഷാ അധിക്ഷേപിച്ചു. ഇത്തരമൊരു പ്രസ്താവന തന്നെ വര്‍ഗീയ ധ്രുവീകരണം മുന്നില്‍ക്കണ്ടുള്ളതാണ്. ഭരണപരാജയത്തിന്റെ നാലു വര്‍ഷങ്ങള്‍ മറച്ചുവയ്ക്കാനും 2014ല്‍ ഭരണത്തില്‍ കയറാന്‍ സഹായിച്ച അതേ വര്‍ഗീയ കാര്‍ഡ് 2019ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇറക്കാനുമാണ് ബിജെപി അധ്യക്ഷന്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരമൊരു നിലപാടിലൂടെ തങ്ങള്‍ക്ക് ബാലികേറാമലയായി തുടരുന്ന പശ്ചിമ ബംഗാളില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും അതിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കൂടി ബിജെപി കണക്കുകൂട്ടുന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ത്രിപുര പോലുള്ള സംസ്ഥാനങ്ങളോടും ബിജെപി സമാന പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നു.
അന്തിമ എന്‍ആര്‍സിയില്‍ ഇല്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യം ബാക്കി. ഇവരെ ബംഗ്ലാദേശ് സ്വീകരിക്കില്ല. മുഴുവന്‍ ആളുകളെയും ജയിലില്‍ ഇടുകയെന്നതും അപ്രായോഗികമാണ്. പിന്നെയുള്ളത് ഇന്ത്യയില്‍ തന്നെ രണ്ടാംകിട പൗരന്മാരായി യാതൊരുവിധ അവകാശങ്ങളും ഇല്ലാതെ ഔദാര്യം കൊണ്ട് മാത്രം ജീവിക്കാന്‍ അനുവദിക്കുക എന്നതാകും. ഒരുതരം അടിമ വ്യവസ്ഥ.
മാത്രമല്ല, അഭയാര്‍ഥികളായി എത്തുന്ന മുസ്‌ലിംകളല്ലാത്തവരെ മുഴുവന്‍ സ്വീകരിക്കാനുള്ള മതവിവേചനമുള്ള ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്‍ പാസാകാതെ നില്‍ക്കുകയാണ്. ബില്ലിലെ വ്യവസ്ഥ അനുസരിച്ച്, അയല്‍രാജ്യങ്ങളിലെ പീഡനങ്ങള്‍ കൊണ്ട് പലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയ മുസ്‌ലിംകളല്ലാത്ത മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയും. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ ഈ ബില്ല് നിയമമാവും. അതോടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷത്തില്‍ ഉള്‍പ്പെട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനും മുസ്‌ലിംകളെ ഒഴിവാക്കാനും സാധിക്കും.
എന്‍ആര്‍സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വരില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും എന്ന മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്തിന്റെ പ്രസ്താവന താല്‍ക്കാലികമായി ആശ്വാസകരമാണെങ്കിലും അന്തിമ പട്ടിക വരുന്നതോടുകൂടി മേല്‍ പ്രസ്താവനയ്ക്ക് അര്‍ഥമില്ലാതാകും. സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന് വോട്ടു നല്‍കാനുള്ള അനുവാദം നല്‍കാനുമാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss