|    Oct 21 Sun, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എന്‍ആര്‍ഐ: 22 ബിഡിഎസ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ തലസ്ഥാനത്ത് നടന്ന അവസാന സ്‌പോട്ട് അലോട്ട്‌മെന്റില്‍ എന്‍ആര്‍ഐ വിഭാഗത്തില്‍ ഒഴിവു വന്ന 22 ബിഡിഎസ് സീറ്റുകള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുത്ത് മെറിറ്റില്‍ പ്രവേശനം നടത്തി. ഒഴിവുണ്ടായിരുന്ന 26 സീറ്റില്‍ നാലെണ്ണം മാത്രമാണ് എന്‍ആര്‍ഐയില്‍ പ്രവേശനം നല്‍കിയത്. തുടര്‍ന്ന് ഒഴിവുണ്ടായ 22 സീറ്റുകളും സര്‍ക്കാര്‍ മെറിറ്റിലേക്ക് മാറ്റി യോഗ്യരായ കുട്ടികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ സര്‍ക്കാര്‍ ഏറ്റെടുത്ത ബിഡിഎസ് സീറ്റുകളുടെ എണ്ണം 129 ആയി ഉയര്‍ന്നു. നേരത്തേ 117 എംബിബിഎസ് സീറ്റുകള്‍ ഇതേ രീതിയില്‍ ഏറ്റെടുത്തിരുന്നു. മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് അവഗണിച്ച് എന്‍ആര്‍ഐ മെഡിക്കല്‍ സീറ്റുകള്‍ ഏറ്റെടുത്ത നടപടി സുപ്രിംകോടതി അംഗീകരിച്ചതിനാല്‍ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളൊന്നും വിദ്യാര്‍ഥികള്‍ക്ക് ഇനി നേരിടേണ്ടിവരില്ല. സീറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഈ വിഭാഗത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. 20 ലക്ഷം വരെ വാര്‍ഷിക ഫീസുണ്ടായിരുന്ന എന്‍ആര്‍ഐ എംബിബിഎസ് സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മെറിറ്റ് ആക്കി മാറ്റിയതോടെ അഞ്ച് ലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്താനായി. മറ്റു വിദ്യാര്‍ഥികള്‍ക്കെന്നപോലെ ഇവര്‍ക്കും സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗ്യാരന്റി നല്‍കാനുമാവും. അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ ഉറപ്പില്‍ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിനു നിയമതടസ്സം ഇല്ലെന്നു ബാങ്ക് പ്രതിനിധികളെ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാം രേഖാമൂലം അറിയിച്ചു. ബാങ്ക് ഗ്യാരന്റി നല്‍കണമെന്നു ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കാമെന്നു ബാങ്ക് മേധാവികള്‍ ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി അംഗങ്ങളെ അറിയിക്കണമെന്നു ലീഡ് ബാങ്കായ ക—നറാ ബാങ്കിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കു ഗ്യാരന്റി നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss