|    Jun 25 Mon, 2018 1:54 pm
Home   >  Kerala   >  

എന്റെ സമ്മതം വാങ്ങിയാണ് മോന്‍ മുസ്‌ലിമായത്

Published : 22nd November 2016 | Posted By: Navas Ali kn
കൊടിഞ്ഞി ഫാറൂക്ക് നഗറില്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ മക്കള്‍

കൊടിഞ്ഞി ഫാറൂക്ക് നഗറില്‍ വെട്ടേറ്റു മരിച്ച ഫൈസലിന്റെ മക്കള്‍

തിരൂരങ്ങാടി: എനിക്ക് ഇസ്്‌ലാം മതത്തെ ഇഷ്ടമാണ്. ഞാന്‍ മതം മാറുന്നതില്‍ അമ്മക്ക് എതിര്‍പ്പുണ്ടോ…?ഗള്‍ഫില്‍ നിന്നും ഉണ്ണി വിളിച്ചു ചോദിച്ചപ്പോള്‍ മോന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങിനെയാവട്ടെയെന്നു പറഞ്ഞു. എന്റെ സമ്മതത്തോടെയാണ് അവന്‍ മുസ്‌ലിമായത്. മകന്റെ അനാഥ മക്കളെ ചേര്‍ത്തു പിടിച്ച് മീനാക്ഷിയമ്മ പറഞ്ഞു. ആണ്‍തരിയായ അവന്‍ വീട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കും വാങ്ങാതെ ഒരു വസ്ത്രം പോലും അവനോ അവന്റെ ഭാര്യയോ മക്കളോ എടുക്കാറില്ല. ഇക്കഴിഞ്ഞ ബലിപെരുന്നാളിന് സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കുമടക്കം എല്ലാവര്‍ക്കും അവന്‍ വസ്ത്രം വാങ്ങിച്ചുകൊടുത്തു. സഹോദരിമാര്‍ വിളിച്ചാല്‍, എന്ത് ആവശ്യമുണ്ടെങ്കിലും അവന്‍ ഓടിയെത്തും. അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കും. സ്വന്തമമായി ഒരു വീട് വേണം. അതായിയിരുന്നു അവന്റെ സ്വപ്‌നം. മരിക്കുവോളം ഞാന്‍ അമ്മയെ നോക്കും. അമ്മക്ക് എന്നെ വിശ്വാസമില്ലെങ്കില്‍ അമ്മയുടെ പേരില്‍ സ്ഥലം വാങ്ങാം. അമ്മയുടെ കാലശേഷം എന്റെയും ഭാര്യയുടെയും പേരിലാക്കിയാല്‍ മതി. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മക്കള്‍ക്ക് വേണ്ടി അമ്മ ജീവിക്കണം. എന്റെ വിശ്വാസപ്രകാരം അവരെ വളര്‍ത്തണമെന്നുകൂടി പറഞ്ഞാണ് അവന്‍ പോയത്. ഇനി എന്റെ ജീവിതം എന്റെ മക്കള്‍ക്ക് വേണ്ടിയാണ്. വേദന കടിച്ചമര്‍ത്തി ഉറച്ച ശബ്ദത്തില്‍ മീനാക്ഷിയമ്മ പറഞ്ഞു.
തിരിച്ചുവരാത്ത ലോകത്തേക്ക് ഉപ്പ പോയെന്ന സത്യം മനസ്സിലാകാത്ത നിഷ്‌കളങ്കതയോടെ ഫൈസലിന്റെ  ഇളയമകള്‍ ഫര്‍സാന വീട്ടിലെത്തുന്നവര്‍ക്ക് സലാം പറഞ്ഞ് ഓടിക്കളിക്കുന്ന തിരക്കിലാണ്. എല്‍കെജി വിദ്യാര്‍ഥി ഫഹദും നാലാം ക്ലാസുകാരനായ ഫായിസും ഉപ്പയുടെ ദാരുണ മരണം അറിഞ്ഞിട്ടുണ്ടെങ്കിലും വേര്‍പ്പാടിന്റെ നോവറിഞ്ഞിട്ടില്ല അവരും.  എന്റെ മോനെ ബന്ധുക്കളിലാരോ ചതിക്കുകയായിരുന്നെന്ന്  ഈ അമ്മ പറയുന്നു. ഇനി അവന്റെ ഇഷ്ടത്തിനൊത്ത് മക്കളെ വളര്‍ത്തണം. വീട് വേണം. ആരേയും എന്റെ കുട്ടി നോവിച്ചിട്ടില്ല. അവന്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി മതം മാറിയതുമല്ല. അവന്റെ ഇഷ്ടം അതായിരുന്നു. എന്റെ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ അവനെ അരിഞ്ഞു നുറുക്കിയത്.?  മീനാക്ഷിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടി നല്‍കാന്‍ ചുറ്റുമുളളവര്‍ക്കായില്ല. എന്റെ മോന്റെ വിധി അതായിരിക്കും. വീട്ടിലെത്തുന്നവരോട് തന്റെ മകന്വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷമാത്രമാണ് ഇപ്പോള്‍ ഈ അമ്മക്കുളളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss