|    Mar 23 Fri, 2018 4:30 pm
FLASH NEWS
Home   >  Fortnightly   >  

എന്റെ വഴികാട്ടി

Published : 16th January 2016 | Posted By: TK

ചരിത്രകാരനും സാംസ്‌കാരികനേതാവുമായ പിഎ സെയ്തുമുഹമ്മദ് വളരെ വേഗമാണ് എനിക്ക് ജ്യേഷ്ഠസഹോദരനും ഗുരുവും വഴികാട്ടിയുമായിത്തീരുന്നത്. ഏതെങ്കിലും പത്രത്തില്‍ എന്നെ കയറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ഒന്നും ശരിയായില്ല. സെയ്തുമുഹമ്മദിക്ക തന്നെ നടത്തിയിരുന്ന സര്‍ഗ്ഗം മാസികയുടെ എഡിറ്റിങ് ചുമതല എന്നെ ഏല്‍പ്പിച്ചു. റീഡേഴ്‌സ് ഡൈജസ്റ്റിന്റെ മാതൃകയിലുള്ള ചെറിയൊരു മാസിക. മലയാളത്തിലെ മികച്ച നോവലുകളുടെ സംഗ്രഹം കൂടി, ചെറുകഥ പോലെ വായിച്ചുപോകാവുന്നവിധം ഞാന്‍ കൊടുക്കാന്‍ തുടങ്ങി.


ജമാല്‍കൊച്ചങ്ങാടി

എങ്ങനെയും ഒരു എഴുത്തുകാരനാകണമെന്ന ഭ്രമവുമായി നടക്കുന്ന കൗമാരകാലം. സാഹിത്യമോക്ഷം തേടി എത്തിപ്പെട്ടത് പത്രപ്രവര്‍ത്തനത്തിന്റെ മേഖലയില്‍- കേരളനാദം എന്ന സായാഹ്നപത്രത്തില്‍. കേരള നാദം കുറച്ചുനാള്‍ അടച്ചിട്ടു. എനിക്ക് തൊഴിലില്ലാതായി. അങ്ങനെയാണ് സെയ്തുമുഹമ്മദിക്കയുടെ അടുത്ത് എത്തിച്ചേരുന്നത്.

സെയ്തുമുഹമ്മദിക്ക എന്നാല്‍ പിഎ സെയ്തുമുഹമ്മദ്. ചരിത്രകാരനും സാംസ്‌കാരികനേതാവുമായ അദ്ദേഹം വളരെ വേഗമാണ് എനിക്ക് ജ്യേഷ്ഠസഹോദരനും ഗുരുവും വഴികാട്ടിയുമായിത്തീരുന്നത്. ഏതെങ്കിലും പത്രത്തില്‍ എന്നെ കയറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ഒന്നും ശരിയായില്ല. സെയ്തുമുഹമ്മദിക്ക തന്നെ നടത്തിയിരുന്ന സര്‍ഗ്ഗം മാസികയുടെ എഡിറ്റിങ് ചുമതല എന്നെ ഏല്‍പ്പിച്ചു. റീഡേഴ്‌സ് ഡൈജസ്റ്റിന്റെ മാതൃകയിലുള്ള ചെറിയൊരു മാസിക. മലയാളത്തിലെ മികച്ച നോവലുകളുടെ സംഗ്രഹം കൂടി, ചെറുകഥ പോലെ വായിച്ചുപോകാവുന്നവിധം ഞാന്‍ കൊടുക്കാന്‍ തുടങ്ങി.

pa-saidhumuhammed1എറണാകുളം മാര്‍ക്കറ്റ് റോഡില്‍ ചാംപ്യന്‍സ് ലോഡ്ജിലെ കുടുസ്സായ മുറിയായിരുന്നു സര്‍ഗ്ഗം ഓഫിസ്. സര്‍ഗ്ഗത്തിന്റെ മാത്രമല്ല, കേരളാ ഹിസ്റ്ററി അസോസിയേഷന്റെയും ഇസ്‌ലാമിക് സെമിനാറിന്റെയുമൊക്കെ ഓഫിസ് അതായിരുന്നു. ഒരു കട്ടില്‍, മേശ, രണ്ടു കസേരകള്‍, ഒരു ടൈപ്പ് റൈറ്റര്‍, സ്റ്റൂളില്‍ കൂജയും വെള്ളവും. അടുത്തുതന്നെയുള്ള റാഫേലു ചേട്ടന്റെ ശോഭാ പ്രിന്റേഴ്‌സിലായിരുന്നു അച്ചടി. പ്രസ്സിന്റെ പിന്നിലുള്ള ഒരു ചെറിയ വാടകവീട്ടില്‍ സെയ്തുമുഹമ്മദിക്കയും കുടുംബവും താമസം.

മാറ്റമുണ്ടാക്കലും എഡിറ്റിംഗും പ്രൂഫ് റീഡിങും ഒക്കെ ഞാന്‍ തന്നെ. അതിന് അധിക ദിവസങ്ങള്‍ വേണ്ട. എങ്കിലും വെറുതെയിരിക്കാനാവില്ല. ഹിസ്റ്ററി അസോസിയേഷന്‍, ഇസ്‌ലാമിക് സെമിനാര്‍ ഇവിടെയൊക്കെ എന്തെങ്കിലും ജോലി ചെയ്യാനുണ്ടാവും. അങ്ങനെ സര്‍ഗ്ഗം വലിയ ലാഭമോ നഷ്ടമോ ഇല്ലാതെ നടന്നുപോയി. മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അതൊരു ബിസിനസ്സായി കൊണ്ടുനടക്കാന്‍ സെയ്തുമുഹമ്മദിക്ക ശ്രമിച്ചില്ല.

ഇടയ്ക്ക് ചോദിക്കാതെ തന്നെ നൂറോ ഇരുന്നൂറോ രൂപ പോക്കറ്റിലിട്ട് തരും. കാശില്ലെങ്കില്‍ ചോദിച്ചുവാങ്ങണമെന്നാണ് നിര്‍ദ്ദേശം. പക്ഷേ, അതിന് ദുരഭിമാനം അനുവദിക്കില്ല. കൂജയിലെ വെള്ളത്തിന് നന്ദി പറഞ്ഞ എത്രയോ ഉച്ചകള്‍! വീട്ടിലേക്ക് പോകാന്‍ കാശില്ലെങ്കില്‍ ചാംപ്യനില്‍ തന്നെ കിടന്നുറങ്ങും. പുലര്‍ച്ചെ സെയ്തുമുഹമ്മദിക്ക വന്നു വിളിക്കും. കൃഷ്ണാ കേഫില്‍ പോയി ഉപ്പുമാവും ചായയും കഴിക്കും.
ഗബ്രിയേല്‍ എന്ന ടൈപ്പിസ്റ്റ് മാത്രമാണ് ഓഫിസ് സ്റ്റാഫ്. ഹിസ്റ്ററി അസോസിയേഷന്റെ ഓഫിസ് മഹാരാജാസ് കോളജ് കാംപസിനകത്തെ കെട്ടിടത്തിലേക്ക് മാറിയതിന് ശേഷമാണ് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സെയ്തുമുഹമ്മദിക്ക സജീവമാകുന്നത്. ഗബ്രിയേലിന് പുറമേ കലേശന്‍ മാഷും രാജനും ജോര്‍ജ്ജുമൊക്കെ സ്റ്റാഫായി വന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമെഴുതിയ പികെ ഗോപാലകൃഷ്ണന്‍ റിസര്‍ച്ച് ഓഫീസറായി വന്നു.
സിഎച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രി ആയപ്പോള്‍ കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി സെയ്തുമുഹമ്മദിക്ക നോമിനേറ്റ് ചെയ്യപ്പെട്ടു. ചില കേന്ദ്രങ്ങളില്‍ നിന്ന് അപസ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും സിഎച്ച് അതത്ര കാര്യമാക്കിയില്ല. ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടു വാല്യങ്ങളായി പുറത്തിറക്കിയ സമഗ്രകേരള ചരിത്രത്തിനും നവകേരള ശില്‍പികള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി. അങ്ങനെ ആ പദ്ധതികള്‍ സാക്ഷാല്‍കരിക്കാനും സിഎച്ച് സഹായിച്ചു. ഹിസ്റ്ററി അസോസിയേഷന്റെയും സമസ്ത കേരള സാഹിത്യ പരിഷത്തിന്റെയുമൊക്കെ കടിഞ്ഞാണ്‍ സെയ്തുമുഹമ്മദിക്കയുടെ കൈകളിലായിരുന്നു.
ഊര്‍ജ്ജസ്വലമായിരുന്നു ആ വ്യക്തിത്വം. ചുറ്റുമുള്ളവരിലേക്ക് പ്രസരിക്കുന്ന പ്രസാദാത്മകത്വം. അസാധാരണമായ സംഘടനാപാടവം. ആരെങ്കിലും ഒരു സാംസ്‌കാരികനായകന്‍ മരിച്ചാല്‍, ആര്‍ക്കെങ്കിലും ഒരു സാഹിത്യ പുരസ്‌കാരം ലഭിച്ചാല്‍ അനുശോചനവും സ്വീകരണവുമൊക്കെ സംഘടിപ്പിക്കാന്‍ വലിയ സമയമൊന്നും വേണ്ട. മീറ്റിങ്ങൊന്നും കൂടേണ്ട. പങ്കെടുക്കുന്നവരെ ഫോണില്‍ വിളിച്ചുപറഞ്ഞ് ക്ഷണക്കത്ത് അച്ചടിപ്പിക്കലും അയക്കലുമെല്ലാം മണിക്കൂറുകള്‍ക്കകം നടക്കും. സ്‌നേഹനിര്‍ഭരമായ മനസ്സിന്റെ വിക്രിയകളെന്നു തിരിച്ചറിഞ്ഞ് അവര്‍ പൂര്‍ണ്ണമായി സഹകരിക്കും.

തന്റെ തട്ടകം ചരിത്രരചനയായതുകൊണ്ട് എന്നെ ആ വഴിക്ക് കൊണ്ടുപോകാന്‍ സെയ്തുമുഹമ്മദിക്ക ശ്രമിച്ചില്ല. എന്റെ മനസ്സ് വായിച്ച അദ്ദേഹം ചിലപ്പോള്‍ പറയുമായിരുന്നു: ‘എടോ, ഫോര്‍ട്ട് കൊച്ചിയിലെ ധോബികളെക്കുറിച്ച് താനൊരു നോവലെഴുതിയാല്‍ അസ്സലായിരിക്കും.’
സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ എല്ലാ കണ്ണികളെയും വിളക്കിച്ചേര്‍ക്കുന്ന ആ വ്യക്തിത്വം അതുല്യമായിരുന്നു. കോണ്‍ഗ്രസ്സുകാരനും മാര്‍ക്‌സിസ്റ്റുകാരനും മതനേതാവും യുക്തിവാദിയും ബുദ്ധിജീവിയും സാമൂഹ്യപ്രവര്‍ത്തകനുമെല്ലാം സെയ്തുമുഹമ്മദിക്കയുടെ വിപുലമായ സൗഹൃദവലയത്തില്‍ എന്നുമുണ്ടായിരുന്നു.

ക്രമേണ വലിയ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലായി ചരിത്രഗവേഷണത്തെക്കാള്‍ കമ്പം. 1986 ലെ മട്ടാഞ്ചേരി യഹൂദപ്പള്ളിയുടെ നാനൂറാം വാര്‍ഷികാഘോഷം ഒരു അന്തര്‍ദേശീയോത്സവമാക്കിമാറ്റിയത് സെയ്തുമുഹമ്മദിക്കയുടെ സംഘടനാപാടവമാണ്. സാരസ്വത ബ്രാഹ്മണരുടെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം, വര്‍ദ്ധമാന മഹാവീരന്റെ 2,500 നിര്‍വാണാചരണം, ഹരിജന്‍ സെമിനാര്‍, തിരൂരങ്ങാടി മാപ്പിള സാഹിത്യ സെമിനാര്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ രജതജൂബിലി, കൊടുങ്ങല്ലൂരില്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ സെമിനാര്‍… ഈ വലിയ പരിപാടികളൊക്കെ രൂപകല്‍പന ചെയ്യുന്നത് മുതല്‍ യാഥാര്‍ഥ്യമാക്കി തീര്‍ക്കുന്നതുവരെ സെയ്തുമുഹമ്മദിക്ക അടങ്ങിയിരുന്നില്ല.

ഗ്രന്ഥശാലാ സംഘം, കലാമണ്ഡലം, എസ്പിസിഎസ്, ഹിന്ദി പ്രചാരസഭ, കേരള സാഹിത്യ അക്കാദമി തുടങ്ങി എല്ലാ സാംസ്‌കാരിക സംഘടനകള്‍ക്കും ഊര്‍ജ്ജം പകരുന്ന പവര്‍ഹൗസായിരുന്നു അദ്ദേഹം. പുസ്തകമുറിക്കുള്ളില്‍ അടയിരുന്ന മഹാപണ്ഡിതന്മാരെ അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറക്കിക്കൊണ്ടുവന്നു. കേരളീയ സമൂഹവുമായി അകന്നുനിന്ന യഹൂദര്‍, ഗുജറാത്തികള്‍, ജൈനര്‍ തുടങ്ങിയ വിഭാഗങ്ങളെ പൊതുധാരയുമായി അടുപ്പിക്കുന്ന പാലമായി അദ്ദേഹം മാറി.
ഉണക്കവിഷയമായ ചരിത്രത്തെ ഓജസ്സുള്ള ഭാഷയില്‍ അവതരിപ്പിച്ചുകൊണ്ട് വൈജ്ഞാനിക സാഹിത്യത്തിലെ ശക്തമായ ജീവധാരയാക്കി മാറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏത് സദസ്സിനെയും പ്രകമ്പനം കൊള്ളിക്കുന്ന വാഗ്ധാര അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.

pa-saidhumuhammed

 

സംസ്‌കൃതവും മലയാളവും പഠിച്ചാണ് പിഎ സെയ്തുമുഹമ്മദ് എന്ന ചരിത്രകാരന്‍ രംഗത്തുവന്നത്. മഹാപണ്ഡിതനായ കേസരി ബാലകൃഷ്ണപിള്ളയുടെ ശിഷ്യന്‍. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഒരു ചരിത്രമുണ്ടെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹത്തിന്റെ ഗവേഷണവും കൃതികളുമായിരുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ രക്തസാക്ഷിയായ ഹെമുകലാനിയുടെ ജീവചരിത്രമായിരുന്നു ആദ്യ പുസ്തകം. അത് നിരോധിക്കപ്പെടുകയായിരുന്നു. അതേസമയം ചരിത്രകേരളം 1952 ലെ മദിരാശി ഗവണ്‍ മെന്റിന്റെ പുരസ്‌കാരം നേടി.

താന്‍ കടന്നുപോയ വഴികള്‍ അദ്ദേഹം ഒരിക്കലും മറന്നില്ല. അമ്പലത്തിലെ പടച്ചോറുണ്ടു കഴിഞ്ഞനാളുകള്‍ എന്നും ഓര്‍ത്തു. തന്നെ തേടിയെത്തുന്ന അവശസാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കൊടുക്കുമ്പോള്‍ അതാരും അറിയാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കും. ഒരിക്കല്‍ മഹാരാജാസ് കോളജില്‍ മലയാളം എംഎയ്ക്ക് ചേര്‍ന്ന ഒരു വിദ്യാര്‍ഥി പാവപ്പെട്ട ഒരു മൊല്ലാക്കയുടെ മകനാണെന്നും വളരെ സാമ്പത്തികവിഷമം അനുഭവിക്കുന്നുണ്ടെന്നും മനസ്സിലായപ്പോള്‍ അയാളറിയാതെ തന്നെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് ചില സമ്പന്ന വ്യക്തികളുടെ സഹായത്തോടെ വഴി കണ്ടെത്തിയത് എനിക്ക് നേരിട്ടറിയാന്‍ കഴിഞ്ഞ കാര്യമാണ്.

സിഎന്‍ അഹമ്മദ് മൗലവിയുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിലൂടെ പ്രസിദ്ധീകരിക്കാന്‍ കാരണം സെയ്തുമുഹമ്മദിക്കയാണ്. ഖുര്‍ആന്‍ മുസ്‌ലിംകള്‍ മാത്രം വായിച്ചാല്‍ പോര എന്നും പൊതുധാരയില്‍ വന്നാലേ മറ്റുള്ളവരും വായിക്കുകയുള്ളൂവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്ന് റോയല്‍റ്റിയായി കിട്ടിയ ഒരു ലക്ഷം രൂപ കൊണ്ടാണ് സിഎന്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു തുണിക്കട തുടങ്ങിയത്.

കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ നവോഥാനത്തിന് വഴി തെളിച്ചത് സെയ്തുമുഹമ്മദിക്കയാണ്. ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹം തയാറാക്കിയ സ്ഥിതിവിവരക്കണക്കും ഇസ്‌ലാമിക് സെമിനാറുകളില്‍ ഉയര്‍ന്ന ചര്‍ച്ചകളും പുതിയ ആവേശം പകര്‍ന്നു. എംഇഎസ്, എംഎസ്എസ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് അത് ബീജാവാപം ചെയ്തു. എല്ലാ വിഭാഗങ്ങള്‍ക്കും ഒരു വേദിയില്‍ മനസ്സുതുറന്ന് സംവദിക്കാന്‍  കഴിയുമായിരുന്ന ഈ സെമിനാറുകളുടെ റിപോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞ കാലം എന്റെ സ്വത്വരൂപീകരണ ഘട്ടമായിരിക്കണം.

നാല്‍പത്തിയഞ്ചാം വയസ്സില്‍ സെയ്തുമുഹമ്മദിക്ക മരിച്ചത് പറക്കമുറ്റാത്ത മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും യുവതിയായ ഭാര്യയേയും അനാഥരാക്കിയാണ്. ഗിരിനഗര്‍ ഹൗസിങ് കോളനിയിലെ ഒരു ചെറിയ വീടല്ലാതെ അവര്‍ക്ക് ഒരു സമ്പാദ്യവുമില്ലായിരുന്നു. ഒരു കാലത്ത് സെയ്തുമുഹമ്മദിക്ക നിസ്വാര്‍ഥമായി സേവിച്ച തുറമുഖ തൊഴിലാളികളുടെ സംഭാവന കൊണ്ടാണ് മക്കളെ പഠിപ്പിച്ചത്. സിടിടിയുവിന്റെ മുഖപത്രമായിരുന്ന യുവകേരളത്തിന്റെ പത്രാധിപരായി കൊച്ചിയില്‍ വന്നകാലത്താണല്ലോ അദ്ദേഹം സാംസ്‌കാരിക രംഗത്ത് സജീവമാകുന്നത്. മൂത്ത മകള്‍ ഡോ. ജാസ്മിനും കുടുംബവും അമേരിക്കയിലാണ്. എഞ്ചിനീയറായ സിന്ധുവും കുടുംബവും ഗള്‍ഫിലും. സംഗീതാധ്യാപികയായ ഫൗസിയ നാട്ടില്‍ തന്നെയാണ്. സെയ്തുമുഹമ്മദിക്കയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും തുണയായിരുന്ന ഖദീജ ടീച്ചര്‍, സാമൂഹ്യപ്രവര്‍ത്തനരംഗത്ത് തുടരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss