|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എന്റെ പ്രതിജ്ഞ നിറവേറ്റി: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

Published : 30th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരിഞ്ഞുനോക്കുമ്പോള്‍ താന്‍ സംതൃപ്തനാണെന്നും തന്റെ പ്രതിജ്ഞ താന്‍ നിറവേറ്റിയെന്നാണ് വിശ്വാസമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്. 18 വര്‍ഷം നീണ്ട ന്യായാധിപ ജീവിതത്തിനു വിരാമമിട്ട് ഇന്നലെ സ്ഥാനമൊഴിഞ്ഞ കുര്യന്‍ ജോസഫിനു സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ജഡ്ജി ആകുന്നതിനെ എതിര്‍ത്ത ഏക വ്യക്തി എന്റെ ഭാര്യ റൂബിയാണെന്നു ചടങ്ങില്‍ മറുപടി പ്രഭാഷണം നടത്തിയ കുര്യന്‍ ജോസഫ് പറഞ്ഞു. മുള്‍ക്കിരീടമാണ് ചുമക്കാന്‍ പോകുന്നതെന്നായിരുന്നു ഭാര്യയുടെ മുന്നറിയിപ്പ്. എന്നാല്‍, ആ കിരീടം റോസ് പൂക്കള്‍ കൊണ്ടുള്ളതാക്കാമെന്ന് ഞാന്‍ ഭാര്യക്ക് ഉറപ്പുനല്‍കിയിരുന്നു. എന്റെ പ്രതിജ്ഞ ഞാന്‍ നിറവേറ്റിയെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതങ്ങളും ഭാഷയും സംസ്‌കാരവും അടക്കമുള്ള വൈരുധ്യങ്ങളുടേതാണ് ഈ രാജ്യം. വൈരുധ്യങ്ങള്‍ക്കിടയിലും ഇന്ത്യ ഒന്നാകുന്നത് ഭരണഘടന മൂലമാണ്. ഭരണഘടനയെ വ്യാഖ്യാനിക്കുന്ന ജഡ്ജിമാര്‍ രാജ്യത്തിന്റെ വൈരുധ്യം മനസ്സില്‍ വയ്ക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
ജസ്റ്റിസ് കുര്യനും ഞാനും തമ്മില്‍ വളരെ കാലമായി നല്ല സൗഹൃദമാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കുര്യന് ഒരു പരിഹാരമുണ്ടായിരുന്നു. നല്ല ജഡ്ജിമാര്‍ പോകുമ്പോള്‍ നല്ല വ്യക്തികള്‍ ജഡ്ജിമാരായി കടന്നുവരണമെന്നും ചടങ്ങില്‍ സംസാരിച്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
1960കള്‍ മുതല്‍ സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചുപറയാം, സുപ്രിം കോടതിയിലെ മികച്ച ജഡ്ജിയെ തിരഞ്ഞെടുക്കാന്‍ ഒരു വോട്ടെടുപ്പ് നടത്തിയാല്‍ ഒന്നാം സ്ഥാനം ജസ്റ്റിസ് കുര്യന്‍ ജോസഫിന് ആകുമെന്നായിരുന്നു കെ കെ വേണുഗോപാല്‍ പറഞ്ഞത്.
അവസാന പ്രവൃത്തിദിവസമായ ഇന്നലെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ഒന്നാം നമ്പര്‍ കോടതിയില്‍ ചീഫ്ജസ്റ്റിസിനൊപ്പമിരുന്നാണ് കുര്യന്‍ ജോസഫ് കേസുകള്‍ പരിഗണിച്ചത്. ഹരജികള്‍ പരിഗണിച്ചുകഴിഞ്ഞപ്പോള്‍ അറ്റോര്‍ണി ജനറലും മറ്റ് അഭിഭാഷകരും അദ്ദേഹത്തെ അനുമോദിച്ചു സംസാരിച്ചു.
അദ്ദേഹത്തിന്റെ സൗമ്യമായ സമീപനവും സദാ പുഞ്ചിരി തൂകുന്ന മുഖവുമായിരുന്നു എല്ലാവരും വര്‍ണിച്ചത്. കുര്യന്‍ ജോസഫിനു പകരം വരുന്നയാള്‍ക്കും ഇതേ പുഞ്ചിരി ഉറപ്പാക്കാന്‍ ചീഫ്ജസ്റ്റിസ് പരിശ്രമിക്കണമെന്നായിരുന്നു മുന്‍ അറ്റോര്‍ണി ജനറലായ മുകുള്‍ രോഹത്ഗിയുടെ നിര്‍ദേശം.
ജസ്റ്റിസ് കുര്യന്‍ ജോസഫാണ് സുപ്രിംകോടതിയിലെ ഏറ്റവും ജനപ്രിയ ജഡ്ജി എന്നായിരുന്നു സുപ്രിംകോടതി ബാര്‍ അസോ. പ്രസിഡന്റ് വികാസ് സിങ് പറഞ്ഞത്. സുപ്രിംകോടതിയിലെ ഏറ്റവും മികച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് കുര്യനെന്നായിരുന്നു അഭിഭാഷകനായ രാജീവ് ധവാന്‍ പ്രതികരിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഉറച്ചുനിന്ന ജഡ്ജിയാണ് ജസ്റ്റിസ് ജോസഫെന്നും, മാനുഷിക പരിഗണനയോടെയും അനുകമ്പയോടെയുമാണ് അദ്ദേഹം കേസുകള്‍ പരിഗണിച്ചതെന്നും മുതിര്‍ന്ന വനിതാ അഭിഭാഷക ഇന്ദിര ജയ്‌സിങ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss