|    Apr 21 Sat, 2018 11:39 am
FLASH NEWS
Home   >  Fortnightly   >  

എന്റെ ജീവപരിസരത്തിലെ പ്രവാചക സാന്നിദ്ധ്യം

Published : 4th January 2016 | Posted By: TK
 


ഞാന്‍ മതകീയാന്തരീക്ഷത്തില്‍ വളര്‍ന്നവളല്ല. എന്റെ കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കന്‍ ജീവിത ശൈലിയുമായി ഇണക്കം സ്ഥാപിച്ചവരായിരുന്നു. അവര്‍ പരിഷ്‌കൃതചിത്തരും ബുദ്ധിശാലികളും ഉദാരമനസ്‌ക്കരും സംസ്‌ക്കാര സമ്പന്നരുമായിരുന്നു. ധാര്‍മിക മൂല്യങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നു. സദാചാരനിഷ്ഠരായിരുന്നു അവര്‍. എന്നാല്‍ ധാര്‍മ്മിക വ്യവസ്ഥ ദൈവ വിശ്വാസത്തെ നിദാനമാക്കിയാണുള്ളത് എന്ന കാര്യം അവര്‍ അംഗീകരിച്ചിരുന്നില്ല.  മരണാന്തര ജീവിതത്തിലും, രക്ഷാശിക്ഷകളിലുമുള്ള വിശ്വാസം യാഥാസ്ഥിതികമാണെന്നായിരുന്നു അവരുടെ പക്ഷം.


മര്‍യം ജമീല

ബാല്യകാലം മുതല്‍ക്കുതന്നെ എന്റെ ജീവിതത്തില്‍ മതം അധീശത്വം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. എന്റെ ആയുസ്സിലെ ഒരു ഘട്ടവും ഇതിന്നപവാദമല്ല. ചര്‍ച്ചിനോടും സിനഗോഗിനോടുമുള്ള വിപ്രതിപത്തി കാരണം ഞാന്‍ നീരീശ്വരവാദത്തെ ആശ്ലേഷിക്കുകയുണ്ടായി. എന്റെ കൗമാരവും. യുവത്വത്തിന്റെ ആദ്യനാളുകളും ആ വഴിക്കാണ് കടന്നുപോകുന്നത്. ഈശ്വര നിഷേധിയായി ജീവിച്ച സന്ദര്‍ഭങ്ങളിലും എന്നില്‍ മതത്തിന്റെ സ്വാധീനം ശക്തമായിരുന്നുവെന്നുവേണം കരുതുവാന്‍. കാരണം മനുഷ്യ ജീവിതത്തിന് അര്‍ത്ഥവും ഉദ്ദേശ്യവും പ്രദാനം ചെയ്യുന്ന ആത്യന്തിക സത്യത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ അപ്പോഴും.
mariyam jameelaഞാന്‍ മതകീയാന്തരീക്ഷത്തില്‍ വളര്‍ന്നവളല്ല. എന്റെ കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും അമേരിക്കന്‍ ജീവിത ശൈലിയുമായി ഇണക്കം സ്ഥാപിച്ചവരായിരുന്നു. അവര്‍ പരിഷ്‌കൃതചിത്തരും ബുദ്ധിശാലികളും ഉദാരമനസ്‌ക്കരും സംസ്‌ക്കാര സമ്പന്നരുമായിരുന്നു. ധാര്‍മിക മൂല്യങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നു. സദാചാരനിഷ്ഠരായിരുന്നു അവര്‍. എന്നാല്‍ ധാര്‍മ്മിക വ്യവസ്ഥ ദൈവ വിശ്വാസത്തെ നിദാനമാക്കിയാണുള്ളത് എന്ന കാര്യം അവര്‍ അംഗീകരിച്ചിരുന്നില്ല. ദൈവശാസ്ത്രവും ധാര്‍മ്മിക സംഹിതയും തമ്മിലുള്ള പാരസ്പര്യം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മരണാന്തര ജീവിതത്തിലും, രക്ഷാശിക്ഷകളിലുമുള്ള വിശ്വാസം യാഥാസ്ഥിതികമാണെന്നായിരുന്നു അവരുടെ പക്ഷം.

മനുഷ്യ ജീവിതത്തില്‍ ഇടപെടുകയും മനുഷ്യന്റെ പ്രാര്‍ത്ഥനകള്‍ ശ്രവിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള വിശ്വാസവും പഴഞ്ചനാണെന്നായിരുന്നു അവരുടെ നിലപാട്. വെളിപാടിനെയും പ്രവാചകത്വത്തെയും അവര്‍ അപ്രകാരം തന്നെയാണ് സമീപിച്ചത്.
ചിന്തിക്കാനും വസ്തുതകള്‍ മനസ്സിലാക്കാനും പക്വത നേടിയതു മുതല്‍ക്കു തന്നെ എന്റെ സമൂഹം പ്രതിനിധാനം ചെയ്ത മൂല്യവ്യവസ്ഥയോട് എനിക്ക് കഠിനമായ വിയോജിപ്പും വെറുപ്പും തോന്നിതുടങ്ങിയിരുന്നു.

മനുഷ്യ ജീവിതത്തെ വിനോദ പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതിപ്പെടുത്താനുള്ള ആശയതലം രൂപപ്പെടുത്തുകയെന്നതായിരുന്നു ഈ മൂല്യവ്യവസ്ഥകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. ആനന്ദത്തില്‍ ആറാടാന്‍ മാത്രമുള്ള ഒരു വേദിയായി മനുഷ്യ ജീവിതത്തെ ഈ മൂല്യവ്യവസ്ഥ പരിചയപ്പെടുത്തി. എന്നാല്‍ ഞാന്‍ തേടിയതാവട്ടെ, ശാശ്വതീകത്വമുള്ള ഉന്നതവും ഉദാത്തവുമായ മൂല്യങ്ങളെയായിരുന്നു. ആത്യന്തിക സത്യങ്ങളെകുറിച്ചോ ഉന്നത മൂല്യങ്ങളെ കുറിച്ചോ എന്റെ സമൂഹത്തിലെ വ്യക്തികള്‍ക്ക് ഒരു സമാധാനവും പറഞ്ഞു തരാനില്ലായിരുന്നു.

പരമമായ സത്യവും തേടികൊണ്ടുള്ള പ്രയാണത്തില്‍ നിന്നും വിരമിക്കണമെന്നാണവര്‍ എന്നോട് ആവശ്യപ്പെട്ടത്. ശാരീരിക സ്വസ്തത, രുചികരമായ ഭക്ഷണവിഭവങ്ങള്‍, കുടുംബബന്ധം, ലൈംഗിക സൗഹൃദം തുടങ്ങിയവ അതിന്റെ പരമ കാഷ്ടയില്‍ ആസ്വദിക്കണമെന്നാണവര്‍ ആഗ്രഹിച്ചത്. ഇത്തരം സുഖസൗഭാഗ്യങ്ങള്‍ അമേരിക്ക നിര്‍ലോഭം നല്‍കികൊണ്ടിരിക്കുകയും ചെയ്യുന്നു. നാം എന്തു കൊണ്ട് സൃഷ്ടിക്കപ്പെട്ടു, നമ്മെ ആര്‍ സൃഷ്ടിച്ചു. എന്തുകൊണ്ട് മരണം സംഭവിക്കുന്നു. മരണാനന്തരം എന്തുസംഭവിക്കുന്നു എന്നീ ചോദ്യങ്ങളൊന്നും ഉന്നയിക്കപ്പെടരുതെന്നാണവരുടെ ശാഠ്യം.
islam and the western societyപരിവര്‍ത്തനം കൊതിക്കുകയും അഭിലഷിക്കുകയും ചെയ്യുന്നവര്‍ എന്ന നിലയില്‍ അമേരിക്കക്കാര്‍ പ്രശംസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുരോഗമനവാദികള്‍ക്ക് അമേരിക്ക പരിവര്‍ത്തനത്തിന്റെ പര്യായമാണ്. ഒരു സാമൂഹ്യ ചിന്തയുടെയോ മതത്തിന്റെയോ ചട്ടക്കൂടിന് വഴങ്ങാത്ത രാജ്യമായതിനാല്‍ മാറ്റത്തെയും പരിവര്‍ത്തനത്തെയും പ്രചോദിപ്പിക്കാന്‍ അമേരിക്കക്ക് കഴിയുമെന്നാണവരുടെ വാദം. മാറ്റത്തിന് വേണ്ടി മാത്രമുള്ള മാറ്റത്തെ അംഗീകരിക്കുന്നവളല്ല ഞാന്‍.

സ്ഥായിത്തവും സ്ഥിരതയുമില്ലാത്ത മൂല്യ സംഹിതയുടെ അഭാവത്തില്‍ മനുഷ്യജീവിതം വില കെട്ടതായിത്തീരും എന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍. പരിവര്‍ത്തനത്തിന്റെ മേല്‍വിലാസത്തില്‍ കൃത്രിമമായി പടച്ചുണ്ടാക്കുന്ന അസ്ഥിരത മനുഷ്യജീവിതത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എന്റെ അന്വേഷണം എല്ലായ്‌പ്പോഴും പരമയാഥാര്‍ത്ഥ്യങ്ങള്‍ക്കും, നിത്യസത്യങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു.
ക്രൈസ്തവ-യഹൂദ മതങ്ങള്‍ക്കൊന്നും സ്വാഭാവികമായും എനിക്ക് സാന്ത്വനം നല്‍കാനായില്ല. സിനഗോഗ് എന്നെ ഒരല്‍പ്പവും ആകര്‍ഷിച്ചില്ല. സങ്കുചിതമായ അതിന്റെ നിലപാടുകള്‍ എന്നെ വല്ലാതെ വെറുപ്പിച്ചു.

muhammedസിയോണിസം ഫലസ്തീനിലെ തദ്ദേശിയരായ അറബികളോട് കാണിച്ചു കൂട്ടിയ അക്രമണങ്ങളും ക്രൂരതകളും കണ്ടു ഞാന്‍ പേടിച്ചമ്പരന്നു പോയി.
സങ്കീര്‍ണവും ദുര്‍ഗ്രാഹ്യവുമായ ക്രൈസ്തവ ദൈവശാസ്ത്രവുമായി പൊരുത്തപ്പെടാനുമെനിക്ക് കഴിഞ്ഞില്ല. ധാര്‍മ്മിക സദാചാര രംഗങ്ങളിലും, സാമ്പത്തിക രാഷ്ട്രീയ മേഖലകളിലും തിന്മകളും കൊള്ളരുതായ്മകളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ ക്രൈസ്തവ സഭയുമായി സന്ധിയാവാനും എനിക്കായില്ല. ചര്‍ച്ചും സിനഗോഗും അഴിമതിയിലാണ്ടുപോയിരുന്നു.
ജൂതമതത്തെ കുറിച്ച പഠനം നടത്തിയ അവസരത്തില്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനും എനിക്ക് കൗതുകം തോന്നി. ഇസ്‌ലാമിനെ കുറിച്ചോ ഇസ്‌ലാമിക നാഗരീകതയെ കുറിച്ചോ പഠിക്കാതെ അറബികളെ കുറിച്ച് പഠിക്കാനാവില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു.

ഞാന്‍ ഇസ്‌ലാമിനെ അറിയാന്‍ ആഗ്രഹിച്ചു. ഖുര്‍ആന്റെ സര്‍വ്വജനീനതയാണ് ബൈബിളിനെക്കാളും യഹൂദവേദങ്ങളെക്കാളും അതിന് ഔന്നത്യം നേടികൊടുക്കുന്നത്.
എന്റെ ദാഹം ശമിപ്പിച്ചത് ഇസ്‌ലാമാണ്. ഇസ്‌ലാമില്‍ സത്യവും സൗന്ദര്യവും നന്മയും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഇസ്‌ലാം മനുഷ്യ ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു. ഇതരമതങ്ങള്‍ സത്യത്തെ വിരൂപമാക്കുകയും, വികലമാക്കുകയും ചെയ്യുന്നു. ഈയൊരു കണ്ടെത്തലിലേക്ക് എന്നെ എത്തിച്ച വസ്തുതകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് എന്റെ അനുഭവം എന്ന് മാത്രമേ എനിക്ക് മറുപടിയുള്ളൂ.
ഇസ്‌ലാമുമായുള്ള എന്റെ വേഴ്ച ഒറ്റയടിക്ക് സംഭവിച്ചതല്ല. അവധാനതയോടുകൂടിയ ഒരു പ്രക്രിയയായിരുന്നു അത്.

ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവന്ന ചിലര്‍ക്കുണ്ടായതുപോലെ സ്വപ്‌നത്തില്‍ പ്രവാചകനെ ദര്‍ശിച്ച ഒരനുഭവം എനിക്കുണ്ടായില്ല. ഞാനെന്നും ഒരു മുസ്‌ലിമായിരുന്നുവെന്നാണ് എന്റെ വിശ്വാസം. ഇസ്‌ലാമിനെ കുറിച്ചറിയും മുമ്പേ മനസ്സാ ഞാനൊരു മുസ്‌ലിമായിരുന്നു. ഇസ്‌ലാം എന്ന് കേള്‍ക്കും മുമ്പേ തന്നെ എന്റെ വികാരവിചാരങ്ങള്‍ ഒരു മുസ്‌ലിമിന്റെതു തന്നെയായിരുന്നു.
ഖുര്‍ആന്‍ പഠനം ആരംഭിച്ചപ്പോള്‍ തന്നെ ഒരു സംഗതി എനിക്ക് ബോധ്യപ്പെട്ടു. ഹദീസ് പരിജ്ഞാനം കൂടാതെ ഖുര്‍ആന്‍ പഠനം അസാധ്യമാണെന്നായിരുന്നു ആ വസ്തുത. ഖുര്‍ആന്‍ ആര്‍ക്കാണോ അവതരിച്ചത് അദ്ദേഹം തന്നെയാണ് ഖുര്‍ആന്‍ വ്യഖ്യാനിക്കാന്‍ ഏറ്റവും അര്‍ഹന്‍. ഖുര്‍ആന്‍ സാമാന്യമായ തത്വങ്ങള്‍ അവതരിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ ഹദീസിലാണ് കണ്ടെത്താനാവുക.
പ്രവാചകന്റെ ജീവിത രീതിയെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും ആഇശയോട് ചോദിക്കുകയുണ്ടായി. ‘അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു’ അവരുടെ മറുപടി അതായിരുന്നു. ഖുര്‍ആനിക അദ്ധ്യാപനങ്ങളുടെ യഥാതഥമായ ചിത്രീകരണമായിരുന്നു പ്രവാചക ജീവിതം.

ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച സര്‍വ്വ നന്മകളുടെയും ആള്‍രൂപമായിരുന്നു പ്രവാചകന്‍. ദൈവദാസനെക്കുറിച്ചുള്ള ഖുര്‍ആനിക സങ്കല്‍പ്പത്തിന്റെ സമ്പൂര്‍ണമായ മാതൃകയും പ്രതീകവുമായിരുന്നു അദ്ദേഹം. പ്രവാചകന്റെ ദൈന ദിന ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി നമുക്ക് ഒപ്പിയെടുക്കാന്‍ കഴിയും.
അതീവ സൂക്ഷ്മവും വ്യവസ്ഥാപിതവുമായിരുന്നു അദ്ദേഹത്തിന്റെ ദൈനദിന ജീവിതം. പ്രഭാത നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ പഠന പരിശീലനങ്ങള്‍ക്കായി എത്തിയവര്‍ക്ക് വേണ്ടി ഏതാനും സമയം ചെലവഴിക്കും. തര്‍ക്ക പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കും. പ്രതിനിധി സംഘങ്ങളെ സ്വീകരിക്കും. എഴുത്തുകുത്തുകള്‍ക്ക് ഏര്‍പാട് ചെയ്യും. പൊതുകാര്യങ്ങളില്‍ നിന്നും വിരമിച്ചാല്‍ ഗൃഹജോലികളില്‍ മുഴുകും. പിന്നീട് രോഗികളെയും അധസ്ഥിതിയില്‍ കഴിയുന്നവരെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കും. ഇത്രയുമായാല്‍ മദ്ധ്യാഹ്ന (ളുഹ്ര്‍) നമസ്‌ക്കാരത്തിനുള്ള സമയമാവും. ശക്തനും കരുത്തനുമായിരുന്നു മുഹമ്മദ്. ക്ഷീണം അനുഭവപ്പെട്ടതായി ഒരിക്കല്‍പോലും അദ്ദേഹം ആവലാതിപ്പെടുകയുണ്ടായില്ല.
പ്രവാചകന്റെ വിശുദ്ധ ജീവിതം അദ്ദേഹത്തിന്റെ ബന്ധുക്കളായ സ്ത്രീകളില്‍ എന്തുപ്രതിഫലമാണ് സൃഷ്ടിച്ചതെന്ന് നമുക്ക് പരിശോധിക്കാം. ഹസ്രത്ത് അലി ഒരിക്കല്‍ തന്റെ ശിഷ്യന്മാരില്‍ ചിലരോട് ഇപ്രകാരം വിളിച്ച് ചോദിച്ചു: പ്രവാചകന്‍ ഓമന പുത്രി ഫാത്വിമയുടെ കഥ ഞാന്‍ നിങ്ങള്‍ക്ക് കേള്‍പ്പിക്കട്ടെ. അദ്ദേഹം പറഞ്ഞു തുടങ്ങി: ‘ഫാത്വിമ പതിവായി ധാന്യങ്ങള്‍ ഇടിച്ച് പൊടിയാക്കുമായിരുന്നു. ആ കാരണത്താല്‍ അവളുടെ കൈകളില്‍ തഴമ്പു വന്നു. വീട്ടാവശ്യങ്ങള്‍ക്കായി ദൂരെനിന്നും വെള്ളം ശേഖരിച്ചു കൊണ്ടുവന്നിരുന്നതിനാല്‍ അവളുടെ നെഞ്ചില്‍ പാടുകളും കലകളും വീണു. ഒരവസരം മദീനയിലേക്ക് ഏതാനും യുദ്ധത്തടവുകാരെ കൊണ്ടുവന്നു. അന്നേരം ഞാന്‍ ഫാത്വിമയോട് ഇപ്രകാരം പറഞ്ഞു: നീ പ്രവാചകന്റെ സമീപം ചെന്ന് വീട്ടുകാര്യങ്ങളില്‍ നിന്നെ സഹായിക്കാനായി ഒരു ഭൃത്യനെ ആവശ്യപ്പെടുക.’ഫാത്വിമ പ്രവാചക സന്നിധിയിലേക്ക് പുറപ്പെട്ടു. പ്രവാചകനു ചുറ്റും ആളുകള്‍ കൂട്ടം കൂടി നിന്നിരുന്നതിനാല്‍ ഫാത്വിമക്ക് തന്റെ ആവശ്യം ഉന്നയിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മടങ്ങി.

പിറ്റേന്ന് പ്രവാചകന്‍ ഞങ്ങളുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിച്ചതിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് പ്രവാചകന്‍ ഫാത്വിമയടോയ് ചോദിച്ചു. പ്രവാചകനോട് തന്റെ ആവശ്യം പറയുവാന്‍ ഫാത്വിമ മടിച്ചു. അന്നേരം ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ധാന്യങ്ങള്‍ പൊടിക്കുന്നതുകാരണമായി ഫാത്വിമയുടെ കൈകളില്‍ തഴമ്പുവന്നു. വെള്ളം ശേഖരിച്ചു കൊണ്ടുവരിക കാരണം അവളുടെ നെഞ്ചില്‍ കലകള്‍ വീണിരിക്കുന്നു. യുദ്ധതടവുകാര്‍ എത്തിയ വാര്‍ത്തയറിഞ്ഞപ്പോള്‍ ഒരു ഭൃത്യനെ ഏര്‍പ്പെടുത്തിത്തരാനായി ഞാന്‍ അവളെ പറഞ്ഞയക്കുകയായിരുന്നു.’എന്നാല്‍ പ്രവാചകന്റെ പ്രതികരണം ഇവ്വിധമായിരുന്നു: ‘ഫാത്വിമാ നീ അല്ലാഹുവിനെ ഭയപ്പെടുക. ഉറങ്ങാന്‍ വിരിപ്പിലേക്ക് പോവുന്നയവസരത്തില്‍ സുബ്ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും മുപ്പത്തിമൂന്ന് തവണ ചൊല്ലുക. പിന്നെ അല്ലാഹു അക്ബര്‍ എന്ന് മുപ്പത്തിനാല് വട്ടം ഉരുവിടുക. ഒരു ഭൃത്യനെക്കാളും അത് നിനക്ക് സഹായകമായിത്തീരും.’ അപ്പോള്‍ ഫാത്വിമ പറഞ്ഞു: ഞാന്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും സംതൃപ്തയായിരിക്കുന്നു.’
പ്രവാചക പത്‌നിമാരുടെ ജീവിതത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. ആഇശപറയുന്നു: പ്രവാചകന്റെ ഭാര്യമാരില്‍ സൂക്ഷ്മതയിലും ഭയഭക്തിയിലും മൈമൂന മറ്റെല്ലാവരുടെയും മുമ്പിലായിരുന്നു. പ്രാര്‍ത്ഥനയില്‍ മുഴുകിയ നിലയിലോ, ഗൃഹജോലികളില്‍ വ്യാപൃതയായ നിലയിലോ മാത്രമേ അവര്‍ കാണപ്പെടാറുണ്ടായിരുന്നുള്ളൂ.’
സ്ത്രീവാദികള്‍ എന്നറിയപ്പെടുന്നവര്‍ക്ക് ഈ പരാമര്‍ശം പഥ്യമായി കൊള്ളണമെന്നില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരു സത്രീയെ സംബന്ധിച്ചിടത്തോളം ഇത്രമേല്‍ അപര്യാപ്തവും പരിമിതവുമായ സാഹചര്യത്തില്‍ ജീവിക്കാന്‍ കഴിയുമോ എന്നവര്‍ ചോദ്യം ഉന്നയിച്ചെന്ന് വരാം. യന്ത്രയുഗത്തിന്റെ താളങ്ങള്‍ക്കൊത്ത് അതിവേഗം കറങ്ങികൊണ്ടിരിക്കുന്നതാണ് ആധുനിക മനുഷ്യരുടെ ജീവിതം. അവന്‍ എപ്പോഴും സജീവത പ്രകടിപ്പിക്കേണ്ട അനിവാര്യതയിലാണുള്ളത്. അവര്‍ നിലക്കാത്ത ഓട്ടത്തിലാണ്. ഇത് ഒരു നന്മയായാണ് അവന്‍ കണക്കാക്കുന്നത്. ആധുനിക യുഗത്തിലെ സ്ത്രീപുരുഷന്മാര്‍ക്ക് വിപുലവും വ്യത്യസ്തങ്ങളുമായ അനുഭവങ്ങള്‍ ഉണ്ടെന്ന് വരാം. പക്ഷേ, അവരുടെ ചിന്ത അപക്വമാണ്. ഒരു കാര്യം ബോധ്യപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കേ തന്നെ അമേരിക്കന്‍ വനിതകള്‍ അസംതൃപ്തരാണ്. ഉയര്‍ന്ന ജീവിത രീതി സ്വീകരിക്കുന്നവരാണവര്‍, ഏറ്റവും ആകര്‍ഷണീയമായി വസ്ത്രം ധരിക്കുന്നവരാണവര്‍, ഏറ്റവും രുചികരമായ ആഹാരം ഭക്ഷിക്കുന്നവരാണ് അവര്‍. അവര്‍ ഏറ്റവും സൗകര്യപ്രദമായ വീടുകളില്‍ താമസിക്കുന്നു. പൂര്‍ണ സ്വതന്ത്രര്‍. ഈ സൗഭാഗ്യങ്ങളൊക്കെ ആസ്വദിക്കുന്നവരെങ്കിലും അവര്‍ അസ്വസ്ഥരാണ്. അവരില്‍ പലരും മനോരോഗികളാണ്.
പ്രവാചകനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നൈമിഷികങ്ങളായ സുഖാനുഭൂതികളില്‍ പരിമിതമല്ല. പരലോകമോക്ഷം കരഗതമാക്കുവാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമാണ് ഐഹിക ജീവിതത്തിലെ ആനന്ദവും സന്തോഷവും. സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരാവകാശങ്ങള്‍ കരസ്ഥമാക്കുക, കലാശാസ്ത്രമേഖലകളില്‍ മികവും പ്രശസ്തിയും ഉണ്ടാവുക. ഉയര്‍ന്ന വരുമാനം ലഭ്യമാവുക എന്നിവയാണ് ഇന്ന് നേട്ടങ്ങളായി ലോകം വിലയിരുത്തുന്നത്. ഫലപ്രദങ്ങളായ കര്‍മ്മങ്ങളിലൂടെ ശാശ്വത അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതനായി തീരുകയെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ നേട്ടം. ഖുര്‍ആനിനും സുന്നത്തിനും അനുസൃതമായി ജീവിതം നയിക്കുക വഴി പാരത്രിക മോക്ഷം ഉറപ്പുവരുത്തുകയാണ് വലിയ നേട്ടം.
ഈ കാര്യം വമ്പിച്ച പ്രാധാന്യത്തോടെ നബി പഠിപ്പിച്ചു. ഹിജ്‌റ ഒന്നാം വര്‍ഷം മദീന പള്ളിയില്‍ നബി നടത്തിയ പ്രഭാഷണം ശ്രദ്ധിക്കുക:
ജനങ്ങളേ, നിങ്ങള്‍ വിഭവങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ചു കൊള്ളുക, അറിഞ്ഞു കൊള്ളുക നിങ്ങളോരോരുത്തരും പരിഭ്രാന്തനാകുന്ന ഒരവസരം വരാനിരിക്കുന്നുണ്ട്. അല്ലാഹു ഓരോ വ്യക്തിയോടും ചോദിക്കും. എന്റെ ദൂതന്മാര്‍ നിങ്ങളുടെ സമീപം വരികയുണ്ടായില്ലേ, എന്റെ സന്ദേശം നിനക്കവര്‍ എത്തിക്കുകയും ചെയ്തില്ലേ? ഞാന്‍ നിനക്ക് സമ്പത്തു നല്‍കി അനുഗ്രഹിച്ചു. എന്നാല്‍ നിനക്കുവേണ്ടി നീയെന്താണ് കരുതിവെച്ചിട്ടുള്ളത്? അന്നേരം അവന്‍ വലത്തും ഇടത്തും നോക്കും. തന്നെ സഹായിക്കാന്‍ പോന്ന ഒന്നും അവന് കണ്ടെത്താന്‍ കഴിയില്ല. പിന്നീട് മുന്‍ഭാഗത്തേക്ക് നോക്കുമ്പോള്‍ നരകാഗ്നിയാണ് അവന്‍ കാണാനാവുക. അതിനാല്‍ ഒരു കാരക്കയുടെ ശകലം കൊണ്ടെങ്കിലും തന്റെ മുഖം നരകത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുന്നവര്‍ അങ്ങിനെ ചെയ്യട്ടെ. അതിന് കഴിയാത്തവര്‍ അലിവുള്ള ഒരു വാക്ക് ഉച്ചരിക്കട്ടെ.’
ഹിജ്‌റ ഒമ്പതാം വര്‍ഷം തബൂക്കില്‍ വെച്ച് നബി ഇങ്ങനെ പറഞ്ഞു: പ്രമാണങ്ങളില്‍ ഏറ്റവും സത്യസന്ധം ദൈവഗ്രന്ഥമാണ്. വിശ്വാസം അര്‍പ്പിക്കാവുന്നവയില്‍ അത്യുത്തമം ഭക്തിയാണ്. മുഹമ്മദിന്റെ ജീവിത ചര്യയാണ് പരമശ്രേഷ്ടം. മരണങ്ങളില്‍ സര്‍വ്വാദരണീയം രക്തസാക്ഷിത്വമാണ്. മനഃസംതൃപ്തി നല്‍കുന്ന ചെറിയ അളവിലുള്ള വിഭവമാണ് മനഃശല്യമുണ്ടാക്കുന്ന വലിയ അളവിലുള്ള വിഭവങ്ങളേക്കാള്‍ അഭികാമ്യം. സത്യമാര്‍ഗം കണ്ടെത്തിയതിന് ശേഷമുള്ള മാര്‍ഗഭൃംശമാണ് ഏറ്റവും അപലപനീയം. അന്ധതകളില്‍ അതി നിന്ദ്യമായത് ഹൃദയത്തിന്റെ അന്ധതയാണ്. മതകാര്യങ്ങളില്‍ പുതുതായി കെട്ടിച്ചമയ്ക്കുന്നത് അതിനിന്ദ്യമാണ്. മരണവേളകളിലെ പാശ്ചാത്തപവും പുനരുദ്ധാന നാളിലെ ഖേദപ്രകടനവും അനഭിലഷണീയങ്ങളാണ്.’
ഇങ്ങിനെ മഹാനായ പ്രവാചകന്‍  എനിക്കും എല്ലാ ദേശങ്ങളിലും എല്ലാ കാലങ്ങളിലുമുള്ള മനുഷ്യര്‍ക്കും ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും പഠിപ്പിച്ചു. പരിഗണിക്കപ്പെടേണ്ടതെന്തെന്നും അപ്രസക്തങ്ങളേതെന്നും അദ്ദേഹം പറഞ്ഞുതന്നു. ഹിന്ദുവിസത്തിലും ബുദ്ധനിസത്തിലും ക്രിസ്ത്യാനിറ്റിയിലുമുള്ളപോലുള്ള സന്യാസം അദ്ദേഹം നിരാകരിച്ചു. നര്‍മ്മബോധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രായഭേദമന്യേ എല്ലാവരുമായും അദ്ദേഹം വിനോദപ്രവര്‍ത്തനങ്ങളില്‍ മുഴുകുമായിരുന്നു. അദ്ദേഹം ജീവിതത്തിന്റെ ആനന്ദവും സന്തോഷവും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാ വേളകളില്‍ ഭക്തിയുടെ ഉജ്വലപ്രവാഹം പ്രകടമായിരുന്നു. ഉറങ്ങും മുമ്പായി അദ്ദേഹം എല്ലാ രാവിലും ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ പുനരുദ്ധാരണ നാളിലെ ക്ലേശങ്ങളില്‍ നിന്നും എന്നെ രക്ഷിക്കണമേ. ഞാന്‍ നിന്റെ പേരില്‍ മരിക്കുന്നു. നിന്റെ പേരില്‍ ജീവിക്കുകയും ചെയ്യുന്നു.’

(വിവ: ടി കെ ആറ്റക്കോയ)

(ഇസ്‌ലാം ആന്റ് വെസ്റ്റേണ്‍  സൊസൈറ്റി എന്ന പുസ്തകത്തില്‍ നിന്ന്)

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss