|    Oct 21 Sun, 2018 6:52 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

എന്റെ കേരളത്തിനെന്തു പറ്റി?

Published : 15th May 2017 | Posted By: fsq

ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമോ? പൂര്‍ത്തിയാക്കിയാല്‍ സാംസ്‌കാരിക കേരളം എന്ന നാമധേയം കേരള മണ്ണിന് ഒഴിവായിക്കിട്ടും. പകരം കൊലപാതകികളുടെ കേരളം എന്നോ മറ്റോ മതിയാവും. ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ നാം രോമാഞ്ചം കൊണ്ടിരുന്നത് ഇനി ഏറെ നാളത്തേക്കുണ്ടാവില്ല. സത്യം പറഞ്ഞാല്‍, ഏറെ പ്രതീക്ഷയിലായിരുന്നു ജനം. യുഡിഎഫ് ഭരണസംവിധാനം അത്രയേറെ ജനത്തെ മടുപ്പിച്ചു. അതില്‍ നിന്നൊക്കെ പാഠം ഉള്‍ക്കൊണ്ടുവരുന്നവരല്ലേ, കാര്യങ്ങളൊന്നും പഴയപടി ആയിരിക്കില്ലെന്നു ധരിച്ചുവശായവര്‍ ഇന്നു വായില്‍ വിരല്‍ വച്ചിരിപ്പാണ്. ഇത്രയ്ക്ക് ഭരണശേഷിയില്ലാത്ത ഒരു സര്‍ക്കാര്‍ ഇതിനു മുമ്പ് കേരളം കണ്ടിട്ടേയില്ല. ധനകാര്യം, പോലിസ്, സാമ്പത്തികം, ഐടി വിഭാഗം, സാംസ്‌കാരികം എല്ലാം കുത്തഴിഞ്ഞ നിലയിലാണ്. ഒരു ജനകീയ സര്‍ക്കാരില്‍ നിന്നു കേരള ജനത എന്താണ് ന്യായമായും പ്രതീക്ഷിക്കുക? വെട്ടവും വെളിച്ചവും മനസ്സമാധാനവും. അരിയും തുണിയും ഇനിയുള്ള കാലം സര്‍ക്കാരുകളുടെ നിയന്ത്രണത്തിലല്ല. കൈയൂക്കുള്ളവന് അരി കിട്ടും. കാര്യശേഷിയുള്ളവന് ഉടുതുണിക്കു മറുതുണി കിട്ടും. ഭരണാധികാരികള്‍ എന്ന ലേബലില്‍ സെക്രട്ടേറിയറ്റില്‍ ചടഞ്ഞുകൂടുന്നവര്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ ജില്ലയിലും എത്രയോ ഹര്‍ത്താലുകള്‍ നടന്നുകഴിഞ്ഞു. അത്രതന്നെ കൊലപാതകങ്ങളും പ്രതിദിനം അരങ്ങേറുന്നു. കൊള്ളക്കാരുടെ ചമ്പല്‍ ഗ്രാമങ്ങളിലെ സ്ഥിതിയാണ് ഓരോ നഗരത്തില്‍ നിന്നും കേള്‍ക്കുന്നത്. കൊള്ള, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീപീഡനങ്ങള്‍, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി കേരളം എല്ലാറ്റിന്റെയും തലസ്ഥാനനഗരി ആയിരിക്കുകയാണ്. പോലിസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണ് എന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ ഓരോ ദിവസവും ദിനപത്രങ്ങളില്‍ വെണ്ടയ്ക്കാ അക്ഷരങ്ങളില്‍ നിരത്തപ്പെടുന്നു. ജനത്തിന് അവസാന ആശ്രയമായിരുന്നു പണ്ടൊക്കെ കോടതികള്‍. കോടതികളില്‍ എന്തു നടക്കുന്നു എന്നത് ജനത്തിന് ഇന്നു കേട്ടറിവു മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ “വാര്‍ക്കപ്പണിക്കാരെ’ക്കൊണ്ട് പൊറുതിമുട്ടുന്നു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന കോളജ് ഹോസ്റ്റലുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നു എന്നു പറയുമ്പോള്‍ ഒറ്റപ്പെട്ട സംഭവമായി ചുരുക്കിക്കാണരുത്. വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ കാംപസുകളില്‍ എന്തൊക്കെ സംഭവിക്കും എന്നതിന്റെ പ്രത്യക്ഷ നിദര്‍ശനമാണ് ആ കമ്പിവടികളും അറക്കവാളുകളും നല്‍കുന്ന സൂചന. ഏതൊരു സാംസ്‌കാരിക സമൂഹത്തിന്റെയും ഭദ്രമായ നാമ്പ് കലാലയങ്ങളിലാണ്. കേരളത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളില്‍ കലാലയങ്ങള്‍ കൊലക്കളങ്ങളാവുന്നതിന്റെ സൂചനകള്‍ വിളിച്ചുപറയുന്ന ഒട്ടേറെ സംഭവങ്ങള്‍! അടുത്തിടെ ചാനലില്‍ ഒരു കാഴ്ച കണ്ടു. വിദ്യാര്‍ഥി നേതാവ് എന്നു മാധ്യമലോകം വിശദീകരിച്ച ഒരു റൗഡി സ്വന്തം പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു വിരല്‍ചൂണ്ടി ഭീഷണിപ്പെടുത്തുന്നു. ആ സാധു വനിത ഭയന്നു വിറച്ചുനില്‍ക്കുന്നു. സി അച്യുതമേനോനെയും പി കെ വാസുദേവന്‍ നായരെയും സി എച്ച് മുഹമ്മദ് കോയയെയും മറ്റും മുഖ്യമന്ത്രിമാരാ—യി കണ്ട കേരളം ഇന്നത്തെ അവസ്ഥയില്‍ ഓര്‍ക്കാനൊന്നുമില്ലാതെ കേഴുകയാണ്. ഒരു കച്ചവട സിനിമയില്‍ പറഞ്ഞതുപോലെ തോക്ക്, വടിവാള്‍, മലപ്പുറം കത്തി, അമ്പും വില്ലും… എന്തൊക്കെയായിരുന്നു? ജനം മൂക്കത്തു വിരല്‍ വച്ചു ചിരിക്കുകയാണ്. കേരളം തെങ്ങിന്റെ സ്വന്തം നാടാണ്. ചകിരിച്ചോറുണ്ടാക്കാനും കയര്‍ പിരിക്കാനും പദ്ധതികള്‍ തയ്യാറാക്കുകയാണ് ധനമന്ത്രി. കയര്‍ ഉപയോഗിച്ച് ഭൂവസ്ത്രം തയ്യാറാക്കി തീരദേശമേഖലയെ അണിയിക്കാനൊരുങ്ങുന്നു. സംഗതി നന്ന്. 1957 മുതല്‍ ഭരിക്കുന്ന ആശാന്‍മാര്‍ക്ക് 2017ലാണോ കയറിനെപ്പറ്റി വെളിപാടുണ്ടായത്? കണ്ണൂര്‍ ജില്ലയില്‍ മാത്രം ഏക്കര്‍കണക്കിനാണ് കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി കച്ചവടത്തിനു നിലം ഒരുക്കുന്നത്. പുഴയായ പുഴയൊക്കെ മല്‍സ്യവിത്തുകള്‍ വിതറി മല്‍സ്യസമ്പത്ത് പുനഃസൃഷ്ടിക്കാന്‍ ആശാന്മാര്‍ തകൃതികൂട്ടുന്നു. പാവം മല്‍സ്യങ്ങള്‍! കമ്മ്യൂണിസ്റ്റുകള്‍ക്ക് കേരളത്തില്‍ എന്തു സംഭവിച്ചു? ജയിലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനല്ല, ഊളമ്പാറയ്ക്കും കുതിരവട്ടത്തിനും പുറമേ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss