|    Apr 25 Wed, 2018 2:47 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്നെ ഭീകരനാക്കിയ കഥ

Published : 8th March 2016 | Posted By: SMR

slug--anubhavamപഴയ ഡല്‍ഹിയില്‍ ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് ആമിര്‍ഖാന്‍ എന്ന യുവാവിന്റെ കഥയാണിത്. ഏതൊരു യുവാവും ആഗ്രഹിക്കുന്നതുപോലെ ഭേദപ്പെട്ട ഒരു ജോലിയും തരക്കേടില്ലാത്ത ഒരു വീടും ഒരു കുടുംബവും സ്വപ്‌നം കണ്ട യുവാവിന്റെ കഥ. പാകിസ്താനില്‍നിന്നെത്തിയ ഒരുസംഘം അക്രമികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കാന്‍ വേണ്ടി പോലിസ് തട്ടിക്കൊണ്ടുപോയതോടെ ആമിറിന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നു. അയാള്‍ ബോംബ് വയ്ക്കുന്ന, പാക് തീവ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഭീകരനായി. 14 വര്‍ഷം നീണ്ടുനിന്ന ജയില്‍വാസമായിരുന്നു പോലിസിന്റെ അതിവിചിത്രമായ നടപടികളുടെ അന്തിമഫലം. ആമിര്‍ തന്റെ കഥ വിവരിക്കുന്നതിങ്ങനെ:

ആ രാത്രിയില്‍ എന്നെ കൊണ്ടുപോയത് ചാണക്യപുരി പോലിസ് സ്‌റ്റേഷനിലേക്കായിരുന്നു. രാത്രി മുഴുവന്‍ ഞാന്‍ ലോക്കപ്പില്‍ കഴിഞ്ഞു. എന്നോടൊപ്പം കോടതിയില്‍ ഹാജരാക്കിയ മറ്റു രണ്ടുപേരും അവിടെയുണ്ടായിരുന്നു. കൂടാതെ കുറ്റവാളികള്‍ എന്നു തോന്നിക്കുന്ന വേറെ രണ്ടാളുകളും. ഞങ്ങള്‍ക്ക് അവര്‍ നാറുന്ന കമ്പിളിപ്പുതപ്പുകള്‍ തന്നു. ടോയ്‌ലറ്റില്‍ വെള്ളമില്ലായിരുന്നു. എനിക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നോട് സംസാരിക്കുന്നതില്‍നിന്ന് അവരെയും വിലക്കിയിരുന്നു. രാവിലെ എല്ലാവരെയും അന്തര്‍സംസ്ഥാന കുറ്റവാളികള്‍ക്കുള്ള മുറിയിലേക്കു മാറ്റി. ബോംബ് സ്‌ഫോടനത്തിന്റെ കുറ്റമേല്‍ക്കാന്‍ ഇവിടെവച്ചാണ് പോലിസ് എന്നോടാവശ്യപ്പെട്ടത്. കുറ്റമേറ്റെടുക്കണമെന്നും കേസ് വ്യാജമായതിനാല്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ എനിക്ക് പുറത്തുവരാമെന്നുമാണ് അവര്‍ പറഞ്ഞത്. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ എന്നെ മര്‍ദ്ദിച്ചു. എന്നെ കമിഴ്ത്തിക്കിടത്തി കൈകാലുകള്‍ കൂട്ടിപ്പിടിച്ച് ഒരു വില്ലുപോലെ വളച്ചു. അസഹനീയ വേദനയില്‍ എന്റെ പുറം പൊട്ടിത്തകരുന്നതായാണു തോന്നിയത്. പിന്നീട് കാല്‍മുട്ടിനടിയില്‍ ഒരു വടിവച്ച് അവര്‍ എന്റെ കാലില്‍ കയറിയിരുന്നു. കാല്‍മുട്ടിലെ വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. എന്റെ ശരീരത്തെയും ആത്മവീര്യത്തെയുമാണവര്‍ തകര്‍ത്തത്. അവര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെയാണ് വാഗ റെയില്‍വേ സ്റ്റേഷനില്‍ ഒരു ബാഗ് വച്ചതായി ഞാന്‍ സമ്മതിച്ചത്. മാതാപിതാക്കളെ വീണ്ടും കാണണമെന്നാഗ്രഹമുണ്ടെങ്കില്‍ അവര്‍ പറയുന്നതൊക്കെ അനുസരിക്കണമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഓരോ ദിവസവും വ്യത്യസ്ത ആളുകളാണ് എന്നെ ചോദ്യം ചെയ്തത്. അവരാരൊക്കെയാണെന്ന് എനിക്കറിയില്ല. കാരണം, അവരാരാണെന്നു വെളിപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പ് അവരോടെന്തൊക്കെയാണു പറയേണ്ടതെന്ന് പോലിസ് നേരത്തേ എന്നെ ധരിപ്പിച്ചിരുന്നു. എവിടെ, എങ്ങനെയൊക്കെയാണ് ബോംബ് വച്ചത് തുടങ്ങിയ കഥകളാണ് എന്നെ പഠിപ്പിച്ചിരുന്നത്. അവര്‍ പറയുന്നത് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സംഭവിക്കുന്നതെന്താണെന്ന് എനിക്ക് ഒരു ബോധവുമുണ്ടായിരുന്നില്ല. ഒരു ദിവസം എന്നെ കുളിക്കാന്‍ അനുവദിച്ചു. പുതിയ വസ്ത്രങ്ങളും നല്‍കി. പിന്നെ എന്നെ ഒന്നാംനിലയിലേക്കു കൊണ്ടുപോയി. അവിടെ എന്റെ മാതാപിതാക്കള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. പിതാവിന്റെ സുഹൃത്ത് ചൗള സാഹിബുമുണ്ടായിരുന്നു കൂടെ. എന്നെ മാതാപിതാക്കളിരുന്ന മുറിയിലേക്കു കൊണ്ടുപോയി. ചൗള സാഹിബിനു മുറിയുടെ പുറത്തിരിക്കേണ്ടിവന്നു. എന്റെ പിതാവ് കുര്‍ത്തയും പൈജാമയുമായിരുന്നു ധരിച്ചിരുന്നത്. പിതാവ് എന്നോട് ചോദിച്ചു, മോനെ എന്തൊക്കെയാണു വിശേഷങ്ങള്‍. ഇവരൊക്കെ എങ്ങനെയുണ്ട്? ഉമ്മ ബുര്‍ഖയാണു ധരിച്ചിരുന്നത്. കെട്ടിപ്പിടിച്ച് എന്റെ കൈകള്‍ പിടിച്ച് അവര്‍ പൊട്ടിക്കരഞ്ഞു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഭീഷണിപ്പെടുത്തിയതുപോലെ അവരെന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് ഞാന്‍ പേടിച്ചത്. ബോംബ് സ്‌ഫോടനത്തില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാതാപിതാക്കളോടു പറയാന്‍ പോലിസ് എന്നോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് അവസാനിപ്പിച്ചതിനാല്‍ എനിക്കതിനുള്ള സമയം കിട്ടിയിരുന്നില്ല. 1997ല്‍ ഡല്‍ഹിയില്‍ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായ വിവരം പത്രത്തില്‍നിന്നറിഞ്ഞ അവര്‍ എന്നെ കാണാന്‍ കോടതിയുടെ അനുമതി വാങ്ങി എത്തിയതായിരുന്നു.
വിഷമിക്കരുതെന്നും എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയാമെന്നും മാത്രമാണ് ഞാന്‍ മാതാപിതാക്കളെ അറിയിച്ചത്. വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രതി എനിക്കു തരാന്‍ അവര്‍ പോലിസിന്റെ അനുവാദം ചോദിച്ചിരുന്നു. പോലിസ് അതു വാങ്ങി എനിക്ക് തരാമെന്നേറ്റിരുന്നെങ്കിലും അവര്‍ തന്നില്ല. പോലിസിനോട് അതു ചോദിക്കാന്‍ എനിക്കു ധൈര്യവുമില്ലായിരുന്നു. വിചാരണ ആരംഭിച്ചതു മുതല്‍ ജഡ്ജിയോട് എന്റെ യഥാര്‍ഥ കഥ പറയാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എന്റെ അഭിഭാഷകന്‍ അതിന് അനുവദിച്ചിരുന്നില്ല. വിചാരണയുടെ അന്തിമഘട്ടത്തില്‍ പറയാന്‍ അവസരം ലഭിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന് ജയിലില്‍ വന്ന് എന്റെ കഥ വിശദീകരിച്ചു കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. എനിക്ക് വളരെ നിരാശയാണ് അനുഭവപ്പെട്ടത്.
രാത്രിയില്‍ എനിക്ക് ഉറക്കം വന്നിരുന്നില്ല. ഞാന്‍ ജയില്‍ഗോപുരത്തിന്റെ വിളക്കും നോക്കി കിടക്കും. വാര്‍ഡന്‍മാരുടെ ബൂട്ടുകളുടെ ശബ്ദം മാത്രമായിരുന്നു കേട്ടിരുന്നത്. ഈ തടവറയിലെ ചുവരുകള്‍ക്കുള്ളില്‍ എന്റെ ജീവിതം എരിഞ്ഞുതീരുമെന്നെനിക്കു തോന്നി. എന്റെ മരണം ജയിലിലായിരിക്കുമെന്ന് ഒരാള്‍ എന്നോട് പറയുകയും ചെയ്തു. ജയിലില്‍ ഒരു ഭ്രാന്തനുണ്ടായിരുന്നു. വസ്ത്രമഴിക്കാതെ സോപ്പ് തേച്ചു കുളിക്കുന്ന ഒരാള്‍. ഞാന്‍ അയാളെപ്പോലെ ഭ്രാന്തനായി മാറുമെന്നായിരുന്നു ചിലര്‍ എന്നോടു പറഞ്ഞത്.
എന്റെ മോചനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ എന്റെ മാതാപിതാക്കളുണ്ടെന്ന് ഞാന്‍ പലവട്ടം എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. എനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നും കേസ് ദുര്‍ബലമാണെന്നും എന്റെ അഭിഭാഷകനും എനിക്ക് ഉറപ്പു നല്‍കിക്കൊണ്ടിരുന്നു. അവസാനമേതായാലും എന്റെ യഥാര്‍ഥ കഥ ജഡ്ജിയോടു തുറന്നുപറയാന്‍ എനിക്കു സാധിച്ചു. എന്നെ കേസില്‍ കുടുക്കിയ ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഗുപ്താജിയെക്കുറിച്ചാണ് ഞാന്‍ ജഡ്ജിയോടു പറഞ്ഞത്. ഗുപ്താജി എന്നെയേല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ ഞാന്‍ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹം എന്നെ കേസില്‍ കുടുക്കിയത്. ഗുപ്താജി കേസില്‍ കുടുക്കുകയായിരുന്നുവെന്ന എന്റെ മൊഴി കോടതി രേഖപ്പെടുത്തി.
1997 ഫെബ്രുവരി 25നു നടന്നതാണ് ബോംബ് സ്‌ഫോടനം. 2001 മാര്‍ച്ച് 30നാണ് കോടതി എന്നെ കുറ്റവിമുക്തനാക്കിയത്. ഈ കേസിലെ ഒരു പോലിസ് സാക്ഷി ഞാന്‍ ഒരു ബാഗ് ബസ്സില്‍ വയ്ക്കുന്നതു കണ്ടു എന്നാണ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, എതിര്‍വിസ്താരത്തില്‍ എന്നെ ആദ്യമായി കണ്ടത് പോലിസ് സ്‌റ്റേഷനില്‍ വച്ചാണെന്ന് അയാള്‍ക്ക് സമ്മതിക്കേണ്ടിവന്നു. വാസ്തവത്തില്‍ സംഭവം നടന്ന് ഏറെനാള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു അയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് കോടതി അയാളുടെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്ന് തീര്‍പ്പുകല്‍പിച്ചത്.
2001 ഏപ്രിലില്‍ എന്നെ ഒന്നാംനമ്പര്‍ ജയിലിലേക്കു മാറ്റി. അവിടെ വച്ച് യാതൊരു കാരണവുമില്ലാതെ ജയിലര്‍മാര്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ ഒരു തൂണില്‍ കെട്ടിയിട്ട് കാലിന്നടിയില്‍ ശക്തിയായി അടിച്ചു. ഇങ്ങനെയുള്ള മര്‍ദ്ദനം മൂലം അടയാളങ്ങളൊന്നുമുണ്ടാവില്ലെങ്കിലും സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടാവും. ‘ലക്ഷ്മണ്‍ ജൂല’ എന്നാണ് ജയില്‍ഭാഷയില്‍ ഈ മര്‍ദ്ദനം അറിയപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ജയിലില്‍ പതിവാണ്. തൊണ്ടയില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുന്ന പീഡനവും അവിടെ നടന്നിരുന്നു. ഒരിക്കല്‍ ഇങ്ങനെയുള്ള പീഡനത്തിനെതിരേ രാഷ്ട്രീയത്തടവുകാര്‍ക്കൊപ്പം ഞങ്ങള്‍ നിരാഹാരസമരം നടത്തിയിരുന്നു. 2001 ജൂലൈയില്‍ എന്റെ മേല്‍ ചാര്‍ത്തപ്പെട്ട മറ്റ് അഞ്ചു കേസുകളില്‍നിന്നുകൂടി ഞാന്‍ മോചിതനായി. അതോടെ ജയിലില്‍നിന്ന് പുറത്തുകടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായി. ജയിലില്‍ കിടക്കുന്ന എന്റെ അവസ്ഥയോര്‍ത്ത് വൃദ്ധരായ എന്റെ മാതാപിതാക്കളെ പരിചരിക്കാന്‍ എനിക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ, സ്വര്‍ണംകൊണ്ടുള്ള കൈകളും ഇരുമ്പുകൊണ്ടുള്ള കാലുകളുമുള്ളവര്‍ക്കേ നീതി ലഭിക്കുകയുള്ളൂവെന്ന് എന്റെ പിതാവ് എന്നോടു പറഞ്ഞിരുന്നു. ധാരാളം പണവും അധികാരകേന്ദ്രങ്ങളിലേക്ക് ഓടാന്‍ ബലമുള്ള കാലുകളും വേണമെന്നായിരുന്നു അതിനര്‍ഥം. തുടക്കത്തില്‍ ജഡ്ജി എന്നോട് സഹതാപം കാണിച്ചിരുന്നു. കോടതി നടപടികളും എന്നെ വിഷമിപ്പിച്ചിരുന്നില്ല. എന്നാല്‍, വിചാരണാവേളയില്‍ ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി. ഓരോ സാക്ഷിയും എന്നെ നോക്കിയിരുന്നത് ‘ബോംബ് വച്ചത് നീയാണല്ലേ’ എന്ന രീതിയിലായിരുന്നു. ശരിക്ക് നടക്കാന്‍ കഴിയാതെ മുടന്തിക്കൊണ്ട് കോടതിയില്‍ വന്ന വീണ എന്ന യുവതിയെ ഞാന്‍ ഓര്‍ക്കുന്നു. 1997 ഒക്ടോബര്‍ 18ന് റാണിബാഗ് മാര്‍ക്കറ്റില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ അവര്‍ക്കു പരിക്കേറ്റിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 58 സാക്ഷികളില്‍ നാലാമത്തെ സാക്ഷിയായിരുന്നു വീണ. ഇയാളാണോ ബോംബ് വച്ചത്? കോടതി അവരോടു ചോദിച്ചു. അവര്‍ സാവധാനം എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി. എന്റെ കണ്ണില്‍ നിറയെ പേടിയായിരുന്നു. അവരുടെ കണ്ണില്‍ നീയാണോ അതു ചെയ്തതെന്ന ചോദ്യവും. ഉടനെ ഞാന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഞാന്‍ നിരപരാധിയാണ്. എന്റെ പേരില്‍ കുറ്റം അടിച്ചേല്‍പ്പിച്ചതാണ് എന്ന്. അവര്‍ ഒന്നുകൂടി എന്നെ നോക്കി. എന്നിട്ട് ജഡ്ജിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു: അല്ല. പിന്നെ ഒരിക്കലും ഞാന്‍ അവരെ കണ്ടിട്ടില്ല. അന്നു രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ബോംബ് സ്‌ഫോടനത്തിനിരയായവര്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഒടുക്കം ഞാന്‍ ഒരു തീരുമാനത്തിലെത്തി. ഞാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെയെല്ലാം അന്വേഷിച്ചു കണ്ടെത്തി എന്റെ നിരപരാധിത്വവും പോലിസ് എന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും അവരെ അറിയിക്കും. 2001 ആഗസ്ത് 17ന് റാണിബാഗ് സ്‌ഫോടനക്കേസിലും എന്നെ വെറുതെവിട്ടു. പ്രതിയായ ആമിര്‍ഖാന് എതിരേ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ സഹായിക്കുന്ന ഒരു തെളിവുകളുമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അന്ന് എന്റെ പിതാവ് കോടതിയിലെത്താത്തതിനെക്കുറിച്ച് ജഡ്ജി എന്റെ അഭിഭാഷകന്‍ ഫിറോസ് ഖാനോട് ആരാഞ്ഞു. പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പിതാവിനെ സന്ദര്‍ശിക്കാന്‍ കോടതി എനിക്ക് ഒരു മണിക്കൂര്‍ സമയം അനുവദിച്ചു. പോലിസ് കാവലില്‍ ഞാന്‍ ബഡാ ഹിന്ദു റാവു ആശുപത്രിയില്‍ കിടക്കുന്ന പിതാവിനെ സന്ദര്‍ശിച്ചു. പിതാവിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ എന്നോടു പറഞ്ഞു. അതിനു മടിച്ചുനില്‍ക്കുന്ന പിതാവിനോട് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ”മോനെ നിന്റെ കേസ് വിചാരണാസമയത്ത് കോടതിയിലെത്താന്‍ എനിക്കു സാധിച്ചില്ല” എന്ന പിതാവിന്റെ സങ്കടം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആശുപത്രിയില്‍ കിടക്കുമ്പോഴും അദ്ദേഹത്തിന് എന്നെക്കുറിച്ചുള്ള ആധിയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നു. ചുറ്റും പോലിസുണ്ടായിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ഉമ്മ എന്റെ നെറ്റിയില്‍ ഉമ്മവച്ചു. അവരുടെ കണ്ണില്‍നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. അനുവദിക്കപ്പെട്ട ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ പോലിസ് എന്നെ ജയിലിലേക്കു കൊണ്ടുപോയി.
പിന്നീട് ഒരു ദിവസം എന്നെ കോടതിയില്‍ കൊണ്ടുവന്നു. കേസ് ഏതാണെന്ന് എനിക്കോര്‍മയില്ല. അന്ന് അഭിഭാഷകന്‍ ഫിറോസ് ഖാന്‍ എന്റെ കാതില്‍ പതുക്കെ മന്ത്രിച്ചു: ”നിന്റെ പിതാവ് മരിച്ചു.” അപ്പോള്‍ ജീവന്‍ നഷ്ടപ്പെടുന്നതായി തോന്നി. ഞാനാകെ മരവിച്ചപോലെയായി. ഇത് ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. വിഷമിക്കരുത്. ദൈവം കാത്തുരക്ഷിക്കും- അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് തിരിച്ച് ജയിലിലെത്തിയതെന്ന് എനിക്കോര്‍മയില്ല. ജയിലിലെത്തിയതും ഞാന്‍ തളര്‍ന്നുവീണു. കനത്ത നിശ്ശബ്ദതയില്‍ ഏകാകിയായി ഞാനിരുന്നു.
പതിവുപോലെ വൈകീട്ട് ഞാന്‍ പുറത്തിറങ്ങിയില്ല. സഹതടവുകാര്‍ കാര്യമന്വേഷിച്ച് എന്റെ അടുത്തെത്തി. തന്തൂരി കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മയായിരുന്നു ആദ്യമെത്തിയത്. അദ്ദേഹം കുറച്ചുസമയം എന്റെ അരികിലിരുന്നു. പിന്നെ വന്നത് എന്റെ അടുത്ത മുറിയിലുണ്ടായിരുന്ന തടവുകാരനായിരുന്നു. അയാള്‍ തന്നെ ഉപേക്ഷിച്ച ദൈവത്തെ ഒരിക്കല്‍ ശപിക്കുന്നത് ഞാന്‍ കേട്ടിരുന്നു. അയാളുടെ കൈയില്‍ ഹനുമാന്റെ ചിത്രമുണ്ടായിരുന്നു. അയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചതിനാലാണ് അയാള്‍ ദൈവത്തെ ശപിച്ച് നിലവിളിച്ചുകൊണ്ടിരുന്നത്. അയാളും നിശ്ശബ്ദനായി എന്റെ അരികിലിരുന്നു. വൈകീട്ട് ഞാന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. രാത്രിയായി. ചുറ്റും നിശ്ശബ്ദത. ഞാന്‍ വിങ്ങിപ്പൊട്ടി. എന്റെ പിതാവിന്റെ പെരുമാറ്റം, അദ്ദേഹം എന്നോടു കാണിച്ച സ്‌നേഹം, ആശുപത്രിയില്‍ അവസാനമായി എന്നോടു പറഞ്ഞ വാക്കുകള്‍ എല്ലാം എന്റെ മനസ്സിലേക്കോടിയെത്തി. ഇനി ആരാണ് കോടതിയില്‍ വന്ന് അഭിഭാഷകനെ കാണാനും മറ്റു കാര്യങ്ങള്‍ ചെയ്യാനുമുള്ളത്? കോടതി നടപടികളൊന്നുമറിയില്ലെങ്കിലും ഉമ്മ പിതാവിനോടൊത്ത് കോടതിയില്‍ വരാറുണ്ടായിരുന്നു. എന്തായാലും അടുത്ത മൂന്നുമാസം അവര്‍ ദുഃഖാചരണത്തിലായിരിക്കും. എനിക്കു കാണാന്‍ പറ്റില്ല. എന്റെ ജീവിതത്തില്‍ ഇത്രയും വലിയൊരു ശൂന്യത എനിക്കനുഭവപ്പെട്ടിട്ടില്ല. അനാഥത്വവും നിരാശയുമാണ് എനിക്കനുഭവപ്പെടുന്നത്. 12 കേസുകളിലും എന്നെ വിട്ടയച്ചാലും ഏഴു കേസുകള്‍ വേറെയുമുണ്ട് എന്റെ പേരില്‍. കൈയിലുള്ള പണവും തീര്‍ന്നുപോയി.

(ഫ്രെയ്മ്ഡ് ഏസ് എ ടെററിസ്റ്റ്: മൈ 14 ഇയര്‍ സ്ട്രഗിള്‍ ടു പ്രൂവ് മൈ ഇന്നസന്‍സ് എന്ന കൃതിയില്‍നിന്നുള്ള ഭാഗം.) 

പരിഭാഷ: കോയ കുന്ദമംഗലം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss