|    Dec 19 Wed, 2018 7:34 pm
FLASH NEWS
Home   >  Editpage  >  Editorial  >  

എന്തു ധാര്‍മികതയാണ് സിപിഎമ്മില്‍ ബാക്കിയുള്ളത്?

Published : 19th November 2018 | Posted By: kasim kzm

ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ശക്തമായ പ്രതിഫലനങ്ങളാണ് അഴിമതിയും സ്വജനപക്ഷപാതവും. അധികാരഘടനയില്‍ പങ്കാളിത്തമുള്ള ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും ഏറിയോ കുറഞ്ഞോ ഇവ രണ്ടിന്റെയും ദുസ്വാധീനം പ്രകടമാണ്. ഇവയില്‍ നിന്നു മുക്തമായ, താരതമ്യേന മെച്ചപ്പെട്ട പ്രതിച്ഛായ അവകാശപ്പെട്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.
എന്നാല്‍, പാര്‍ലമെന്ററി വ്യാമോഹങ്ങളുടെയും അധികാരദുരയുടെയും ചളിക്കുണ്ടില്‍ ആപതിച്ചുകഴിഞ്ഞ ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ, അഴിമതിയും സ്വജനപക്ഷപാതവും സദാചാരവിരുദ്ധ പ്രവൃത്തികളും തങ്ങളുടെ പ്രസ്ഥാനത്തെ കാര്‍ന്നുതിന്നുന്ന ജീര്‍ണതകളാണെന്ന ഉല്‍ക്കണ്ഠ അല്‍പം പോലും അലട്ടുന്നില്ലെന്നു വേണം കരുതാന്‍.
അഴിമതിയുടെയും അനാശാസ്യവൃത്തികളുടെയും പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ഭരണത്തിനുമെതിരേ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ സിപിഎമ്മിന്റെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരേ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് തികഞ്ഞ ബോധ്യമുണ്ടായിട്ടും പാര്‍ട്ടി പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും ആ പാര്‍ട്ടി എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്.
ക്ലീന്‍ചിറ്റ് ലഭിച്ചു തിരികെ വന്നെങ്കിലും ബന്ധുനിയമനത്തിന്റെ പേരിലാണ് ഇ പി ജയരാജന് പിണറായി മന്ത്രിസഭയുടെ മധുവിധുകാലത്തു തന്നെ മന്ത്രിസ്ഥാനം കൈയൊഴിയേണ്ടിവന്നത്. പണ്ട് പാര്‍ട്ടിപ്പത്രത്തിനു വേണ്ടി ലോട്ടറിരാജാവില്‍ നിന്നു കോടികള്‍ കൈപ്പറ്റിയതിന്റെ പേരുദോഷം പേറിയതും ഇദ്ദേഹം തന്നെയായിരുന്നു. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന്റെ ചൂടാറും മുമ്പേയാണ് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത്. കായല്‍ കൈയേറ്റക്കാരനായ തോമസ് ചാണ്ടിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയ ആവേശം ഇപ്പോഴും നാം ഓര്‍ക്കുന്നുണ്ട്. ഘടകകക്ഷി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിക്കാനും അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എയുടെ കടം വീട്ടാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക ചെലവഴിച്ചത്. മൂന്നാറില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കൈയേറ്റത്തിനു തടയിടാന്‍ ശ്രമിച്ച സത്യസന്ധരായ റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരമായിരുന്നു.
സദാചാരവിഷയത്തിലും എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ഉള്‍പ്പെടുന്നത് വാര്‍ത്തകളല്ലാതായി മാറുകയാണ്. വനിതാ പ്രവര്‍ത്തകയോട് നിലവിട്ടു പെരുമാറിയ പി കെ ശശി എംഎല്‍എക്കെതിരേ അച്ചടക്കനടപടി എടുക്കാന്‍ മടിച്ചുനില്‍ക്കുകയാണ് സിപിഎം. യുവജനനേതാവ് എംഎല്‍എ ഹോസ്റ്റലില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയത് ഈയിടെയാണ്. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രംഗത്തുവന്ന സാഹചര്യമുണ്ടായി. അവിഹിതബന്ധം പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമായപ്പോള്‍ ജനപ്രതിനിധിയായ ഭാര്യയെ മുന്നില്‍നിര്‍ത്തി പാര്‍ട്ടിയെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്ന സഖാവിന്റെ കഥയും സിപിഎം എത്തിപ്പെട്ടിരിക്കുന്ന ധാര്‍മികാപചയത്തിന്റെ പാരമ്യമാണ് പ്രകടമാക്കുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss