|    Jun 21 Thu, 2018 6:25 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്തുകൊണ്ട് സാക്കിര്‍ നായിക്?

Published : 14th July 2016 | Posted By: SMR

അഹ്മദ് ശരീഫ് പി

അങ്ങനെ സമാധാനത്തിന്റെ വിശ്വസന്ദേശം പാടിനടന്ന ഒരാള്‍കൂടി കുരിശിലേറ്റപ്പെട്ടിരിക്കുന്നു. ശാന്തിമന്ത്രങ്ങള്‍ ഉച്ചരിച്ചുനടന്ന സംവാദവിദഗ്ധന്‍, വിധ്വംസകപ്രവര്‍ത്തനത്തിന്റെ അവധൂതനായി മാറിയിരിക്കുന്നു. അതുതന്നെയാണ് ഫാഷിസം. അതുതന്നെയാണ് ഫാഷിസ്റ്റ് കുടിലതന്ത്രം. പരമസാത്വികനും കറകളഞ്ഞ സമാധാനവാദിയും സംവാദപ്രിയനുമായ ഡോ. സാക്കിര്‍ നായിക്കിനെതിരേ ഫാഷിസ്റ്റ്-മീഡിയ കൂട്ടുകെട്ട് വീശിയ മൂര്‍ച്ചയുള്ള വാള്‍ കൃത്യസ്ഥലത്തു തന്നെ ചെന്നു തറച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍ അമുസ്‌ലിംകള്‍ക്കായി സംവാദവേദികള്‍ നടത്തിയിട്ടുള്ള നായിക്കിനെ വളഞ്ഞിട്ട് കുരുക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടും നായിക്കിന്റെ സിഡികളുടെ പരിശോധന തുടരുകയാണ്.
സാക്കിര്‍ നായിക് സംഭവം അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഒരുകാര്യം തെളിയിക്കുന്നു. നിങ്ങള്‍ എത്രവലിയ ശാന്തിദൂതനായാലും വേണ്ടില്ല, നിങ്ങള്‍ മുസ്‌ലിമാണോ, നിങ്ങളൊരു നേതാവാണോ, മുസ്‌ലിം സാംസ്‌കാരികനായകനാണോ, എങ്കില്‍ നിങ്ങള്‍ക്കായുള്ള കുരുക്കുകള്‍ എവിടെയോ തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ അല്ല, ഞാന്‍ അത്തരക്കാരനല്ല, അതൊക്കെ മറ്റേ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് അത്തരക്കാരുമായി കൂട്ടില്ല- അങ്ങനെ എന്തൊക്കെ പറഞ്ഞുനടന്നാലും ആരും രക്ഷപ്പെടാന്‍ പോവുന്നില്ല. കാരണം, ഫാഷിസം ഫാഷിസമാണ്. മുംബൈ ഡോംഗ്രിയില്‍ സൗദിയിലേക്കു പോവുന്നവരുടെ മെഡിക്കല്‍ എടുക്കാറുണ്ടായിരുന്ന ഡോ. അബൂബക്കര്‍ നായിക്കിന്റെ മകന്‍ ഡോ. സാക്കിര്‍ സ്വന്തം ക്ലിനിക്കിന്റെ മുറികള്‍ തന്നെ ഓഫിസാക്കി വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍. ഇദ്ദേഹത്തിന്റെ ആയിരക്കണക്കിന് പ്രഭാഷണങ്ങളും സംവാദങ്ങളും കാസറ്റായും സിഡിയായും പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോരാത്തതിന് ഒരു ചാനല്‍ തന്നെ തുടങ്ങുകയും ചെയ്തു. ഇങ്ങനെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന ‘ഹൈടെക്’ പ്രബോധനസംരംഭം നൂറുകണക്കിന് ബുദ്ധിമാന്‍മാരെ ഇസ്‌ലാമിലേക്കു നേരെ നടത്തുന്നുവെന്നത് വാസ്തവമാണ്. ധക്കയില്‍ പൊട്ടിയതല്ല,  ഇതുതന്നെയാണ് ഏറ്റവും വലിയ ‘ബോംബ്.’ അഥവാ ഇസ്‌ലാമിക പ്രചാരണത്തോളം അല്ലെങ്കില്‍ ദഅ്‌വയോളം വലിയ തീവ്രവാദമോ ഭീകരപ്രവര്‍ത്തനമോ ഇന്ത്യയിലില്ല. നായിക്കിനെതിരായ കടന്നാക്രമണത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം അറിയുന്നവര്‍ അദ്ഭുതപ്പെടുകയില്ല. ബാബരി മസ്ജിദ് തകര്‍ത്തതും അനുബന്ധ വംശഹത്യകളുമാണല്ലോ ഇന്ത്യന്‍ മുസ്‌ലിംകള്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ വിപത്ത്. എന്തുകൊണ്ട് ഇവ സംഭവിച്ചു? എങ്ങനെ ഫാഷിസ്റ്റുകള്‍ അഥവാ സംഘപരിവാരം ഇവിടെ വരെ എത്തിച്ചേര്‍ന്നു എന്ന് ആലോചിക്കാന്‍ ഇത്തിരി സമയം ചെലവഴിക്കുക.
1980 വരെ ഇന്ത്യയില്‍ സംഘപരിവാര സ്വാധീനം അത്ര ശക്തമായിരുന്നില്ല. എന്നാല്‍, 80കളില്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരം ഗ്രാമം ഒന്നടങ്കം മതംമാറി റഹ്മത്ത് നഗര്‍ ആയി. ഈ ചെറിയ സംഭവം ഇന്ത്യയെ ഒട്ടാകെ പ്രകമ്പനംകൊള്ളിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും കുപിതയായി. പക്ഷേ, തമിഴ്‌നാട്ടില്‍ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം തുടരുകയായിരുന്നു. മതംമാറ്റം തടയാന്‍ പല നീക്കങ്ങളും നടന്നു. ശക്തമായ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാമജന്‍മഭൂമി പ്രസ്ഥാനം ശക്തിപ്പെടുത്തിയതും മീനാക്ഷിപുരം കൂട്ടമതംമാറ്റത്തെ തുടര്‍ന്നായിരുന്നു. ഡോ. കരണ്‍ സിങിനെപ്പോലുള്ളവരും ആര്‍എസ്എസിനോടൊപ്പം രംഗത്തിറങ്ങി. കൂടുതല്‍ മതംമാറ്റം നടന്നാല്‍ ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാരത്തിന്റെ അടിത്തറ ഇളകുമെന്ന് അവര്‍ ഭയപ്പെട്ടു. അവര്‍ണര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു കടന്നുകയറുമോ എന്ന ഭയം സവര്‍ണമേധാവികളെ അലട്ടിയതിന്റെ പരിണതഫലമായിരുന്നു രാമജന്‍മഭൂമി പ്രസ്ഥാനം. ഇതു ലക്ഷ്യംകണ്ടതിന്റെ ഫലമായിരുന്നു പിന്നീടുള്ള ഹിന്ദുത്വശാക്തീകരണയജ്ഞങ്ങള്‍. വെറും രണ്ട് സീറ്റില്‍ നിന്ന് ബിജെപി 120 സീറ്റിലെത്തി.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുന്നിടംവരെ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ ഇതിനെ അവര്‍ കൊണ്ടെത്തിച്ചു. ഇതു പക്ഷേ യഥാവിധി മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മുസ്‌ലിം സമുദായം, പ്രസംഗങ്ങളിലും വേദികളിലുമെല്ലാം തീവ്രവാദവിരോധം മാത്രം പറയാന്‍ തിടുക്കം കൂട്ടി. ഈ പറച്ചില്‍ തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. മുസ്‌ലിംകളെ തീവ്രവാദികളെന്നും അല്ലാത്തവരെന്നും വകതിരിച്ച് സംഘ കുഴലൂത്തുകാരായ മാധ്യമവിചാരണാ വിദഗ്ധരുടെ വിഭജനതന്ത്രത്തില്‍ വീണ ഇക്കൂട്ടര്‍ ശാന്തിമന്ത്രങ്ങള്‍ക്കൊപ്പം ഇല്ലാത്ത തീവ്രവാദത്തെ ഇരുട്ടുനിറഞ്ഞ സമുദായമുറിക്കുള്ളില്‍ പരതിനടക്കുന്ന വൃഥാവ്യായാമത്തിലേര്‍പ്പെട്ടു. എന്നാല്‍, ആരോ എവിടെയോ നടത്തിയ തീവ്രവാദപ്രഭാഷണമല്ല, ദഅ്‌വയാണ് യഥാര്‍ഥ പ്രശ്‌നമെന്ന് മനസ്സിലാക്കാന്‍ ഇനിയും വൈകിയിട്ട് കാര്യമില്ല. സാക്കിര്‍ നായിക് ഒരു പ്രവര്‍ത്തകനല്ല, പ്രഭാഷകനാണ്. കേവലമൊരു പ്രഭാഷകനുപോലും ഭരണകൂടഭീകരത നേരിടേണ്ടിവരുമ്പോള്‍ വരുംനാളുകളില്‍ ഏക സിവില്‍കോഡ് മാത്രമല്ല, മറ്റുപലതും ആഗതമാവാനിരിക്കുന്നു.
ധക്കയിലെ സായിപ്പന്മാരും സമ്പന്നകുലജാതരുമെത്തുന്ന ഹൈലെവല്‍ കഫേയില്‍ സ്‌ഫോടനം നടത്തിയ ചാവേറുകളിലൊരാളെന്ന് പോലിസ് പറയുന്ന രോഹന്‍ ഇംതിയാസിന്റെ ഫേസ്ബുക്കില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗം ഷെയര്‍ ചെയ്ത കുറ്റത്തിനാണ് അദ്ദേഹത്തെ കുരിശിലേറ്റാനുള്ള വിചാരണ നടക്കുന്നത്- ജയിലില്‍ കഴിയുന്ന ക്രിമിനലുകള്‍ക്കും ലോകത്തെങ്ങുമുള്ള കുറ്റവാളികള്‍ക്കും സാക്കിര്‍ നായിക്കിനെ ലൈക്കടിക്കാം, ഷെയര്‍ ചെയ്യാം. അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഇതിനെങ്ങനെ നായിക് കുറ്റക്കാരനാവും? ഒരു കോടിയോളം ഷെയറിങ് നടക്കുന്നതാണ് നായിക്കിന്റെ പോസ്റ്റുകള്‍. അത് ആര് ഷെയര്‍ ചെയ്യുന്നു എന്ന് നോക്കിയാണോ തീവ്രവാദികളെ നിശ്ചയിക്കേണ്ടത്.
ധക്ക ഉള്‍പ്പെടെ സമീപകാലത്തു നടന്ന സ്‌ഫോടനങ്ങള്‍ ദുരൂഹത ഏറെ നല്‍കുന്നുണ്ട്. റമദാന്‍ മാസത്തില്‍ തന്നെ മുസ്‌ലിം ആരാധനാലയങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ കഥ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുനോക്കിയാല്‍ പല നഗ്നസത്യങ്ങളും വെളിപ്പെടും. മനസ്സില്‍ തരിമ്പെങ്കിലും ഇസ്‌ലാം ഉണ്ടെങ്കില്‍ റമദാനില്‍ ഇത്തരം കൊടും ഭീകരതകള്‍ കാട്ടിക്കൂട്ടുമോ. ധക്ക മാത്രമല്ല, പ്രവാചകന്റെ മദീന പള്ളിക്കടുത്തുമുണ്ടായി സ്‌ഫോടനം. ബഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ 215 പേര്‍ കൊല്ലപ്പെട്ടു. സൗദിയില്‍ മൂന്നിടത്താണ് പൊട്ടിത്തെറികളുണ്ടായത്. സോമാലിയയിലുണ്ടായ സ്‌ഫോടനത്തില്‍ 15 മരണമായിരുന്നു. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ എയര്‍പോര്‍ട്ട് ഭാഗികമായി തകര്‍ന്ന് 41 മരണങ്ങളുണ്ടായി. കൊല്ലപ്പെടുന്നതിലേറെയും മുസ്‌ലിംകള്‍ തന്നെയായിരുന്നു.
ഈ റമദാന്‍ സ്‌പെഷ്യല്‍ ചെയിന്‍ സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. മുമ്പേ ഐഎസിന്റെ കാര്യം സംശയാസ്പദമായിരുന്നു. മനുഷ്യര്‍ കേട്ടാലറയ്ക്കുന്ന നിഷ്ഠുരതകളാണ് ഐഎസ് ചെയ്തുകൂട്ടുന്നത്. ഒടുവില്‍ പുറത്തുവന്ന വിവരം, ഐഎസ് ഉണ്ടാക്കി സ്വയം ഖലീഫാപട്ടം കെട്ടിയ അബൂബക്കര്‍ ബഗ്ദാദി ഇസ്രായേലി ചാരസംഘടനയായിരുന്ന മൊസാദിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ സൈമണ്‍ എലിയറ്റ് ആണെന്നാണ്.
ഒരിക്കലും ഇസ്രായേലിനെ ആക്രമിക്കാത്ത ഐഎസിന്റെ തനിനിറം പുറത്തുവന്നതോടെ അമേരിക്കന്‍ ഇന്റലിജന്‍സിന് ഇതിലുള്ള പങ്കും വെളിച്ചത്താവുകയുണ്ടായി. സൈമണിന്റെ മാതാപിതാക്കള്‍ ജൂതന്‍മാരാണ്. ഇസ്രായേല്‍ നിര്‍മിത ആയുധങ്ങള്‍ ഉപയോഗിക്കുന്ന ഐഎസിനു വേണ്ടി ഹൈടെക് സൈബര്‍ പ്രവര്‍ത്തനം നടക്കുന്നത് അമേരിക്കയിലാണ്. ഐഎസുകാര്‍ക്ക് ഇസ്രായേല്‍ പരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് യുദ്ധരംഗത്ത് പരിക്കേല്‍ക്കുന്ന ഐഎസുകാരെ സിറിയക്കടുത്ത ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകളിലുള്ള സിവ് മെഡിക്കല്‍ സെന്ററില്‍ ചികില്‍സിക്കുന്ന വിവരവും വെളിപ്പെട്ടത്. ഐഎസ് ഭടന്‍മാര്‍ക്ക് ഇസ്രായേല്‍ പരിശീലനം നല്‍കുന്ന വിവരം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ഉപദേഷ്ടാവ് അലക്‌സാണ്ടര്‍ പ്രോക്കാനാവ് ആണ് വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് പേരിനുപോലും മുസ്‌ലിംകളല്ലാത്തവര്‍ ഐഎസില്‍ ചേരാന്‍ പോവുന്നത്? ഐഎസ് പ്രവര്‍ത്തനങ്ങള്‍ മൂലം ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ സിറിയയില്‍നിന്നും ഇറാഖില്‍നിന്നും അഭയാര്‍ഥികളായി നടുക്കടലില്‍ എടുത്തെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ സിറിയയില്‍നിന്ന് മുസ്‌ലിംകളെ ആട്ടിപ്പുറത്താക്കിയശേഷം ഈ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ നേരെ ഇസ്രായേല്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെടും. അപ്പോള്‍ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ആരുടെയും പ്രസംഗങ്ങളോ പാണ്ഡിത്യമോ ആശയസംവാദമോ അല്ല. നായിക്കിന്റെ യുട്യൂബ് പ്രഭാഷണങ്ങള്‍ പരസ്യവും സുതാര്യവും സുലഭവുമാണ്. തന്റെ പ്രസംഗങ്ങളുടെ സിഡിയില്‍ കൃത്രിമം കാണിച്ച് തന്നെ കുരുക്കാനുള്ള നീക്കമാണു നടന്നതെന്ന് നായിക് തന്നെ ആരോപിക്കുന്നു. അതിലും മുന്‍പന്തിയില്‍ ടൈംസ് നൗ, സീ ന്യൂസ് ചാനലുകളുണ്ടായി. നേരത്തേയും ടൈംസ് നൗ നായിക്കിന്റെ അഭിമുഖത്തില്‍ വ്യാജനിര്‍മിതി നടത്തുകയുണ്ടായി.
പരിശുദ്ധ റമദാന്‍ മാസത്തില്‍ തിരക്കേറിയ മുസ്‌ലിം പള്ളികളില്‍ സ്‌ഫോടനം നടത്തുന്നത് ഇസ്‌ലാമിക രാജ്യത്തിനു വേണ്ടിയാണെന്ന് ലോകം ചുമ്മാതങ്ങ് വിശ്വസിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢിവേഷം കെട്ടുകയാണ്. മദീനയില്‍ പൊട്ടിത്തെറിച്ചവരുടെ ലക്ഷ്യം പ്രവാചകന്റെ ഖബര്‍ ആയിരുന്നുവെന്നത് ശരിയെങ്കില്‍ ഏതെങ്കിലും മുസ്‌ലിം അങ്ങനെ ചെയ്യുമോ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss