|    Nov 21 Wed, 2018 11:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്തുകൊണ്ട് യെച്ചൂരിക്കു നേരെ?

Published : 13th June 2017 | Posted By: fsq

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ടിവി ചാനലുകളില്‍ അപലപിച്ചത് കണ്ടു. ഓര്‍മവന്നത് രാഷ്ട്രപിതാവിന്റെ വധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നെഹ്‌റു നടത്തിയ വെളിപ്പെടുത്തലാണ്: ”ഇക്കൂട്ടര്‍ ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഈ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട ശ്രദ്ധേയരായ ചിലരില്‍നിന്ന് സംഭവത്തിനു പിറകെ എനിക്ക് അനുശോചന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.”ഡല്‍ഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസില്‍ കയറി ജനറല്‍ സെക്രട്ടറി യെച്ചൂരിയെ ആക്രമിച്ച സംഭവത്തിന്റെ റിപോര്‍ട്ട് പൂര്‍ണമായി പുറത്തുവരും മുമ്പുതന്നെ കേരള ബിജെപി പ്രസിഡന്റിന്റെ പ്രതികരണം ബ്രേക്കിങ് ന്യൂസായി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു: ”കൈയേറ്റശ്രമത്തെ അപലപിക്കുന്നു.” ‘ഞാന്‍, ഞാന്‍ മുമ്പില്‍’ എന്ന നിലയില്‍ ബിജെപി വക്താക്കള്‍ മാത്രമല്ല, ആര്‍എസ്എസിന്റെ നേതാക്കളും ദൃശ്യമാധ്യമങ്ങളില്‍ പ്രതികരണവുമായി പ്രത്യക്ഷപ്പെട്ടു; ബിജെപിക്കും ആര്‍എസ്എസിനും സംഭവത്തില്‍ പങ്കില്ലെന്നു വ്യക്തമാക്കാന്‍. അക്രമികള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ജനാധിപത്യമുഖം ഉയര്‍ത്തിപ്പിടിച്ചത്.എന്നാല്‍, തുടര്‍ന്ന് സംഘപരിവാരത്തിന്റെ വക്താക്കള്‍ സ്വീകരിച്ച വാദമുഖങ്ങള്‍ വിചിത്രമായി. ആക്രമണം നടത്തിയവരുടെ ഉദ്ദേശ്യലക്ഷ്യത്തെ അവര്‍ ന്യായീകരിച്ചു. അവരെ പ്രകോപിപ്പിച്ചത് സിപിഎമ്മാണെന്നു കുറ്റപ്പെടുത്തി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശക്തികേന്ദ്രവും ഭരണകേന്ദ്രവുമായ ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്ത് വലിയൊരു ദുരന്തം ഇനിയും സംഭവിച്ചേക്കാമെന്ന ഉല്‍ക്കണ്ഠ അവര്‍ ജനിപ്പിച്ചു.ഫാഷിസ്റ്റ് ആക്രമണങ്ങള്‍ക്കുള്ള പൊതുശൈലിയാണ് ആര്‍എസ്എസിന്റേത്. തങ്ങള്‍ക്ക് നേരിട്ടു ബന്ധമില്ലെന്നു പറയുക; തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടി മരിക്കാന്‍ തയ്യാറുള്ള സംഘടനകളെ ഇറക്കി അക്രമവും കൊലയും നടത്തിക്കുക. ഹിന്ദുമഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം ഗോഡ്‌സെയാണ് ഗാന്ധിജിയെ വധിച്ചതെന്നു പറഞ്ഞാണ് അവര്‍ കൈകഴുകുന്നത്. ഗോഡ്‌സെ ആര്‍എസ്എസ് അംഗവുമായിരുന്നുവെന്നും ഒരിക്കലും അംഗത്വം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ആണയിടുന്നുണ്ട്. ആ ശൈലിയുടെ തുടര്‍ച്ചയാണ് യെച്ചൂരിക്കെതിരായ ആക്രമണത്തിലും കാണുന്നത്. 1934 ജൂണിലാണ് ഗാന്ധിജിക്കെതിരായ ആദ്യ വധശ്രമം നടന്നത്. 1944 ജൂലൈ-സപ്തംബര്‍ മാസങ്ങളിലും 46 സപ്തംബറിലും 48 ജനുവരി 20നും ശ്രമങ്ങളുണ്ടായി. ഒടുവില്‍ പത്തുദിവസം കഴിഞ്ഞ് ജനുവരി 30ന് രാഷ്ട്രപിതാവിന്റെ നെഞ്ചില്‍ നിറയൊഴിച്ചു. മുമ്പ് രണ്ടുതവണ നടത്തിയ വധശ്രമങ്ങളിലും നാഥുറാം ഗോഡ്‌സെ പങ്കാളിയായിരുന്നു.ഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസായ എകെജി ഭവനു നേരെയുള്ള ആറാമത്തെ ആക്രമണമാണിത്. നരേന്ദ്രമോദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം നടന്ന മൂന്നാമത്തേതും. സിപിഎമ്മിനെതിരേ മുദ്രാവാക്യം മുഴക്കിയും ഓഫിസ് ബോര്‍ഡില്‍ അപഹസിക്കുന്ന മുദ്രാവാക്യങ്ങള്‍ കരികൊണ്ടെഴുതിയും ശക്തിപ്പെടുത്തിയ ആക്രമണശൈലി. എല്ലാ അതിരുകളും കടന്ന് ഓഫിസിനകത്ത് കടന്നുചെന്ന് ജനറല്‍ സെക്രട്ടറിയെ ലക്ഷ്യമിടുകയായിരുന്നു. ആസൂത്രകര്‍ തീരുമാനിക്കാത്തതുകൊണ്ട് മാത്രമാണ് ഒരു വന്‍ദുരന്തം ഒഴിവായത്. അങ്ങനെ മാത്രമേ ആശ്വസിക്കാനാവൂ. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റിത്തീര്‍ക്കുന്നതിന് ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ കലാപങ്ങളെയും മനുഷ്യദുരന്തങ്ങളെയും ആര്‍എസ്എസ് ഉപയോഗപ്പെടുത്തി. തുടര്‍ന്നുണ്ടായ അനിയന്ത്രിത സ്ഥിതിവിശേഷം തടയാന്‍ കരുത്തുള്ള ഒരേയൊരു നേതാവ് ഗാന്ധിജിയാണെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു.മതാടിസ്ഥാനത്തിലുള്ള രാഷ്ട്രരൂപീകരണത്തിനെതിരായും അയിത്തത്തിനെതിരായ നിയമത്തിനു പിന്തുണ നല്‍കിയും 1935ല്‍ കേന്ദ്ര നിയമസഭയില്‍ ഗാന്ധിജി ചെയ്ത പ്രസംഗം ചരിത്രം കുറിച്ചു. തുടര്‍ന്നാണ് ആര്‍എസ്എസ് ഗാന്ധിജിയെ ലക്ഷ്യംവച്ചത്. അതിര്‍ത്തിക്ക് അപ്പുറത്തുനിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്കോടു കൂടി ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും മറ്റു ഭാഗങ്ങളിലും രോഷം കത്തിപ്പടര്‍ന്നു. അത് ആളിക്കത്തിക്കാന്‍ ആര്‍എസ്എസ് കിണഞ്ഞുശ്രമിച്ചു. ഹിന്ദുവികാരം തണുപ്പിച്ച് സാധാരണനില കൈവരുത്താന്‍ ഗാന്ധിജി ഉപവസിച്ചേ തീരൂ എന്ന് അപേക്ഷിച്ചത് ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും വൈസ്രോയി മൗണ്ട് ബാറ്റണുമായിരുന്നു. ജാതീയതയെയും ഹിന്ദുത്വവര്‍ഗീയതയെയും ആ മനുഷ്യസ്‌നേഹിയുടെ മഹാശക്തി നിഷ്‌ക്രിയമാക്കി. ഹിന്ദുത്വശക്തികള്‍ പ്രകോപിതരായി. ഗാന്ധിജിയുടെ ഉന്മൂലനം മാത്രമായി അവര്‍ക്കു പോംവഴി.എന്തുകൊണ്ട് സിപിഎം, എന്തുകൊണ്ട് യെച്ചൂരി എന്ന ചോദ്യത്തിന് മേല്‍ സൂചിപ്പിച്ചതില്‍ തന്നെ ഉത്തരമുണ്ട്. ആര്‍എസ്എസിന്റെ ഹിന്ദുത്വത്തിനും ഹിന്ദുരാഷ്ട്രത്തിനും എതിരായുള്ള ആശയപരമായ പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്നത് സിപിഎം തന്നെയാണ്; സ്വാധീനത്തിലും അംഗബലത്തിലും അല്ലെങ്കിലും ആശയശക്തികൊണ്ട്. ഹിന്ദുരാഷ്ട്ര വാദത്തിന്റെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ ചരിത്രവും രാഷ്ട്രീയവും അതിന്റെ അപകടവും തുറന്നുകാട്ടുന്നതില്‍ യെച്ചൂരിയുടെ രണ്ടരപ്പതിറ്റാണ്ടുകാലത്തെ എഴുത്തും പ്രസംഗങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്; ഇപ്പോള്‍ ജനറല്‍ സെക്രട്ടറി എന്ന നിലയിലുള്ള ഇടപെടലുകളും.ഡല്‍ഹി സംഭവത്തെ സംബന്ധിച്ച ദൃശ്യമാധ്യമ ചര്‍ച്ചകളില്‍ ആര്‍എസ്എസ് നേതാക്കള്‍ തങ്ങളുടെ ചരിത്രശുദ്ധി വരുത്താന്‍ ഉയര്‍ത്തിയത് പരിഹാസ്യമായ വാദമുഖങ്ങളാണ്. ആര്‍എസ്എസിന്റെ നിരോധനം രണ്ടാഴ്ചകൊണ്ട് ഗവണ്‍മെന്റിന് പിന്‍വലിക്കേണ്ടിവന്നു എന്നാണ് പുഞ്ചിരി ഒളിപ്പിക്കാനാവാതെ ആര്‍എസ്എസിന്റെ വക്താവ് പറഞ്ഞത്; മഹാത്മാഗാന്ധി വധത്തിന് ഉത്തരവാദിയായ ഗോഡ്‌സെ ഹിന്ദുമഹാസഭക്കാരന്‍ ആയിരുന്നുവെന്നും. അതിന്റെ അധ്യക്ഷനായ നിര്‍മല്‍ ചാറ്റര്‍ജിയെ എംപിയാക്കി കൊണ്ടുനടന്നത് സിപിഎം ആണ്.ഗാന്ധി വധത്തിന്റെ രണ്ടാംദിവസം രാഷ്ട്രീയ സ്വയംസേവക് സംഘിനെ ഇന്ത്യാ ഗവണ്‍മെന്റ് നിരോധിച്ചു. അതു പിന്‍വലിച്ചത് 17 മാസത്തിനുശേഷമാണ്. അതാണ് ആര്‍എസ്എസ് വക്താവ് മറച്ചുവച്ചത്. എന്തിനായിരുന്നു നിരോധനം: ”നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം അപകടപ്പെടുത്താനും അതിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനും രംഗത്തിറങ്ങിയിട്ടുള്ള വെറുപ്പിന്റെയും അതിക്രമത്തിന്റെയും ശക്തികളെ പിഴുതെറിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ സ്വയംസേവക് സംഘിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയിലും പോലിസിലും സൈന്യത്തിലും അവിശ്വാസം സൃഷ്ടിക്കാനും ആയുധങ്ങള്‍ സംഭരിക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ കണ്ടെത്തിയിരിക്കുന്നു. ആര്‍എസ്എസിന്റെ പ്രേരണയില്‍ നിരവധി വിലപ്പെട്ട ജീവനുകള്‍ അപഹരിച്ചിട്ടുണ്ട്. ഏറ്റവും വിലപ്പെട്ടത് ഗാന്ധിജിയുടെ ജീവനാണ്.”ആര്‍എസ്എസും ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും തമ്മില്‍ കൈമാറിയ കത്തുകളില്‍ ആര്‍എസ്എസും ഹിന്ദുമഹാസഭയും തമ്മിലുള്ള കൃത്യമായ ബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പ്രസംഗങ്ങളിലെ വിഷം വ്യാപിച്ചതുകൊണ്ടാണ് രാജ്യത്തിന് ഗാന്ധിയുടെ വിലപ്പെട്ട ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവന്നത് എന്ന കാര്യവും ആര്‍എസ്എസിനോട് ഒരു സഹാനുഭൂതിയും സര്‍ക്കാരിലും ജനങ്ങളിലും ശേഷിച്ചിട്ടില്ലെന്നും 1948 സപ്തംബറില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ പട്ടേല്‍ വ്യക്തമാക്കി. 1949 ജൂലൈ 11ന് ആര്‍എസ്എസിന്റെ നിരോധനം നീക്കിയത് കേന്ദ്ര ഗവണ്‍മെന്റുമായുള്ള കരാറിനെ തുടര്‍ന്നാണ്. അതിലെ പ്രധാന വ്യവസ്ഥകള്‍: 1. ആര്‍എസ്എസ് എഴുതി പ്രസിദ്ധീകരിച്ച ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.2. അതിന്റെ പ്രവര്‍ത്തനം സാംസ്‌കാരികമേഖലയില്‍ പരിമിതപ്പെടുത്തണം. 3. അക്രമവും രഹസ്യ സ്വഭാവവും ഉപേക്ഷിക്കണം. 4. ഭരണഘടനയോടും ദേശീയപതാകയോടും കൂറ് പ്രഖ്യാപിക്കണം. 5. ആര്‍എസ്എസ് ഒരു ജനാധിപത്യ സംഘടനയായി പ്രവര്‍ത്തിക്കണം.ഈ ചരിത്രവസ്തുതകളും ഈ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പട്ടേലും കേന്ദ്ര ഗവണ്‍മെന്റുമായി നടന്ന നിരവധി രഹസ്യ കൂടിയാലോചനകളും നിരോധനം പിന്‍വലിക്കുന്നതിനെതിരേ പ്രവിശ്യാ ഗവണ്‍മെന്റുകളില്‍ നിന്നു വന്ന എതിര്‍പ്പും മറ്റും ഇപ്പോള്‍ ആര്‍എസ്എസ് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു. പ്രമുഖ നിയമപണ്ഡിതനും സുപ്രിംകോടതിയിലെ അഭിഭാഷകനുമായിരുന്ന നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്നു. 1947ല്‍ ബംഗാള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം നിരാശനും ദുഃഖിതനുമായി. ഗാന്ധിജി വധിക്കപ്പെട്ടതോടെ ഹിന്ദുമഹാസഭയുടെ അധ്യക്ഷസ്ഥാനം രാജിവച്ചു. 1963ലാണ് ബര്‍ദ്വാന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ നിര്‍മല്‍ ചാറ്റര്‍ജി ലോക്‌സഭയിലെത്തുന്നത്. 1971ല്‍ മരണപ്പെടുന്നതു വരെ അദ്ദേഹം ലോക്‌സഭയില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മകന്‍ സോമനാഥ് ചാറ്റര്‍ജിയെ സിപിഎം ബര്‍ദ്വാനില്‍ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചത്.ഗാന്ധിജി പാകിസ്താന്‍ പക്ഷക്കാരനാണെന്ന് ആക്ഷേപിച്ചാണ് അദ്ദേഹത്തിനെതിരേ മതഭ്രാന്ത് ഇളക്കിവിട്ടത്. മതഭ്രാന്തും ദേശാഭിമാനവും രണ്ടാണെന്നത് വര്‍ഗീയഭ്രാന്തിളകുമ്പോള്‍ കാണാതെപോവുന്നു. കഴിഞ്ഞദിവസത്തെ ദൃശ്യമാധ്യമ സംവാദങ്ങളില്‍ തന്നെ ബിജെപിയുടെ ഒരു മുതിര്‍ന്ന വക്താവ് യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനക്കാരെപ്പോലെ വികാരവിക്ഷുബ്ധനായി. വാര്‍ത്താ അവതാരകനെ മറികടന്ന് സംവാദം ഏകപക്ഷീയമാക്കാന്‍ നിലവിട്ട് ശ്രമിക്കുന്നതു കാണാമായിരുന്നു. സിപിഎമ്മിനെയും പാകിസ്താന്‍ പക്ഷപാതിയാക്കാനും അവര്‍ക്കെതിരേ ദേശീയതയുടെ ഭ്രാന്ത് ഇളക്കിവിടാനുമാണ് ഈ ആക്രമണത്തെ തുടര്‍ന്ന് ആര്‍എസ്എസും ബിജെപിയും പരിശ്രമിച്ചത്. സിപിഎം ഓഫിസിന്റെ ബോര്‍ഡില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്താന്‍ എന്ന് എഴുതിവയ്പിച്ചത് തമാശയായിരുന്നില്ല.കശ്മീരില്‍ സൈന്യം ഒരു യുവാവിനെ പട്ടാളവാഹനത്തിനു മുന്നില്‍ മനുഷ്യകവചമായി കെട്ടി ഇരുപതോളം ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെയാണ് സിപിഎം ചോദ്യംചെയ്തത്. കരസേനയുടെ ചരിത്രത്തിലെ ആദ്യ സംഭവം. ഇതിനെ കരസേനാ മേധാവി ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത് തെറ്റായെന്നാണ് സിപിഎം പറഞ്ഞത്. അതുകൊണ്ടാണ് ആ പാര്‍ട്ടിയെ ദേശവിരുദ്ധരായി ആക്ഷേപിച്ചത്; അവര്‍ക്കെതിരേ ഭ്രാന്തമായ ദേശീയവികാരം ഇളക്കിവിടാന്‍ അക്രമികളെ അയച്ചു വാര്‍ത്ത സൃഷ്ടിച്ചത്.നോര്‍തേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫിസര്‍ കമാന്‍ഡന്റായ ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗിനെപ്പോലുള്ള കരസേനയുടെ മുന്‍ ജനറല്‍മാര്‍ ദേശവിരുദ്ധരാണെന്ന് ആര്‍എസ്എസിനും ബിജെപിക്കും പറയാനാവില്ല. ഇന്ത്യന്‍ സൈന്യം അവരുടെ ചുമതല നിര്‍വഹിക്കുന്ന ശൈലി ഇതല്ലെന്നും ചരിത്രത്തില്‍ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും പനാഗ് വിമര്‍ശിച്ചു. അതേ വിമര്‍ശനമുയര്‍ത്തിയ സിപിഎമ്മും മറ്റുള്ളവരും ദേശദ്രോഹികളാണെന്നു ഭീഷണിപ്പെടുത്തുന്നു. മാത്രവുമല്ല, ഫലസ്തീനില്‍ ഇസ്രായേല്‍ സൈന്യം മനുഷ്യകവചം സൃഷ്ടിച്ചതിന്റെ തുടര്‍ച്ച കശ്മീരില്‍ കരസേനയിലെ ഒരു മേജര്‍ പകര്‍ത്തുകയാണ് ചെയ്തത്. ഇസ്രായേല്‍ മാതൃക പ്രധാനമന്ത്രി മോദിക്കും സംഘ പരിവാരത്തിനും തൃപ്തികരമായേക്കാം. ഇന്ത്യന്‍ സൈന്യത്തിന്റെ പാരമ്പര്യത്തിനും ജനാധിപത്യ കാഴ്ചപ്പാടിനും അതു നിരക്കുന്നതല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss