|    Oct 19 Fri, 2018 5:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്തുകൊണ്ട് നാദാപുരം അശാന്തം?

Published : 26th August 2016 | Posted By: SMR

സാലിം  അഴിയൂര്‍

കൊലപാതകം, കൊള്ള, കൊള്ളിവയ്പ്, ആക്രമണങ്ങള്‍, സമാധാനയോഗം, ചായസല്‍ക്കാരം എന്നീ ക്രമാനുഗത പാരമ്പര്യം പതിവു തെറ്റിക്കാതെ ഇക്കുറിയും നാദാപുരത്തു നടന്നു. ആദ്യത്തെ നാലു പ്രക്രിയകള്‍ രണ്ടു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വകയാണെങ്കില്‍ അവസാനത്തെ രണ്ടെണ്ണം പ്രസ്തുത രണ്ടു പാര്‍ട്ടികളുടേതടക്കം നേതാക്കന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സംഭാവനകളാണ്. ദുരിതം പേറുന്നതോ പ്രദേശത്തെ സര്‍വ ജനങ്ങളും. നാദാപുരത്തെ മുന്‍കാല സംഘര്‍ഷങ്ങള്‍ക്ക് അവിടത്തെ ജീവിതസാഹചര്യങ്ങളുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്നത് യാദൃച്ഛികമായിരുന്നില്ല.
മുഹമ്മദ് അസ്‌ലം എന്ന ഒരു കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ ആസൂത്രിതമായി വെട്ടിക്കൊന്നത് അവിചാരിതമോ നൈമിഷിക വൈകാരികതയുടെയോ ഭാഗമല്ലെന്നതാണ് സംഘര്‍ഷത്തെ വ്യത്യസ്തമാക്കുന്നത്. തൂണേരിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ ഷിബിന്‍ വധക്കേസിലെ പ്രതികളെ ഏത് കോടതി വെറുതെ വിട്ടാലും തങ്ങളുടെ കോടതി വെറുതെ വിടില്ലെന്ന സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി ചാത്തു മാസ്റ്ററുടെ പ്രസംഗം ഒരു ഭാഗത്ത്. ഷിബിന്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ 2015 ജനുവരി 22നു തൂണേരി വെള്ളൂരില്‍ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്‌ലമിനെ സായാഹ്നം ചെലവഴിക്കാന്‍ ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് വിട്ട രാഷ്ട്രീയ മണ്ടത്തരം തുടര്‍ന്നുവരുന്ന ലീഗ് നിലപാട് മറുഭാഗത്ത്. ഇതിനു നടുവിലായി സര്‍വായുധസജ്ജ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അവകാശപ്പെടുന്ന നാദാപുരത്തെ പോലിസ് സേന. ഇവ മൂന്നിന്റെയും തികഞ്ഞ അനാസ്ഥയുടെ ഉപോല്‍പന്നമായിരുന്നു അസ്‌ലമിന്റെ കൊലപാതകം.
നാദാപുരത്ത് ഏതെല്ലാം സമയങ്ങളില്‍ അശാന്തി പടര്‍ന്നിട്ടുണ്ടോ, അപ്പോഴെല്ലാം ഉത്തരവാദി ഇവ മൂന്നിലേതെങ്കിലുമായിരുന്നു എന്നത് ചരിത്രവസ്തുതയാണ്. അസ്‌ലമിന്റെ കൊലപാതകം നടപ്പാക്കിയ സിപിഎമ്മും, പ്രമാദമായ കേസില്‍ പൊതുസമൂഹത്തെ പോലും ഞെട്ടിച്ച കോടതിവിധിയിലൂടെ ലഭിച്ച ആനുകൂല്യം കൈകാര്യം ചെയ്യുന്നതില്‍ ലാഘവം കാണിച്ച മുസ്‌ലിംലീഗും, വിധിയുടെ പശ്ചാത്തലത്തില്‍ നിലനിന്ന അശുഭ സാഹചര്യം തിരിച്ചറിയാന്‍ കഴിയാതിരുന്ന പോലിസും ഈ കൊലപാതകത്തിനും തുടര്‍ന്നു നടന്ന ആക്രമണങ്ങള്‍ക്കും മറുപടി പറയേണ്ടതുണ്ട്.
ഷിബിന്റെ കൊലപാതകത്തിനു പകരമായി കഴിഞ്ഞ വര്‍ഷം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കവര്‍ന്നത് എണ്‍പതിലധികം കുടുംബങ്ങളുടെ ജീവിതമായിരുന്നു. രാഷ്ട്രീയത്തിനതീതമായി മതപരമായ മാനദണ്ഡങ്ങള്‍ നോക്കിയായിരുന്നു കൊള്ളയും കൊള്ളിവയ്പും അരങ്ങേറിയത്. പിന്നീട് അതിന്റെ ഭയാനകതയും ഭീതിയും തിരിച്ചറിഞ്ഞപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ നാദാപുരത്തെത്തി ഇതില്‍ സഖാക്കളെ തിരുത്തേണ്ടിയും വന്നിരുന്നു. പാര്‍ട്ടി ചരിത്രത്തിലും നാദാപുരം അനുഭവത്തിലും ഇത് വേറിട്ട അനുഭവവുമായിരുന്നു. പാര്‍ട്ടി സഖാക്കള്‍ ആര്‍എസ്എസുകാരെ പോലെ വര്‍ഗീയവാദികളാവുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അന്ന് പിണറായിക്ക് പറയേണ്ടിവന്നത്.
അതുതന്നെയായിരുന്നു വസ്തുതയും. കേരളത്തിലെ ചുരുക്കം ചില പ്രദേശങ്ങളെപ്പോലെ എന്തുകൊണ്ട് നാദാപുരത്തെ സഖാക്കള്‍ മുസ്‌ലിംലീഗിനോടും മുസ്‌ലിം സമുദായത്തോടും വൈരനിര്യാതനബുദ്ധിയോടെ പെരുമാറുന്നുവെന്നും വിലയിരുത്തേണ്ടതുണ്ട്. വര്‍ഗീയതയോട് വിടപറയാനും മതനിരപേക്ഷതയോട് അണിചേരാനും യുവസാഗരം തീര്‍ക്കുന്ന ഈ വേളയിലെങ്കിലും സ്വന്തം അണികളെ വര്‍ഗീയമുക്തമാക്കാന്‍ സാധിക്കേണ്ടതല്ലേ? ചെറിയ സംഭവങ്ങള്‍ പോലും ആയുധമെടുത്തു പോരടിക്കുന്ന തരത്തിലേക്ക് വളര്‍ത്തുന്ന അണികളുടെ പേക്കൂത്തുകളെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് ഭയന്ന് അഗീകരിച്ചുകൊടുക്കുന്നത് സിപിഎമ്മിനു യോജിച്ചതാണോ?
ഷിബിന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്നു പ്രഖ്യാപിച്ച മുസ്‌ലിംലീഗ് നേതൃത്വം അവര്‍ക്ക് പൂര്‍ണ നിയമസഹായവും പിന്തുണയും നല്‍കി. വിധിക്കു ശേഷം പ്രദേശത്ത് പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ പ്രതികള്‍ സജീവമാവുകയും എതിര്‍ചേരിയെ വികാരവിക്ഷോഭത്തില്‍ എത്തിക്കുകയും ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ സാഹചര്യം തിരിച്ചറിഞ്ഞു തടയിടാനും മുസ്‌ലിംലീഗിനു സാധിച്ചില്ല. ഇതിലൂടെ യഥാര്‍ഥത്തില്‍ ഒരു യുവാവിനെ കുരുതികൊടുക്കുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നത്.
അന്യസംസ്ഥാനത്തു നിന്നടക്കം വിദേശത്തേക്കു കടക്കാന്‍ പ്രതികളില്‍ ചിലര്‍ക്ക് സൗകര്യം ചെയ്ത പാര്‍ട്ടിയിലെ നേതാക്കള്‍ മൂന്നാം പ്രതിയായ മുഹമ്മദ് അസ്‌ലമിനെ എന്തുകൊണ്ടാണ് മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ അയച്ചത്? തെയ്യംപാടി ഇസ്മായീലിന്റെ ജ്യേഷ്ഠസഹോദരന്‍ മുനീറിനെ വെള്ളൂരില്‍ ഷിബിനടക്കം തടഞ്ഞുവച്ചുവെന്ന കാരണത്താല്‍ കാണിച്ച തീര്‍ത്തും മനുഷ്യത്വരഹിതമായ കൊലപാതകം കാരണം അമ്പതിലധികം കുടുംബങ്ങളുടെ ജീവിതം ചാരമാക്കപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പ്രതികളെ എന്തേ ബോധ്യപ്പെടുത്താതിരുന്നത്?
ഇലക്ട്രിക് തൂണുകളിലെ ചായം പൂശല്‍, ലൈനുകളിലെ കൊടി തൂക്കല്‍, ഫഌക്‌സ് ബോര്‍ഡുകളിലെ പ്രകോപന പ്രയോഗങ്ങള്‍, ഗ്രാമങ്ങളുടെ പാര്‍ട്ടി കോട്ടവത്കരണം, ഇരുചക്രവാഹനങ്ങളുടെ അമിതവേഗം തുടങ്ങി ഒട്ടേറെ കാരണങ്ങളോടൊപ്പം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വര്‍ഗീയാധിഷ്ഠിതമായ എതിര്‍പക്ഷ രാഷ്ട്രീയ വിദ്വേഷം എന്നിവയിലൊക്കെത്തന്നെ സ്വന്തം അണികളെ സംസ്‌കരിച്ചെടുക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാന്‍ മുസ്‌ലിംലീഗിനാവുന്നില്ല. വേണ്ടത് നാദാപുരത്തിന്റെ ശാശ്വത സമാധാനമാണെന്ന് ഈ രണ്ടു പാര്‍ട്ടികളും ഉറച്ച തീരുമാനം എടുക്കാത്തിടത്തോളം കാലം അതു പ്രതീക്ഷിക്കുന്നവര്‍ മണ്ടന്‍മാര്‍ മാത്രമായിരിക്കും.
അണികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോട് ഇരുപാര്‍ട്ടികളും കാണിക്കുന്ന സമീപനങ്ങളിലും ഒട്ടേറെ സമാനതകള്‍ കാണാന്‍ സാധിക്കും. തുടര്‍ച്ചയായ സംഘര്‍ഷങ്ങളിലൂടെ നൂറുകണക്കിനു കേസുകള്‍ കാരണം ഒരു ഘട്ടത്തില്‍ ഇരുപാര്‍ട്ടികളിലെയും അണികള്‍ക്കു നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ സംഘര്‍ഷങ്ങളുടെ പിതൃത്വം മൂന്നാം കക്ഷിയില്‍ പഴിചാരി ഇവര്‍ രക്ഷപ്പെടുന്ന ഉഗ്രന്‍ തമാശയും നാദാപുരത്തുകാര്‍ കാണുകയുണ്ടായി. കേസുകള്‍ പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് ശീതീകരിച്ച വാഹനത്തില്‍ ഇരുപാര്‍ട്ടി നേതാക്കളും ഒന്നിച്ചു തിരുവനന്തപുരത്തേക്ക് യാത്ര പോയതും ഒളിമങ്ങാത്ത ഓര്‍മകളാണ്. കേസുകള്‍ പിന്‍വലിച്ചു നേതാക്കള്‍ അണികളെ വീണ്ടും സംഘര്‍ഷത്തിനു തയ്യാറാക്കിനിര്‍ത്തുകയായിരുന്നുവെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ പറയുന്നത്.
അസ്‌ലമിന്റെ കൊലപാതകത്തിന് ഒരാഴ്ച മുമ്പ് നാദാപുരം തൂണേരിയിലെ പൊതുയോഗത്തില്‍ പാര്‍ട്ടി വിധി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച സിപിഎം ഏരിയാ സെക്രട്ടറിയോടുള്ള ലീഗ് സമീപനവും അണികള്‍ക്കുതന്നെ സംശയം ജനിപ്പിക്കുന്നതായിരുന്നു. ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗത്തില്‍ ‘അദ്ദേഹത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് തങ്ങള്‍ക്ക് അഭിപ്രായമില്ലെ’ന്നായിരുന്നു ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി പറഞ്ഞത്. സ്വകാര്യ കോളജ് അടക്കമുള്ള ഒട്ടേറെ സംരംഭങ്ങളില്‍ പാര്‍ട്ണര്‍മാരായിരിക്കുന്ന ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ നാടിന്റെ ശ്വാശ്വത സമാധാനത്തിന് അണികളെ സജ്ജരാക്കാന്‍ ശ്രമിക്കുന്നില്ല എന്നത് ഒരു വസ്തുത മാത്രം.
നാദാപുരം പോലിസിനെക്കുറിച്ച് സമാധാനയോഗത്തില്‍ ലീഗ് ഉന്നയിച്ച പ്രധാന ആരോപണം, മേഖലയില്‍ പോലിസ് ഒരു വിഭാഗത്തോട് അസഹിഷ്ണുതയോടെ പെരുമാറുന്നു എന്നതാണ്. അതും മുടിയിഴകീറി പരിശോധിക്കേണ്ടതുണ്ട്. അസ്‌ലം കൊല്ലപ്പെട്ട് അഞ്ചു മിനിറ്റിനകം ജാഗരൂകരായ പോലിസ്, ഷിബിന്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലിസ് സ്‌റ്റേഷനു മൂക്കിനു താഴെ പോലും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷയൊരുക്കാന്‍ തയ്യാറായിരുന്നില്ല. ക്രിമിനലുകള്‍ തന്റെ വീടിനു മുന്നിലെത്തി അക്രമം അഴിച്ചുവിട്ടപ്പോള്‍ സ്‌റ്റേഷനിലേക്കു വിളിച്ച വെള്ളൂരിലെ വീട്ടമ്മയ്ക്ക് ലഭിച്ച മറുപടി ‘കൊന്നതല്ലേ, അനുഭവിച്ചോ’ എന്നായിരുന്നു.
കൊള്ളയും കൊള്ളിവയ്പും നടത്തുന്നുവെന്നു വ്യക്തമായ വിവരമുണ്ടായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാതിരുന്ന ഉന്നത സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേ യുഡിഎഫ് ഭരണകാലത്തു പോലും ഒരു നടപടിയും ഉണ്ടായില്ല. അന്നു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പോലിസ് അനാസ്ഥ കാരണം പലതും വെറുതെ വിടുകയും ചെയ്തു. ഗൗരവതരമായ വകുപ്പുകള്‍ ചേര്‍ക്കാനോ കൃത്യമായ തെളിവുകള്‍ ഹാജരാക്കാനോ തൊണ്ടിമുതലുകള്‍ പൂര്‍ണമായി കണ്ടെത്താനോ പോലിസ് തയ്യാറായില്ല. വാഹനപരിശോധന സമയങ്ങളില്‍ പോലും പോലിസ് വിഭാഗീയത വളര്‍ത്തുന്ന പ്രയോഗങ്ങള്‍ നടത്തുന്നതായി പലരും സാക്ഷ്യപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss