|    Nov 17 Sat, 2018 12:39 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്തുകൊണ്ട് ദലിത് വേട്ട?

Published : 14th July 2018 | Posted By: kasim kzm

ജെ  രഘു
പൊതുകിണറ്റില്‍ നിന്നു വെള്ളമെടുത്തതിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ രണ്ടു ദലിത് കുട്ടികളെ നഗ്നരാക്കി മര്‍ദിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നാമെല്ലാം കണ്ടതാണ്. ഇതുപോലെ എത്രയോ അതിക്രമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, ഹിന്ദു ഫാഷിസ്റ്റുകള്‍ നടപ്പാക്കുന്ന കൊടുംപാതകങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരേ കാര്യമായ പ്രതിഷേധങ്ങളോ പ്രതിരോധങ്ങളോ ഉണ്ടാകുന്നില്ല.
ഒരു സ്ഥലത്ത് ഒരനീതി ഉണ്ടായാല്‍ അവിടെയൊരു കലാപം ഉണ്ടാകണമെന്നത് മനുഷ്യരാശിയുടെ സാമാന്യമായ നീതിബോധത്തിന്റെ ഭാഗമാണ്. എന്നാല്‍, ഹിന്ദു ഫാഷിസ്റ്റ് അനീതികള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് അനീതികളെ സാധൂകരിക്കുകയാണ് ചെയ്യുന്നത്. പ്രാകൃത ഹിന്ദു ഇന്ത്യയുടെ സഹജ ഭാവമായിരുന്ന ദലിത് പീഡനം സമീപകാല ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
ഹിന്ദുരാഷ്ട്രവാദത്തിന്റെ യഥാര്‍ഥ അപരത്വവും ശത്രുവും ഇന്ത്യയിലെ ദലിത് ജനതയാണെന്ന വസ്തുതയിലേക്കാണ് ഈ ദലിത് വേട്ടകള്‍ വിരല്‍ ചൂണ്ടുന്നത്. ജര്‍മനിയില്‍ ജൂതര്‍ ഇല്ലായിരുന്നുവെങ്കില്‍ നാത്‌സിസം ഉണ്ടാവുമായിരുന്നില്ല. ജൂതര്‍ എന്ന ശത്രുവിനെ ഇല്ലായ്മ ചെയ്ത് ആര്യവംശവിശുദ്ധി വീണ്ടെടുക്കാനാണ് നാത്‌സിസം ആവിര്‍ഭവിച്ചത്. ഹിന്ദു വംശവിശുദ്ധിയുടെ ആന്തരിക കളങ്കം ദലിതരും പിന്നാക്ക ജാതികളുമാണ്. ഹിന്ദുവിന്റെ ശുദ്ധ-അശുദ്ധ സങ്കല്‍പം വാസ്തവത്തില്‍ വംശീയതയാണ്. ഇന്ത്യയില്‍ മുസ്‌ലിംകളുടെ വരവിന് എത്രയോ മുമ്പുതന്നെ തദ്ദേശീയ ജനതയെ ശുദ്ധവംശജരെന്നും അശുദ്ധവംശജരെന്നും വിഭജിക്കുന്ന ‘ജാതി വര്‍ണവ്യവസ്ഥ’ രൂപം കൊണ്ടിരുന്നു.
വംശീയതയുടെ ഇന്ത്യന്‍ രൂപമായ ജാതിവ്യവസ്ഥ, മഹാഭൂരിപക്ഷം ഇന്ത്യക്കാരെയും കാണാനോ സ്പര്‍ശിക്കാനോ പാടില്ലാത്ത മനുഷ്യരായി ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്. യൂറോപ്യന്‍ വംശീയതയേക്കാള്‍ ഹീനവും ക്രൂരവുമാണ് ഇന്ത്യയിലെ ജാതിവംശീയത. താഴ്ന്ന വംശജരെന്നു ചിത്രീകരിക്കപ്പെട്ട ജനങ്ങളുടെ ശരീരങ്ങള്‍ അശുദ്ധമാണെന്നോ, സ്പര്‍ശം കൊണ്ടോ സാമീപ്യം കൊണ്ടോ തങ്ങളെ അശുദ്ധമാക്കാന്‍ അവര്‍ക്കു കഴിയുമെന്നോ യൂറോപ്യന്‍ വംശീയവാദികള്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍, പിന്നാക്ക-ദലിത് ജാതികളില്‍ ഉള്‍പ്പെടുന്ന മനുഷ്യരുടെ ശരീരങ്ങള്‍ അശുദ്ധ ശരീരങ്ങളാണെന്ന സിദ്ധാന്തം ജാതിവംശീയതയെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാക്കുന്നു.
പിന്നാക്ക-ദലിത് ശരീരങ്ങളുടെ അശുദ്ധിയില്‍ നിന്ന് സ്വന്തം ശരീരശുദ്ധി സംരക്ഷിക്കുന്നതിനു വേണ്ടി നിര്‍മിക്കപ്പെട്ട സദാചാര-ധര്‍മസംഹിതകളാണ് ഇതിഹാസ പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും. സമകാലിക ഇന്ത്യയില്‍ ഏറെ ഉദ്‌ഘോഷിക്കപ്പെടുന്ന ഹിന്ദു സംസ്‌കാരം, ഹിന്ദു പാരമ്പര്യം, ഹിന്ദു പൈതൃകം തുടങ്ങിയ പ്രതീകങ്ങള്‍ വാസ്തവത്തില്‍ തദ്ദേശീയരില്‍ ഭൂരിപക്ഷമായ ജനതയ്ക്കു മേല്‍ സവര്‍ണ ന്യൂനപക്ഷത്തിന്റെ വംശീയാധിപത്യം സ്ഥാപിച്ചതിന്റെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവുമാണ്.
19ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടിഷ് ഭരണം സ്ഥാപിതമാകുന്നതുവരെ ഹിന്ദു സംസ്‌കാരമെന്നത് സവര്‍ണരുടെ മാത്രം സംസ്‌കാരമായിരുന്നു. ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനിച്ചത് സവര്‍ണര്‍ മാത്രമായിരുന്നു. ഹിന്ദു സംസ്‌കാരം അശുദ്ധരും അവര്‍ണരുമാക്കി ബഹിഷ്‌കരിച്ച ജനവിഭാഗങ്ങള്‍, ബ്രിട്ടിഷ് പൂര്‍വ കാലഘട്ടത്തില്‍ സ്വയം ഹിന്ദുക്കളെന്നു കരുതുകയോ ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ബ്രിട്ടിഷ് ഭരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ക്രമേണ രൂപംകൊണ്ട നിയമവ്യവസ്ഥയുടെയും സാമ്പത്തിക ക്രമത്തിന്റെയും ഇരകളായി മാറിയത്, തദ്ദേശീയ സമൂഹത്തില്‍ വംശീയാധിപത്യം പുലര്‍ത്തിയിരുന്ന സവര്‍ണ ന്യൂനപക്ഷമാണ്. ഹിന്ദു വംശീയതയുടെ പരമ്പരാഗത ഇരകളായിരുന്ന പിന്നാക്ക-ദലിത് ജനവിഭാഗങ്ങള്‍ക്കു മേല്‍ ബ്രിട്ടിഷ് രാജിന് ഇങ്ങനെയൊരു ആഘാതം ഏല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, സാമൂഹികമായോ സാംസ്‌കാരികമായോ മനശ്ശാസ്ത്രപരമായോ നഷ്ടപ്പെടാനോ അപഹരിക്കപ്പെടാനോ ആയി അവര്‍ക്ക് ഒന്നുമുണ്ടായിരുന്നില്ല.
പരമ്പരാഗതമായി പിന്നാക്ക ജാതി-ദലിത് വേട്ടക്കാരായിരുന്ന സവര്‍ണ ന്യൂനപക്ഷത്തിനു വേട്ടക്കാരുടെ പദവി നഷ്ടപ്പെട്ടു എന്നതാണ് ബ്രിട്ടിഷ് രാജിന്റെ ഏറ്റവും മാരകമായ പ്രഭാവം. വേട്ടക്കാരനില്‍ നിന്ന് ഇരയിലേക്കുള്ള ഈ പതനം സവര്‍ണ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതായിരുന്നില്ല. തുടര്‍ന്നുള്ള ഇന്ത്യയുടെ ചരിത്രം ഫലത്തില്‍, വേട്ടക്കാരനെന്ന പരമ്പരാഗത പദവി വീണ്ടെടുക്കുന്നതിനു വേണ്ടി സവര്‍ണ ഹിന്ദുക്കള്‍ നടത്തിയ രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക പ്രതിരോധങ്ങളുടെ ചരിത്രമാണ്.
ബ്രിട്ടിഷുകാര്‍ ആവിഷ്‌കരിച്ച ലിഖിത നിയമവാഴ്ചയുടെയും സെന്‍സസ് പോലുള്ള ഭരണനിര്‍വഹണ നടപടികളുടെയും പ്രാതിനിധ്യ ജനാധിപത്യ സ്ഥാപനങ്ങളുടെയുമൊക്കെ ഫലമായി ഇന്ത്യയിലെ മനുഷ്യര്‍ ‘ജാതി-വംശ അംഗങ്ങള്‍’ എന്ന നിലയില്‍ നിന്ന് ‘നിയമത്തിനു മുമ്പില്‍ തുല്യരായ പൗരന്മാര്‍’ എന്ന നിലയിലേക്കു സാവധാനം പരിവര്‍ത്തിക്കുകയുണ്ടായി. എല്ലാ മനുഷ്യരും ഏതെങ്കിലുമൊരു ജാതിയില്‍ അംഗമായിരിക്കുമ്പോള്‍ മാത്രമേ ഹിന്ദുയിസം എന്ന സാമൂഹിക സംവിധാനത്തിനു പ്രവര്‍ത്തിക്കാനാവൂ.
വംശശുദ്ധിയുടെ ഉച്ച-നീചശ്രേണിയില്‍ ഏറ്റവും മുകളില്‍ ബ്രാഹ്മണരും ഏറ്റവും താഴെ ദലിതരുമാണ്. ഈ ശ്രേണിയില്‍ ഓരോ ജാതിക്കും അനുവദിച്ചിട്ടുള്ള സ്ഥാനത്തിനു നേരിയ ഭ്രംശമെങ്കിലും ഉണ്ടായാല്‍ അത് ജാതിശ്രേണിയെയാകെ അലങ്കോലമാക്കുകയും തകര്‍ക്കുകയും ചെയ്യും. ബ്രിട്ടിഷ് നിയമവാഴ്ചയുടെ പരോക്ഷ ഫലം അതുതന്നെയായിരുന്നു. പ്രകൃതിദത്തവും ദിവ്യവുമെന്നു കരുതിയിരുന്ന ജാതി-വംശീയ ശ്രേണിയുടെ കെട്ടുപാടുകള്‍ തകരുകയും ജാതിയിലെ അംഗങ്ങള്‍ മാത്രമായിരുന്ന മനുഷ്യരുടെ സ്ഥാനത്ത് പൗരജനങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. ഹിന്ദുയിസത്തിന്റെ പരമ്പരാഗത ആയുധങ്ങളാല്‍ തടുക്കാവുന്നതിലും വലിയ പ്രഹരമായിരുന്നു ബ്രിട്ടിഷ് ഭരണം സൃഷ്ടിച്ചത്.
19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ‘ഹിന്ദുയിസം അപകടത്തില്‍’ എന്ന നിലവിളി ഉയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. പിന്നാക്ക-ദലിത് ഭൂരിപക്ഷത്തെ ഇരകളാക്കാനും സ്വന്തം വംശീയ ആധിപത്യവും ചൂഷണവും നടപ്പാക്കാനും സവര്‍ണ ന്യൂനപക്ഷത്തിനു പരമ്പരാഗതമായി ലഭ്യമായിരുന്ന വേട്ടക്കാരുടെ പദവിയാണ് അവര്‍ക്കു നഷ്ടമായത്. പരമ്പരാഗത വംശീയ വേട്ടക്കാര്‍ക്ക് ഉണ്ടായിരുന്ന പതനത്തിന്റെ പ്രകാശനമാണ് ‘ഹിന്ദുയിസം അപകടത്തില്‍’ എന്ന മുദ്രാവാക്യം.
ഹിന്ദു സംസ്‌കാരവും പാരമ്പര്യവും സവര്‍ണ ന്യൂനപക്ഷത്തിനു നല്‍കിയിരുന്ന വേട്ടക്കാരുടെ പദവി വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള പ്രതിരോധം ‘ദേശീയ പ്രസ്ഥാന’മായും ‘സ്വാതന്ത്ര്യസമര’മായും പുനര്‍വിന്യസിക്കപ്പെട്ടതോടെ വേട്ടക്കാര്‍ക്കു മാത്രമായി ഇങ്ങനെയൊരു സമരം നടത്തുക അസാധ്യമായിത്തീര്‍ന്നു. തങ്ങളുടെ പരമ്പരാഗത ഇരകളായിരുന്ന പിന്നാക്ക-ദലിത് ജനവിഭാഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് മാത്രമേ ദേശീയ പ്രസ്ഥാനത്തിനു ‘ജനകീയ’മാകാന്‍ കഴിയുമായിരുന്നുള്ളൂ. ദേശീയ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ സവര്‍ണ ഹിന്ദുക്കളുടെ ഭാഗത്തു നിന്നുണ്ടായ ജാതി പരിഷ്‌കരണ വാദത്തിന്റെ ചരിത്ര പശ്ചാത്തലമിതാണ്. വിവേകാനന്ദന്റെ ‘ഭ്രാന്താലയം’ മുതല്‍ ഗാന്ധിജിയുടെ ‘ഹരിജന്‍’ വരെയുള്ള രൂപകങ്ങള്‍ യഥാര്‍ഥത്തില്‍ സവര്‍ണ ദേശീയ നേതൃത്വത്തിന്റെ അരക്ഷിതത്വത്തിന്റെ പ്രകാശനങ്ങളാണ്.
വേട്ടക്കാരുടെ സ്ഥാനത്ത് ബ്രിട്ടിഷ് ഭരണത്തെ സ്ഥാപിക്കാന്‍ കഴിഞ്ഞ സവര്‍ണ ദേശീയ നേതൃത്വത്തിനു പിന്നാക്ക-ദലിതര്‍ കൂടി ഉള്‍പ്പെടുന്ന ഒരു ‘ദേശീയ ഇര’യെ സൃഷ്ടിക്കാനും സാധിച്ചു. ഭൂരിപക്ഷ ജനതയ്ക്കു മുമ്പില്‍ ‘ബ്രിട്ടിഷ് രാജ്’ എന്ന വേട്ടക്കാരനെ അവതരിപ്പിക്കുന്നതിലൂടെ ദേശീയ നേതൃത്വത്തിന് അതിന്റെ വേട്ടക്കാരന്റെ പദവി മറച്ചുവയ്ക്കാന്‍ കഴിഞ്ഞു. സവര്‍ണ ന്യൂനപക്ഷവും അവര്‍ണ ഭൂരിപക്ഷവും അടങ്ങുന്ന ‘ദേശീയ ഇര’യെന്ന സംവര്‍ഗം പ്രചരിച്ചതിന്റെ ഫലമായി ജാതി വംശീയതാ അനീതികള്‍ക്കെതിരായ ചര്‍ച്ചകള്‍ പോലും അസാധ്യമാവുകയാണ് ഉണ്ടായത്.
ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ബ്രിട്ടിഷ് ഭരണമാണെന്നു സമര്‍ഥിക്കപ്പെട്ടതോടെ, ദേശീയ പ്രസ്ഥാനത്തിന് എല്ലാ ഇന്ത്യക്കാരും അടങ്ങുന്ന പൊതുപ്രസ്ഥാനത്തിന്റെ പരിവേഷമാണ് ലഭിച്ചത്. ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ തിന്മകള്‍ക്കും കാരണമായ ജാതി-വംശീയതയ്‌ക്കെതിരായ ആശയത്തെയും പ്രക്ഷോഭത്തെയും അസാധ്യമാക്കിയ ‘ദേശീയ ഹിംസ’യാണ് ഫലത്തില്‍ ദേശീയ പ്രസ്ഥാനം. ദേശീയ പ്രസ്ഥാനത്തിന്റെ വീരോചിത ചരിത്രാഖ്യായികകളില്‍ തമസ്‌കരിക്കപ്പെട്ടത് ഈ ദേശീയ ഹിംസയുടെ ചരിത്രമാണ്.                                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss