|    Apr 24 Tue, 2018 4:26 pm
FLASH NEWS
Home   >  Editpage  >  Editorial  >  

എന്തിനു വേണ്ടിയായിരുന്നു ഈ കടുംകൈ?

Published : 14th November 2016 | Posted By: SMR

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവരണാതീതമായ ദുരിതങ്ങളിലേക്കാണ് ജനങ്ങളെ തള്ളിവിട്ടിരിക്കുന്നതെന്ന് രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ജനങ്ങള്‍ പ്രാഥമിക ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള കാശിനു വേണ്ടി ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുമ്പില്‍ പൊരിവെയിലില്‍ വരിനില്‍ക്കുന്നു. ചെറുകിട വ്യാപാരമേഖലയും നിര്‍മാണമേഖലയും ഏതാണ്ട് നിശ്ചലമാണ്. ഒരു ബാങ്ക് ശാഖപോലുമില്ലാത്ത രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ജനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ വെറും കടലാസ് തുണ്ടങ്ങളായത് ഉള്‍ക്കൊള്ളാനാവാതെ വിറങ്ങലിച്ചുനില്‍ക്കുന്നു. ഇതിലപ്പുറം ഒരു ഭരണകൂടത്തിന് ജനങ്ങളെ ദ്രോഹിക്കാനാവുമോ എന്ന ചോദ്യത്തിനു മുമ്പിലാണ് രാജ്യമിപ്പോള്‍.
എന്തിനുവേണ്ടിയായിരുന്നു ഈ കടുംകൈ എന്ന ചോദ്യം പ്രസക്തമാണ്. കള്ളപ്പണം തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് ഭരണകൂടഭാഷ്യം. പെട്ടെന്നുള്ള ഈ മിന്നലാക്രമണത്തിലൂടെ കള്ളപ്പണത്തിന്റെ കൊത്തളങ്ങളെ അപ്പാടെ നിലംപരിശാക്കിക്കളയാം എന്നാണ് ഭരണകൂടകേന്ദ്രങ്ങളും ബിജെപി നേതൃത്വവും വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ഈ വിശ്വാസമനുസരിച്ച് ഇന്ത്യയിലെ കള്ളപ്പണക്കാരെല്ലാം അവരുടെ അനധികൃത സമ്പാദ്യങ്ങള്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി വലിയ ചാക്കുകളില്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ നോട്ടുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് അസാധുവാകുന്നതോടെ കള്ളപ്പണമെല്ലാം നിന്നിടത്ത് വച്ച് ആവിയായിപ്പോവും. ഈ തിരക്കഥയില്‍  വിദേശ ബാങ്കുകളിലും റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും മേയുന്ന കൊമ്പന്‍സ്രാവുകളെ കുറിച്ച വേവലാതികളൊന്നുംതന്നെയില്ല. പരല്‍മീനുകള്‍ക്കു പിന്നാലെയാണ് ഭരണാധികാരികള്‍.
ഒരു കൈയില്‍ കള്ളപ്പണവും മറുകൈയില്‍ തോക്കുമേന്തി മുസ്‌ലിം ഭീകരന്‍മാരും പാകിസ്താന്‍ ചാരന്‍മാരും മാവോവാദികളുമെല്ലാം വിഹരിക്കുന്ന ഒരു ഭ്രമാത്മക ലോകമാണ് ഒരു ശരാശരി ബിജെപിക്കാരന്റെ വര്‍ത്തമാന ഇന്ത്യ. അവിടെ തന്റെ കൈയിലുള്ള അധികാരത്തിന്റെ മാന്ത്രിക വടി ചുഴറ്റി രാജ്യത്തെ വീണ്ടെടുക്കുന്ന അതിമാനുഷനാണ് മോദി.
ഈ അതിഭാവുകത്വം തന്നെയാണ് സര്‍ക്കാര്‍ നടപടിയെ  സംശയാസ്പദമാക്കുന്നതും. പുറത്തുവരുന്ന വിവരങ്ങള്‍ ഓരോന്നും ഈ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ്. വിവിധ കോണുകളില്‍നിന്ന് അതിനിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തുള്ള മമതാ ബാനര്‍ജിയും അരവിന്ദ് കെജ്‌രിവാളും സര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്തു രംഗത്തുവന്നുകഴിഞ്ഞു. വ്യവസായഭീമന്‍മാരുടെ ഇഷ്ടതോഴനായ നരേന്ദ്ര മോദി അവര്‍ക്ക് തന്റെ നടപടിയെക്കുറിച്ച് വിവരം നല്‍കിയെന്ന ആരോപണവുമുണ്ട്. നടനകലയില്‍ എത്ര നിപുണരായാലും നാടകങ്ങള്‍ എപ്പോഴും വിജയിച്ചുകൊള്ളണമെന്നില്ല. രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധം കേന്ദ്രഭരണകൂടത്തിന്റെ അപഥസഞ്ചാരത്തെയാണ് അടയാളപ്പെടുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss