|    Apr 21 Sat, 2018 8:39 pm
FLASH NEWS
Home   >  Editpage  >  Editorial  >  

എന്തിനാണ് നാം കാന്‍സറിനെ ഇത്രയധികം പേടിക്കുന്നത്?

Published : 2nd March 2016 | Posted By: SMR

കേരളം ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുള്ള ഒരു മേഖലയാണ് ചികില്‍സാരംഗം. നാടുനീളെ ഉയര്‍ന്നുവരുന്ന ആശുപത്രികള്‍ അതിനു തെളിവാണ്. ചെറിയ പട്ടണങ്ങളില്‍പ്പോലും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഉയരുന്നു. സാധാരണ രോഗങ്ങളുണ്ടാവുമ്പോള്‍പ്പോലും അതിസങ്കീര്‍ണവും വിദഗ്ധവുമായ പരിശോധനകള്‍ നടക്കുന്നു. ബോധവല്‍ക്കരണ ക്ലാസുകള്‍ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നു. ഭീതിയില്‍നിന്ന് മുതലെടുത്ത് പണം പിഴിഞ്ഞെടുക്കാന്‍ ചികില്‍സാ – മരുന്നു മാഫിയക്ക് സാധിക്കുന്നുമുണ്ട്.
മലയാളികളെ ഏറ്റവുമധികം പേടിപ്പിക്കുന്ന രോഗം കാന്‍സര്‍ തന്നെ. എന്നാല്‍, ഈ കാന്‍സര്‍ഭീതിക്ക് എത്രത്തോളം ന്യായീകരണമുണ്ട് എന്നൊന്ന് ആലോചിക്കുന്നതു നല്ലതാണ്. കേരളത്തില്‍ കാന്‍സര്‍ വര്‍ധിച്ചുവരുകയാണെന്നും ഭക്ഷണശീലം മുതല്‍ പ്ലാസ്റ്റിക് മാലിന്യം വരെ അതിനു കാരണമാണെന്നുമുള്ള മട്ടിലാണ് പ്രചാരണങ്ങളുടെ പോക്ക്. നാട്ടിലുടനീളം നടന്നുവരുന്ന കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ഈ ഭീതി വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഭീതിക്ക് വലിയ അടിസ്ഥാനമൊന്നുമില്ല എന്നതാണ് വസ്തുത. എണ്‍പതുകളുടെ ആദ്യത്തില്‍ ഒരുലക്ഷത്തിന് 90 എന്ന തോതിലായിരുന്നു കേരളത്തില്‍ കാന്‍സര്‍. ഇപ്പോള്‍ അത് 150 ആയി. മൂന്നുപതിറ്റാണ്ടുകളുടെ ജനസംഖ്യാ വര്‍ധനയുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ ഈ വര്‍ധന സ്വാഭാവികം മാത്രമാണ്. എന്നുമാത്രമല്ല, ഒരുലക്ഷത്തിന് 150 എന്ന നിരക്കിലുള്ള രോഗബാധ ആഗോളാടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കൂടുതലല്ലതാനും. അമേരിക്കയില്‍ ഒരുലക്ഷത്തിന് 455 എന്ന നിരക്കിലാണ് കാന്‍സര്‍ രോഗബാധ. ഇന്ത്യയില്‍ മൊത്തത്തില്‍ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് കാന്‍സര്‍രോഗത്തിലുള്ള വര്‍ധന. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നിട്ടും ചികില്‍സാസാക്ഷരത കൂടിയതിനാലാവണം കേരളം കാന്‍സറിന്റെ പിടിയിലമര്‍ന്നു എന്ന മട്ടിലാണ് നാം ആശങ്കകള്‍ പങ്കുവയ്ക്കുന്നത്; കാന്‍സറിനെതിരേ പോരാടാന്‍ ഇറങ്ങിത്തിരിക്കുന്നതും.
കാന്‍സര്‍രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതും രോഗം നേരത്തേ കണ്ടുപിടിക്കുന്നതുമൊക്കെ ചികില്‍സയെ സംബന്ധിച്ചിടത്തോളം നല്ലതു തന്നെ. എന്നാല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ അകാരണമായ രോഗഭീതിക്ക് കാരണമാവുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാ. പലപ്പോഴും ബോധവല്‍ക്കരണ ക്ലാസുകള്‍ക്കു വേണ്ട ഒത്താശ ചെയ്യുന്നതും അതിനു പണം മുടക്കുന്നതും മരുന്നുകമ്പനിക്കാരനാണുതാനും. രോഗനിര്‍ണയം നടന്നാല്‍ മരുന്നിനു വലിയ വിലയുണ്ടാവും. മരുന്നുപയോഗിച്ചുള്ള ചികില്‍സയ്ക്കു ലഭിക്കുന്ന പ്രാധാന്യം ഭക്ഷ്യശീലങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്തിക്കൊണ്ടുള്ള രോഗപ്രതിരോധത്തിന് ഒരിക്കലും ലഭിക്കുന്നുമില്ല. കാന്‍സര്‍രോഗത്തിനെതിരേ പ്രചാരണം നടത്താനും രോഗികളെ പരിചരിക്കാനുമുള്ള ആവേശത്തിനിടയില്‍ ജനകീയാരോഗ്യപ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss