|    Mar 18 Sun, 2018 1:23 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

എന്താണ് യഥാര്‍ഥ മതേതരത്വം?

Published : 24th January 2016 | Posted By: SMR

slug-enikku-thonnunnathuടി ദസ്തഖീര്‍, പാലക്കാഴി

സമൂഹത്തില്‍ ഓരോ കാലഘട്ടങ്ങളിലും വിവിധ വിഷയങ്ങള്‍ ഉരുത്തിരിഞ്ഞുവരുകയും ചിലത് ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യും. ചില വിഷയങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം മാഞ്ഞുപോവും. കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ കുറഞ്ഞ സമയം ചെലവഴിക്കുകയും ചിലത് ബോധപൂര്‍വം തമസ്‌കരിക്കുകയും ചെയ്യുന്നു. ചില പ്രശ്‌നങ്ങള്‍ നിസ്സാരവല്‍ക്കരിക്കപ്പെടുകയും അവയുടെ യാഥാര്‍ഥ്യം എന്താണെന്നു സമൂഹത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ദാദ്രിയിലെ കൊലപാതകവും ആ കൊലപാതകത്തിനു കാരണം മോഷണമാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിനെ മറ്റൊരു ദിശയിലേക്കു തിരിച്ചുവിടാന്‍ ചിലര്‍ നടത്തിയ ശ്രമവും അതിന് ഒരു ഉദാഹരണം മാത്രം. വര്‍ഷങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ് ഫാഷിസം, മതേതരത്വം, മതമൗലികത. ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നു. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഭരണത്തെയായിരുന്നു ഫാഷിസ്റ്റ് ഭരണരീതിയായി ചിത്രീകരിച്ചിരുന്നത്. എന്നാല്‍, കുറച്ചുകാലമായി ഇന്ത്യയിലെ ചില സംഭവങ്ങള്‍ ഫാഷിസമാണെന്നു നിര്‍വചിക്കേണ്ടിയിരിക്കുന്നു. അതിനു ഭരണരീതി തന്നെ വിലയിരുത്തണമെന്നില്ല എന്നതാണ് സമീപകാലത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ വിയോജിപ്പു കാരണം പാര്‍ട്ടി വിട്ടുപോവുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുമ്പോള്‍ അവരെ കായികമായി നേരിടുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടപ്പാക്കുന്നത് ഫാഷിസത്തിന്റെ നിര്‍വചനത്തില്‍ ഇടംപിടിച്ചിരിക്കുന്നു.
അതുപോലെത്തന്നെ ദാദ്രി സംഭവവും ഫാഷിസമാണ്. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി ഒരുകൂട്ടര്‍ ന്യൂനപക്ഷത്തെ ആക്രമിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന ഫാഷിസം. ആ അക്രമത്തെ ന്യായീകരിക്കുകയും പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടിത പാര്‍ട്ടി ഫാഷിസം. അങ്ങനെ സമീപകാലത്ത് ഫാഷിസത്തിന് യഥാര്‍ഥ നിര്‍വചനങ്ങള്‍ ഏറെയാണ്. ഒരാള്‍ ഒരു മതവിശ്വാസിയാണെന്നു പറയുമ്പോള്‍ അയാള്‍ താന്‍ വിശ്വസിക്കുന്ന മതത്തിന്റെ തത്ത്വങ്ങളും അതിന്റെ അന്തസ്സത്തയും മൂല്യവും അറിഞ്ഞിരിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ ഇതര മതങ്ങളോടുള്ള കാഴ്ചപ്പാട് എന്താണെന്ന് അറിഞ്ഞിരിക്കുകയും. അങ്ങനെയുള്ള ഒരു ബോധം ഉണ്ടായാല്‍ പിന്നെ ഇതര മതങ്ങളെക്കുറിച്ച് മോശമായ പരാമര്‍ശം നടത്താനോ അവരെ എതിര്‍ക്കാനോ മുതിരുകയില്ല. കാരണം, ഒരു മതവും മറ്റൊന്നിനെ ഇകഴ്ത്തിക്കാട്ടാനോ നിന്ദിക്കാനോ പഠിപ്പിക്കുന്നില്ല എന്നതു തന്നെ. ഒരു വിശ്വാസി താന്‍ വിശ്വസിക്കുന്ന ഭൂമികയില്‍ നിന്നുകൊണ്ട് മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറയാതിരിക്കുകയും തന്റെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ മതേതരവാദിയാവുന്നത്. പക്ഷേ, ഇന്ന് ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ചില സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ചു മാസം മുമ്പുണ്ടായ നിലവിളക്ക് വിവാദം അത്തരത്തിലുള്ള ഒന്നായിരുന്നു. വിശ്വാസിയായ ഒരാള്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ചടങ്ങില്‍നിന്നു വിട്ടുനിന്നപ്പോള്‍ മറ്റൊരാള്‍ അതിനെ വിമര്‍ശിച്ചു. ഒരാള്‍ മന്ത്രി, മറുഭാഗത്ത് പ്രശസ്തനായ സിനിമാതാരം. താരത്തെ പിന്തുണയ്ക്കാന്‍ ഒരുപാടുപേര്‍ മുന്നോട്ടുവന്നു. അദ്ദേഹത്തെ യഥാര്‍ഥ മതേതരവാദിയായി ചിത്രീകരിക്കുകയും ആദ്യത്തെയാളെ മതമൗലികവാദിയാക്കുകയും ചെയ്തു ചിലര്‍. അവിടെയാണ് മതേതരത്വം തെറ്റിദ്ധരിക്കപ്പെടുന്നത്. താന്‍ വിശ്വസിക്കുന്ന മതം ഒഴിച്ചുള്ളവയെ നിന്ദിക്കുകയും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനകര്‍മങ്ങളെയും അവര്‍ കഴിക്കുന്നതും ഉടുക്കുന്നതുമായ വസ്തുക്കളെയും തടയുകയും നിഷേധിക്കുകയും ചെയ്യുന്നതാണ് സമൂഹത്തിന് ആപല്‍ക്കരമായിരിക്കുന്ന സമീപനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss