|    Nov 22 Thu, 2018 2:05 am
FLASH NEWS
Home   >  Editpage  >  Lead Article  >  

എന്താണീ ശരീഅ കോടതികള്‍?

Published : 18th August 2018 | Posted By: kasim kzm

ഫൈസാന്‍ മുസ്തഫ

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ശരീഅയുടെ അടിസ്ഥാനത്തിലുള്ള മധ്യസ്ഥ സംവിധാനം ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ അതിനെതിരേ പലതരം വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. അനീതിയുടെ സമാന്തര വ്യവസ്ഥ, അനീതിയുടെ കോടതികള്‍ തുടങ്ങിയ പ്രയോഗങ്ങളായിരുന്നു പലരുടെ ലേഖനങ്ങളിലും കണ്ടിരുന്നത്. എന്നാല്‍, ജനപ്രിയ മുന്‍ധാരണകളോ അഭിപ്രായങ്ങളോ അല്ല ഒരു സംവിധാനത്തെ വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍. മുംബൈ നഗരത്തില്‍ കാനഡയിലെ കാള്‍ട്ടണ്‍ സര്‍വകലാശാലയിലെ ഗോപിക സോളങ്കി നടത്തിയ സര്‍വേയില്‍ പറയുന്നത്, കോടതിക്കു പുറത്തുള്ള പ്രശ്‌നപരിഹാര സംവിധാനം പ്രയോജനപ്പെടുത്തുന്നത് മുസ്‌ലിംകള്‍ മാത്രമല്ലെന്നാണ്. ശരീഅ കോടതികള്‍, ജാതി പഞ്ചായത്തുകള്‍, പൗരസമൂഹ സംഘടനകള്‍ തുടങ്ങി പല സ്ഥാപനങ്ങളും കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ട്. ശരീഅ കോടതികള്‍ ഇക്കാര്യത്തില്‍ ഒരപവാദമല്ല.
കുടുംബകോടതികളിലെത്തുന്ന കേസുകള്‍ താരതമ്യേന കുറവാണെന്നും മറ്റു സ്ഥാപനങ്ങളാണു തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതെന്നും സോളങ്കി ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, 1991-2001നും ഇടയ്ക്ക് കുടുംബകോടതി വഴി മുംബൈയില്‍ നടന്ന വിവാഹമോചനം ആയിരത്തില്‍ ഒന്നുപോലുമില്ല. മാത്രമല്ല, അവരുടെ പഠനത്തില്‍ നിന്നു വ്യക്തമായത് ശരീഅ കോടതികള്‍ വ്യവസ്ഥാപിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നാണ്. അവ അനൗപചാരികവും ചെലവു കുറഞ്ഞതുമാണ്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നത്. അത് ഇന്ത്യയില്‍ മാത്രമുള്ള ഒന്നല്ല. ബ്രിട്ടനില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടിലുള്ളത് യഹൂദര്‍ക്കും റോമന്‍ കത്തോലിക്കക്കാര്‍ക്കും കോടതിക്കു പുറത്തുള്ള തര്‍ക്കപരിഹാരകേന്ദ്രങ്ങള്‍ ഉണ്ടെന്നാണ്.
മുംബൈയിലെ ശരീഅ കോടതികള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്നു. സ്ത്രീധനം തിരിച്ചുപിടിക്കാനും വിവാഹമോചനത്തിന്റെ തെളിവു കരസ്ഥമാക്കാനും വിവാഹമോചനം തേടുന്നതിനും മുത്ത്വലാഖ് റദ്ദാക്കാനും ചിലപ്പോള്‍ ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ ദമ്പതികളെ ഒരുമിപ്പിക്കാനും അവ സഹായിക്കുന്നു. പലപ്പോഴും അവ മതനിയമങ്ങളും സര്‍ക്കാര്‍ നിയമങ്ങളും തമ്മില്‍ ഏകോപിപ്പിക്കുന്നു. ഉദാഹരണത്തിന്, 1939ലെ മുസ്‌ലിം സ്ത്രീയുടെ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകള്‍ തന്നെയാണ് ശരീഅ കോടതികള്‍ സ്ത്രീക്ക് വിവാഹമോചനം നല്‍കുന്നതില്‍ പിന്തുടരുന്നത്. അതായത് അവ മറ്റു വ്യവസ്ഥകളേക്കാള്‍ സ്ത്രീകളെ പിന്തുണയ്ക്കുന്നു. ഡല്‍ഹിയില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ കീഴിലുള്ള ദാറുല്‍ ഖദയും സര്‍ക്കാര്‍ കോടതികള്‍ പാലിക്കുന്ന വ്യവസ്ഥകള്‍ പിന്തുടരുന്നുവെന്നാണ് അമേരിക്കന്‍ ഗവേഷകനായ ജെഫ്‌റി റെഡിംഗിന്റെ പഠനവും വ്യക്തമാക്കുന്നത്. പല വിമര്‍ശകരും കരുതുന്നത് ഭരണകൂട നിയമങ്ങള്‍ ലിംഗനീതി പുലര്‍ത്തുന്നതും മതനിയമങ്ങള്‍ സ്ത്രീവിരുദ്ധവുമാണെന്നാണ്. എന്നാല്‍, ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കൃഷിഭൂമിയില്‍ സ്ത്രീകള്‍ക്ക് ഓഹരി ലഭിക്കുന്നില്ല. വി വേലുസാമി കേസില്‍ സുപ്രിംകോടതി തന്നെയാണ് ഹിന്ദുവായ രണ്ടാം ഭാര്യയെ വെപ്പാട്ടി എന്നു വിളിച്ചത്. മദ്രാസ് ഹൈക്കോടതി വിവാഹമോചിതയ്ക്ക് ജീവനാംശം ലഭിക്കാന്‍ അവര്‍ പതിവ്രതയായിരിക്കണമെന്ന് ഉത്തരവിട്ടത് മറക്കാറായിട്ടില്ല.
ദാറുല്‍ ഖദകള്‍ നിയമവിരുദ്ധമാക്കണമെന്ന ഹരജിയുമായി ബന്ധപ്പെട്ട വിഷ്ണുലോചന്‍ മദന്‍ കേസില്‍ (2014) സുപ്രിംകോടതി എന്തു പറഞ്ഞെന്നുപോലും വിമര്‍ശകര്‍ പരിഗണിക്കാറില്ല. “ കോടതി അതു പരിഗണിച്ചില്ല. അവ നിരോധിക്കണമെന്നു സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുമില്ല. പൊതുനിയമവും സ്വകാര്യ നിയമവും തമ്മില്‍ അന്തരമുണ്ട്. ശരീഅ കോടതിയെ സമീപിക്കുന്നതില്‍ നിന്ന് ഒരാളെ വിലക്കാനോ സിവില്‍ കോടതിയെ സമീപിക്കണമെന്നു നിര്‍ബന്ധിക്കാനോ സാധ്യമല്ല. ി

(ഹൈദരാബാദിലെ നല്‍സര്‍ ലോ
യൂനിവേഴ്‌സിറ്റി വൈസ്
ചാന്‍സലറാണു ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss