|    Dec 13 Thu, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എന്താണിത്ര തിടുക്കം?; അലോക് വര്‍മയെ സിബിഐ തലപ്പത്തു നിന്ന് മാറ്റിയതിനെതിരേ സുപ്രിംകോടതി

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തു നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത് എന്തിനാണെന്ന് സുപ്രിംകോടതി. സിബിഐയിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലല്ലോ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.
സിബിഐ മേധാവിസ്ഥാനത്തു നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹരജിയില്‍ ഇന്നലെ സുപ്രിംകോടതി വാദം പൂര്‍ത്തിയാക്കി. കേസ് വിധിപറയാന്‍ മാറ്റി.
പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുമായി ആലോചിക്കാതെ തിടുക്കത്തില്‍ സിബിഐ ഡയറക്ടറെ മാറ്റാന്‍ തക്ക എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് ഇന്നലെ കോടതി ആരാഞ്ഞത്. എന്നാല്‍, അടിയന്തര സാഹചര്യങ്ങളില്‍ അടിയന്തര നടപടികള്‍ വേണ്ടിവരുമെന്നായിരുന്നു ഇതിന് സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണം. അടിയന്തര സാഹചര്യത്തില്‍ തീരുമാനമെടുത്താല്‍ അതിനുശേഷം സമിതിയെ അറിയിക്കാമായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. അലോക് വര്‍മയ്‌ക്കെതിരായ നടപടിക്ക് കാരണമായ വിഷയങ്ങള്‍ ജൂലൈ മുതല്‍ നിലനില്‍ക്കുന്നതാണ്. പിന്നെ എന്തിനാണ് ഒക്ടോബര്‍ 23ന് അര്‍ധരാത്രി അടിയന്തരമായി നടപടിയെടുത്തത് തുടങ്ങിയ ചോദ്യത്തിന് കേന്ദ്രത്തിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
സിബിഐയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലടിക്കുകയായിരുന്നുവെന്ന മുന്‍വാദം ആവര്‍ത്തിക്കുക മാത്രമാണ് ഇന്നലെയും തുഷാര്‍ മെഹ്ത ചെയ്തത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലോക് വര്‍മയ്‌ക്കെതിരേ നടപടിയെടുത്തത്. അലോക് വര്‍മയോടും രാകേഷ് അസ്താനയോടും താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സാഹചര്യത്തിനു യോജിച്ച നടപടിയാണോ കേന്ദ്രം സ്വീകരിച്ചതെന്നായിരുന്നു ഇതിന് ജ. കെ എം ജോസഫിന്റെ ചോദ്യം. അലോക് വര്‍മയ്‌ക്കെതിരേ ഒരു പരാതി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും ജസ്റ്റിസ് ജോസഫ് ആരാഞ്ഞു. എന്നാല്‍, കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കോടതി കടക്കരുതെന്നും അങ്ങനെയെങ്കില്‍ പലതും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടിവരുമെന്നും തുഷാര്‍ മെഹ്ത പറഞ്ഞു.
അലോക് വര്‍മയ്‌ക്കെതിരായ വിജിലന്‍സ് കമ്മീഷന്‍ റിപോര്‍ട്ട് സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍, ആ റിപോര്‍ട്ട് തങ്ങള്‍ക്കു പരിഗണിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി അവര്‍ മടക്കുമായിരുന്നു. അതിനാലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss